ചങ്ങരംകുളം: നാട്ടിൽ സുപരിചിതമല്ലാത്ത പൊട്ടുവെള്ളരി കൃഷിയിറക്കിയ എറവറാംകുന്ന് പൈതൃക കർഷക സംഘം വിജയകരമായ വിളവെടുപ്പ് തുടങ്ങി. പച്ചക്കറിയും നെല്ലും തണ്ണിമത്തനും ഷമാമും കക്കിരിയുമെല്ലാം കൃഷി ചെയ്യുന്ന ഇവർ കൊടുങ്ങല്ലൂരിന് ഭൗമസൂചിക പദവി നേടിക്കൊടുത്ത പൊട്ടുവെള്ളരി കൃഷിയിലാണ് വിജയം കൊയ്തത്.
പൊട്ടുവെള്ളരി പ്രധാനമായും കൃഷിചെയ്യുന്നത് കൊടുങ്ങല്ലൂരിലും തൃശൂർ ജില്ലയിലെ മറ്റു ചില ഭാഗങ്ങളിലുമാണ്. കനത്ത വേനലിൽ ദാഹവും തളർച്ചയും ഉണ്ടാകാതിരിക്കാൻ പ്രകൃതിയുടെ അദ്ഭുത കനിയായാണ് പൊട്ടു വെള്ളരി അറിയപ്പെടുന്നത്. കായുടെ ഉള്ളിൽ ജലസമൃദ്ധമായ പൾപ്പാണ്.
ഇതിനു തനതായ രുചി ഇല്ല എന്നതാണ് പ്രധാന പ്രത്യേകത. അതിനാൽ ഏതു രുചിയും ഗന്ധവും കലർത്തി ഉപയോഗിക്കാം. നാളികേരപ്പാലോ പഞ്ചസാരയോ അല്ലെങ്കിൽ ശർക്കര മാത്രമായോ ചേർത്തുപയോഗിക്കുന്ന രീതിയാണ് പ്രചാരത്തിൽ. രോഗപ്രതിരോധശേഷി വർധിക്കാനും ചൂടുകാലത്ത് ശരീരത്തിന് തണുപ്പ് ലഭിക്കാനും ഇത് നല്ലതാണ്.
വേനൽ ആരംഭത്തില്‍ വെള്ളമൊഴിഞ്ഞ വയലുകളിലാണ് പൊട്ടുവെള്ളരി കൃഷിയിറക്കുന്നത്. നനവില്ലാത്ത മണല്‍കലര്‍ന്ന പൊടിമണ്ണാണ് കൃഷിക്ക് അനുയോജ്യം. കോള്‍പാടങ്ങളിലെ ചളികലര്‍ന്ന മണ്ണില്‍ വിളവുണ്ടാകില്ല. വെള്ളം കെട്ടിനില്ക്കാന് പാടില്ല. ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന നെല്പാടങ്ങളാണ് കൃഷിക്കായി തെരഞ്ഞെടുക്കേണ്ടത്.
തുള്ളിനനയാണ് ആവശ്യം. വലിയ മുതൽമുടക്ക് വേണ്ടാത്ത കൃഷിയാണിത്. വിത്തിട്ടാൽ 22ാം ദിവസം കായ വിരിഞ്ഞു തുടങ്ങും. 47 ദിവസം കഴിഞ്ഞാൽ വിളവെടുപ്പു തുടങ്ങാം. 65ാം ദിവസം വിളവ് പൂർണമായും തീർന്നിട്ടുണ്ടാവും. പല സമയങ്ങളിലായി വിത്തിട്ട് എല്ലാദിനവും വിളവെടുക്കാവുന്ന വിധത്തിലാണ് കര്‍ഷകര്‍ കൃഷിചെയ്യുന്നത്.
പാകമായാല്‍ ഉടനെ ഉപയോഗിച്ചില്ലെങ്കില്‍ പൊട്ടിയടര്‍ന്നു പോകും. പാകമായ പൊട്ടുവെള്ളരി സ്വയം വിണ്ടുകീറി അടര്ന്നുപൊടിഞ്ഞു പോകുന്നതിനാലാണ് പൊട്ടുവെള്ളരി എന്ന പേരുലഭിച്ചത്. ഒരു വെള്ളരിക്കയ്ക്ക് അര കിലോ മുതല്‍ അഞ്ച് കിലോ വരെ തൂക്കം വരെ വളര്‍ച്ചയുണ്ടാകാറുണ്ട്. സുഹൈർ, എൻ.എം. അബ്ബാസ്, സബാഹുസ്സലാം, ഇ.എച്ച്. സാഹിർ, ഇഎച്ച്. ഉബൈദ്, ഇം.എം. മൂസ എന്നീ യുവകർഷകരാണ് ഈ കർഷക കൂട്ടായ്മയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.