മസ്കത്ത്: ഇരുരാഷ്ങ്ങ്രളും തമ്മിലുള്ള സഹകരണങ്ങൾ ഊട്ടിയുറപ്പിച്ച് ഒമാൻ വിദേശകാര്യമന്ത്രിയുടെ സയ്യിദ് ബദര്‍ ബിന്‍ ഹമദ് ബിന്‍ ഹമൂദ് അല്‍ ബുസൈദി ഇന്ത്യ സന്ദർശനത്തിന് സമാപനമായി. ആദായ നികുതിയുമായി ബന്ധപ്പെട്ട വെട്ടിപ്പ് തടയാനും ഉടൻ ധാരണയിലെത്തും. ഇരട്ട നികുതി ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. ഇന്ത്യ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി ചര്‍ച്ച നടത്തിയ ശേഷം പുറത്തുവിട്ട സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യമുള്ളത്.
ഗ്രീന്‍ ഗ്രിഡ്സ് ഇനിഷ്യേറ്റീവുമായി ബന്ധപ്പെട്ട് പുതുക്കാവുന്ന ഊര്‍ജമേഖലയില്‍ സഹകരണത്തിനുള്ള ശേഷി ഇരു രാജ്യത്തിനുമുണ്ടെന്ന് മന്ത്രിമാര്‍ വിലയിരുത്തി. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ശാസ്ത്ര- സാങ്കേതികവിദ്യ സഹകരണ പദ്ധതിയിൽ ഒപ്പുവെക്കുന്നതിനെയും സ്വാഗതം ചെയ്തു. സമീപകാല പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ചും പരസ്പര താൽപര്യമുള്ള ആഗോള പ്രശ്നങ്ങളെക്കുറിച്ചും ഇരുവരും അഭിപ്രായങ്ങൾ കൈമാറി. പൊതുതാൽപര്യങ്ങൾ നേടിയെടുക്കുന്നതിനായി പ്രാദേശിക, അന്തർദേശീയ സംഘടനകളിലും ഫോറങ്ങളിലും ഒരുമിച്ച് പ്രവർത്തിക്കാനുള്ള ആഗ്രഹം ഇരുനേതാക്കളും പ്രകടിപ്പിച്ചു.
അയൽക്കാരെന്ന നിലയിൽ, സമുദ്ര മേഖലയിലെ സുരക്ഷക്ക് വേണ്ടിയുള്ള സഹകരണം വർധിപ്പിക്കാനും തീരുമാനമായി. ഗൾഫ്, യെമൻ, യുക്രെയ്ൻ എന്നിവിടങ്ങളിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും കൈമാറി. ബഹിരാകാശ, ഖനനം, സമുദ്രം, ശാസ്ത്ര സാങ്കേതിക മേഖലകളിൽ സംയുക്ത സഹകരണത്തിനുള്ള നിർദേശങ്ങൾ വേഗത്തിൽ നടപ്പാക്കാനുള്ള തീരുമാനത്തെ ഇരു മന്ത്രിമാരും സ്വാഗതം ചെയ്തു. കോവിഡ് കാലത്ത് ഇരു രാഷ്ട്രങ്ങളും തമ്മിൽ കൂടുതൽ സഹകരണത്തോടെയാണ് നീങ്ങിയത്. മഹാമാരിക്കാലത്ത് ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികളെ പരിപാലിച്ച ഒമാനോടുള്ള കടപ്പാട് ഇന്ത്യൻ വിദേശകാര്യമന്ത്രി അറിയിച്ചു. കോവിഡ് മരുന്നുകളും വെന്റിലേറ്ററുകളും ഓക്സിജനും മറ്റ് ഉപകരണങ്ങളും നല്കിയ ഇന്ത്യയോട് അല്‍ ബുസൈദി നന്ദി പറഞ്ഞു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിന് മേഖലയില്‍ ആദ്യമായി അംഗീകരിച്ച രാജ്യം സുൽത്താനേറ്റായിരുന്നു. മാത്രമല്ല എയര്‍ ബബ്ള് ക്രമീകരണം ഇരുരാജ്യത്തെയും പൗരന്മാര്ക്ക് വലിയ ആശ്വാസമാണ് നല്‍കിയത്. കോവിഡിന് മുമ്പുള്ള ശേഷിയില്‍ വാണിജ്യ വിമാന സര്‍വിസുകള്‍ പുനരാരംഭിക്കുന്ന ഇന്ത്യന്‍ തീരുമാനത്തെ സ്വാഗതം ചെയ്തു.
പ്രതിരോധ മേഖലയിലെ സഹകരണം തുടരും. വാണിജ്യ മന്ത്രിമാരുടെ ജോയന്റ് കമീഷന് യോഗം, വിദേശകാര്യ മന്ത്രിമാരുടെ ഇന്ത്യ- ഒമാന്‍ തന്ത്രപ്രധാന ഉപദേശക സംഘത്തിന്റെ യോഗം, തന്ത്രപ്രധാന കൂടിക്കാഴ്ച, തൊഴിലുമായി ബന്ധപ്പെട്ട സംയുക്ത വര്‍ക്കിങ് ഗ്രൂപ് എന്നിവ എത്രയും വേഗം ചേരാനും ധാരണയായി. ബുധനാഴ്ച ന്യൂഡൽഹിയിലെത്തിയ വിദേശകാര്യമന്ത്രിക്ക് ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്. ഇന്ത്യൻ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവുമായും ഇന്ത്യന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.