മാനന്തവാടി: ലോകബാങ്ക് സഹായത്തോടെ കൃഷി വകുപ്പും കോഫി ബോർഡും വയനാട്ടിൽ പദ്ധതി നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി കാപ്പി കർഷകർക്ക് നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കുക. ഇത് സംബന്ധിച്ച് ബോധവത്കരണം നടത്തി ആനുകൂല്യങ്ങൾ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാൻ കേര പദ്ധതിയിലെ ഉദ്യോഗസ്ഥരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും കോഫി ബോർഡ് ജോയന്റ് ഡയറക്ടർ ഡോ. എം. കറുത്തമണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
ആനുകൂല്യങ്ങൾ സംബന്ധിച്ച് അറിയിക്കാനും രജിസ്ട്രേഷൻ നടത്താനുമായി ആദ്യ താലൂക്കുതല മെഗാ ബോധവത്കരണ പരിപാടി തിങ്കളാഴ്ച രാവിലെ 10 മുതൽ മാനന്തവാടി എരുമത്തെരുവിൽ വയനാട് സോഷൽ സർവിസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടക്കും. കാപ്പി കർഷക രജിസ്ട്രേഷൻ നടത്താനുള്ള സൗകര്യവും ഇവിടെ ഏർപ്പെടുത്തും. ഇന്ത്യാ കോഫി ആപ്പ് രജിസ്ട്രേഷന് ഉച്ചക്ക് 12.30 വരെ സൗകര്യമുണ്ടായിരിക്കും.
കോഫി ബോർഡിന്റെ നിലവിലുള്ള പദ്ധതികളും സബ്സിഡികളും കൂടാതെയാണ് പുതിയ കേര പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ. കാപ്പി കർഷകർക്ക് നിലവിലുള്ള തോട്ടങ്ങളിൽ ജലസേചനത്തിന് സബ്സിഡി നൽകും. ഒരു ഹെക്ടറിന് 1,10,000 രൂപവരെ സബ്സിഡി ലഭിക്കും. സർട്ടിഫിക്കേഷൻ ചെലവുകൾക്ക് 75 ശതമാനം സബ്സിഡി നൽകും. തൈ ഉൽപാദനത്തിന് നഴ്സറിക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും സബ്സിഡിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.