ആഭ്യന്തര വിമാന സർവിസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യയും ഇൻഡിഗോയും; മുംബൈ, ഡൽഹി, ബംഗളൂരു റൂട്ടുകളിൽ പ്രതിസന്ധി രൂക്ഷമാവും

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനികളായ ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ ജൂൺ മുതൽ 250 ദൈനംദിന ആഭ്യന്തര വിമാന സർവീസുകൾ പിൻവലിക്കുന്നു. ഉയർന്ന ഇന്ധനച്ചെലവും യാത്രക്കാരുടെ കുറവുമാണ് ഇത്തരത്തിലുള്ള തീരുമാനത്തിനു പിന്നിലെന്ന് അധികൃതർ അറിയിച്ചു. ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള മാസങ്ങളിലാകും വിമാന സർവിസുകൾ വെട്ടിക്കുറക്കുക. വിമാന നിരക്കുകൾ ഇതിനകംതന്നെ കുത്തനെ ഉയർന്നിട്ടുണ്ട്.

നിരവധി കുടുംബങ്ങൾ വേനൽക്കാല അവധിക്കാലം ചെലവിടുന്നതിനും മറ്റ് വിനോദത്തിനുമായി യാത്ര ചെയ്യുന്ന സമയത്താണ് വിമാന കമ്പനികളുടെ ഈ തീരുമാനം. ആഭ്യന്തര വിനോദസഞ്ചാരമേഖലയിൽ വിമാന കമ്പനികളുടെ ഈ തീരുമാനം തിരിച്ചടിയുണ്ടാക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ജൂൺ, ജൂലൈ മാസങ്ങളിൽ എയർ ഇന്ത്യ ആഭ്യന്തര ഷെഡ്യൂളിന്റെ ഏകദേശം 22 ശതമാനമാണ് വെട്ടിക്കുറക്കുന്നത്. ഒരു ദിവസം ഏകദേശം 500 ആഭ്യന്തര വിമാന സർവിസുകൾ നടത്തുന്ന കമ്പനി ഇത് പ്രതിദിനം ഏകദേശം 110 വിമാന സർവിസുകളാക്കി കുറക്കും. പ്രതിദിനം 2200 ഓളം വിമാന സർവീസുകൾ നടത്തുന്ന ഇൻഡിഗോ ആഭ്യന്തര ശേഷി അഞ്ചുമുതൽ ഏഴ് ശതമാനം വരെയാണ് കുറക്കുക. അതായത് പ്രതിദിനം 110 വിമാന സർവിസുകൾ കുറയും.

അതേസമയം, എയർ ഇന്ത്യ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനവും ഓൾ-ഇക്കണോമി ക്ലാസ് മോഡലിൽ പ്രവർത്തിക്കുന്ന ലോ-കോസ്റ്റ് കാരിയറുമായ എയർ ഇന്ത്യ എക്സ്പ്രസ് ഏകദേശം 340 പ്രതിദിന ആഭ്യന്തര വിമാന സർവിസുകളിൽ 10 ശതമാനത്തോളം വെട്ടിക്കുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഇതുമൂലം മുംബൈ, ഡൽഹി, ബംഗളൂരു എന്നീ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാരാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കേണ്ടി വരിക. പ്രധാന കേന്ദ്രങ്ങൾ എന്ന നിലയിൽ ഈ നഗരങ്ങളെയാണ് വിമാനങ്ങളുടെ കുറവ് ഏറ്റവും കൂടുതൽ ബാധിക്കുക. മുംബൈയിൽനിന്ന് ജയ്പൂർ, ഗോവ, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, അഹമ്മദാബാദ്, നാഗ്പൂർ, പട്ന, ഭോപ്പാൽ എന്നിവിടങ്ങളിലേക്കുള്ള സർവിസുകൾ കുറയും. ഡൽഹിയിൽനിന്ന് ഗോവ, മുംബൈ, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, അഹമ്മദാബാദ്, ലഖ്‌നൗ, കൊച്ചി, കൊൽക്കത്ത എന്നിവിടങ്ങളിലേക്കുള്ള വിമാന സർവിസുകളെയും ബാധിക്കും.

Tags:    
News Summary - Air India IndiGo cut 250 domestic flights Mumbai Delhi Bengaluru worst hit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.