കാബേജ് നടുന്നുണ്ടെങ്കില്‍ ഇനി വൈകേണ്ട

ശീതകാല പച്ചക്കറികള്‍ നമ്മുടെ നാട്ടില്‍ കൃഷി ചെയ്യുമ്പോള്‍ പ്രഥമ പരിഗണന കാലാവസ്ഥക്കാണ്. സമയം വൈകുന്തോറും ശൈത്യം കുറയും, ഉല്‍പാദനവും. നവംബര്‍ തുടക്കം പറിച്ചുനടുന്നതാണ് കാബേജിനും കോളിഫ്ലവറിനും ഉത്തമം. ശീതകാല പച്ചക്കറിയാണെങ്കിലും ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് കാബേജ് കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത്. വെള്ളം കെട്ടിനില്‍ക്കാത്ത സ്ഥലം നിര്‍ബന്ധം. പുളിരസമുള്ള മണ്ണില്‍ കാബേജും കോളിഫ്ലവറും ഉല്‍പാദനം കുറയും.

സെന്‍റൊന്നിന് മൂന്നു കിലോഗ്രാം കുമ്മായമോ സോളറെമറ്റോ ചേര്‍ത്ത് മണ്ണൊരുക്കിയതിന് ശേഷം മാത്രമേ കാബേജ് തൈകള്‍ പറിച്ച് നടാവൂ. നന്നായി നനച്ചതിന് ശേഷം രണ്ടടി അകലത്തിലായി ചാലെടുത്തു വേണം തൈകള്‍ നടാന്‍. 20 മുതല്‍ 25 ദിവസം വരെ പ്രായമായ തൈകളാണ് നടാന്‍ ഉപയോഗിക്കേണ്ടത്. തൈകള്‍ക്ക് കടചീയല്‍ വരാതിരിക്കാന്‍ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി പുളിപ്പിച്ച ലായനി അത്രയും തന്നെ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ആഴ്ചയില്‍ രണ്ടു പ്രാവശ്യം ഒഴിച്ചുകൊടുത്താല്‍ ചെടികള്‍ പുഷ്ടിയോടെ വളരും.

മണ്ണിര കമ്പോസ്റ്റും ചാണകപ്പൊടിയും ഒരോ പിടി വീതം ചേര്‍ത്ത് മണ്ണ് കൂട്ടാനും ശ്രദ്ധിക്കണം. 20.20.20 രാസവള മിശ്രിതം രണ്ടര ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി രണ്ടില പ്രായം മുതല്‍ ആറാഴ്ച വരെ നല്‍കാം. വളര്‍ച്ചയുടെ തോതനുസരിച്ച് അളവ് കൂട്ടണം. നട്ട് മൂന്ന് മാസത്തിനുള്ളില്‍ വിളവെടുപ്പ് പൂര്‍ത്തിയാകും. കീടങ്ങളുടെ ആക്രമണം കാണുകയാണെങ്കില്‍ വേപ്പധിഷ്ഠിത കീടനാശിനികള്‍ തളിച്ചു കൊടുക്കാം.

കാബേജിന്‍റെയും കോളിഫ്ലവറിന്‍റെയും തൈകള്‍ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരള (വി.എഫ്.പി.സി.കെ)യുടെ വിപണന കേന്ദ്രങ്ങളില്‍ നിന്നും നവംബര്‍ ആദ്യവാരത്തില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712334480 നമ്പറില്‍ ബന്ധപ്പെടുക.

Tags:    
News Summary - cabbage farming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.