തന്റെ ഫാമിൽ ആബിദ് ഷാജഹാൻ
കാഞ്ഞിരപ്പള്ളി: മെക്കാനിക്കൽ എൻജിനീയർക്ക് പശുവളർത്തലിനോടാണ് താൽപര്യമെങ്കിൽ അത് വിജയിക്കട്ടെയെന്നാണ് മാതാപിതാക്കളുടെ പ്രാർഥന. കാഞ്ഞിരപ്പള്ളി വിഴിക്കിത്തോട് മേച്ചേരിൽ ആബിദ് ഷാജഹാനാണ് എൻജിനീയറിങ് മേഖല ഉപേക്ഷിച്ച് പശുവളർത്തലിലേക്ക് ചുവടുറപ്പിച്ചത്. നല്ലവരുമാനമുണ്ടായിരുന്ന ജോലി രാജിവെച്ച ആബിദ് ഇപ്പോൾ പശുക്കളുടെ ഫാം നടത്തുകയാണ്.
കാഞ്ഞിരപ്പള്ളി കൊരട്ടിയിൽ 32 സെന്റ് സ്ഥലം സ്വന്തമാക്കി 15 പശുക്കളെയും ഒപ്പംകൂട്ടി. നാലുവർഷം മുമ്പ് ആരംഭിച്ച പശുവളർത്തൽ ഫാം വാടകസ്ഥലത്താണ് പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ കാഞ്ഞിരപ്പള്ളി-എരുമേലി റോഡിലെ കൊരട്ടി- വെട്ടിക്കാപ്പള്ളി റോഡിലാണ് ഫാം. ദിനംപ്രതി 160-200 ലിറ്റർ പാൽ ലഭിക്കുന്നുണ്ട്. എരുമേലി-മുണ്ടക്കയം റോഡിലെ ചരളയിൽ പ്രവർത്തിക്കുന്ന സ്വന്തം ഔട്ട്ലറ്റിൽ പാൽ, തൈര്, നെയ്യ്, ഇതര പാൽ ഉൽപന്നങ്ങൾ വിൽക്കും. ബാക്കിവരുന്ന പാൽ സൊസൈറ്റിയിൽ നൽകും. ദിവസവും പുലർച്ചെ നാലിന് പശുക്കളെ കുളിപ്പിക്കും.
ഇതിനുശേഷം കറവ. പശുക്കളെ കറക്കാനും കുളിപ്പിക്കാനും പുല്ല് തിന്നുവാനും വെള്ളം കുടിക്കാനും ആധുനികസംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. പശുക്കൾക്ക് സംഗീതം ആസ്വദിക്കാനുള്ള സൗകര്യമുണ്ട്. പശുവളർത്തലിനും ഫാം നിർമാണത്തിനും ക്ഷീരവികസന വകുപ്പ്, വ്യവസായ വകുപ്പ്, ഖാദി ബോർഡ് എന്നിവയിൽനിന്ന് സാമ്പത്തികസഹായം ലഭിച്ചുവെന്ന് ആബിദ് പറഞ്ഞു.
മാതാപിതാക്കളായ ഷാജി ജബ്ബാർ, അൻസൽന, ഭാര്യ പാരിസ എന്നിവർ ഒപ്പമുള്ളത് ഏറെ പ്രചോദനമാണ്. എൻജിനീയർക്ക് എന്താ പശുത്തൊഴുത്തിൽ കാര്യമെന്ന് ചോദിക്കുന്നവരോട് മൃഗസ്നേഹവും വരുമാനമാർഗവുമെന്ന് അഭിമാനത്തോടെ പറയും ഈ യുവ ക്ഷീരകർഷകൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.