വീട്ടുവളപ്പിൽ ഇനി തണ്ണീർ മത്തൻ ദിനങ്ങൾ; വിത്തുപാകാൻ തയാറെടുത്തോളൂ...

നമ്മുടെ ശരീരത്തിന് ഒരുപാട് ഗുണങ്ങൾ നൽകുന്ന ഒന്നാണ് തണ്ണിമത്തൻ. പ്രത്യേകിച്ചും ചുട്ടുപൊള്ളുന്ന വേനൽക്കാലത്ത്. തണ്ണിമത്തനിൽ അടങ്ങിയ ഉയർന്ന അളവിലുള്ള ജലാംശം ഡി ഹൈഡ്രേഷൻ ഒഴിവാക്കാനും ശരീര താപനില നിയന്ത്രിക്കാനും സഹായിക്കും. ഇവയിലടങ്ങിയ വൈറ്റമിൻ എ, സി, ലൈക്കോപീൻ, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

കടയിൽ നിന്നും വാങ്ങുന്നതിന് പകരം സ്വന്തമായി കൃഷി ചെയ്ത് കഴിക്കുന്ന തണ്ണിമത്തനാണ് ആരോഗ്യത്തിന് കൂടുതൽ ഗുണകരം. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന തുറസ്സായ ഏതുസ്ഥലത്തും തണ്ണിമത്തൻ നടാം. കേരളത്തില്‍ ഒക്ടോബർ മുതല്‍ മാര്‍ച്ച് വരെയുള്ള സമയങ്ങളിലാണ് തണ്ണിമത്തന്‍ നടുന്നത്. നല്ല പരിചരണം കിട്ടിയാൽ സമൃദ്ധമായി വിളവ് തരുന്ന കൃഷിയാണിത്.

എന്തൊക്കെ ശ്രദ്ധിക്കണം?

തണ്ണിമത്തൻ കൃഷിക്ക് നീർവാർച്ചയുള്ള മണ്ണ് വേണം തിരഞ്ഞെടുക്കാൻ. കൃഷി ചെയ്യുന്നതിന് മുമ്പ് നിലം നന്നായി ഉഴുതുമറിക്കുകയും കുമ്മായവും അടിവളവും ചേർത്ത് സൂര്യതാപീകരണത്തിന് വിധേയമാക്കുകയും ചെയ്യണം. വിത്തുകൾ പാകി മുളച്ച ശേഷം ആരോഗ്യമുള്ള രണ്ടോ മൂന്നോ തൈകൾ മാത്രം നിർത്തി ബാക്കിയുള്ളവ നീക്കം ചെയ്യുക. തൈകൾ പടർന്നു വളരാൻ തുടങ്ങുമ്പോൾ ഓല വിരിച്ച് അതിന്മേൽ പടർത്തുന്നത് നല്ലതാണ്. ഈർപ്പം നിലനിർത്താനും വേനൽക്കാലത്ത് കടുത്ത സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷണം നൽകാനും തടങ്ങളിൽ കരിയിലകൾ ഇടാവുന്നതാണ്.

നിലമൊരുക്കൽ

കളകള്‍ ചെത്തി മാറ്റി കിളച്ച് പരുവപ്പെടുത്തിയ സ്ഥലത്ത് മൂന്ന് മീറ്റര്‍ അകലത്തായി രണ്ട് മീറ്റര്‍ ഇടവിട്ട് കുഴിയെടുക്കണം. 60 സെന്റിമീറ്റർ നീളവും 60 സെന്റിമീറ്റർ വീതിയും 45 സെന്റിമീറ്റർ താഴ്ചയുള്ള കുഴികളാണ് എടുക്കേണ്ടത്.

തൈകൾ തിരഞ്ഞെടുക്കൽ

ഗുണനിലവാരമുള്ള തണ്ണിമത്തൻ വിത്തുകൾ കേരള കാർഷിക സർവകലാശാലയുടെ മണ്ണുത്തി ഫാമിൽ ലഭിക്കും. ഐ.എച്ച്.ആർ ബാംഗ്ലൂരിൽ നിന്നും വിവിധ കമ്പനികളിൽ നിന്നുള്ള ഹൈബ്രിഡ് വിത്തുകളും ഇന്ന് ലഭ്യമാണ്. കേരളത്തില്‍ കൃഷി ചെയ്യപ്പെടുന്ന ‘ഷുഗര്‍ ബേബി’ എന്ന ഇനത്തിന് ഒരു ഏക്കറിലേക്ക് 500 ഗ്രാം വിത്ത് ആവശ്യമായി വരും. നഴ്സറി വഴിയും തൈകൾ ലഭ്യമാണ്.

എന്തെല്ലാം ഇനങ്ങള്‍?

വലിപ്പത്തിലും നിറത്തിലും സ്വാദിലും വ്യത്യാസമുള്ള ഒട്ടനവധി ഇനങ്ങള്‍ ഇന്ന് ലഭ്യമാണ്. ഇതില്‍ കേരളത്തിനു യോജിച്ച ഏതാനും ഇനങ്ങളുടെ പേരും പ്രത്യേകതകളും ഇവയാണ്.

-ഷുഗര്‍ ബേബി: ശരാശരി അഞ്ചു കിലോ തൂക്കം വരുന്ന കായകളുടെ പുറം തൊണ്ടിന് ഇരുണ്ട നിറവും അകക്കാമ്പിന് കടും ചുവപ്പു നിറവുമാണ്. വിളവെടുക്കാൻ മൂന്നു മുതല്‍ നാല് മാസം വരെ സമയമെടുക്കും. ഏക്കറിന് 60 ടണ്ണാണ് ഇതിന്റെ ഉല്‍പാദന ക്ഷമത. ഇടത്തരം വലിപ്പമുള്ള കായകളുടെ തൊണ്ടിന് കട്ടി കുറവാണ്.

-അര്‍ക്കാ മാനിക്ക്: കായ്കള്‍ ആറു കിലോഗ്രാം വരെ തൂക്കം വരും. ഇളം പച്ച നിറത്തില്‍ കടും പച്ച നിറത്തിലുള്ള വരകളോടു കൂടിയ കായകളാണിവ.

അനുയോജ്യമായ വളപ്രയോഗങ്ങൾ

ജൈവവളങ്ങള്‍ ഉപയോഗിച്ച് കൃഷി ചെയ്യുന്നതാണ് ഏറ്റവും ഫലപ്രദം. രാസവളങ്ങളുടെ അമിതപ്രയോഗം കായ് പൊട്ടുന്നതിന് കാരണമായേക്കാം. തടത്തില്‍ വിത്തിടുന്നതിന് മുന്‍പ് അടിവളമായി രണ്ടു കിലോഗ്രാം ചാണകപ്പൊടി 250 ഗ്രാം എല്ലുപൊടിയുമായി ചേർത്ത് ഇളക്കിയതിന് ശേഷം തടം മൂടണം. രോഗപ്രതിരോധ ശേഷിയും മണ്ണിന്റെ വളക്കൂറും വർധിപ്പിക്കാൻ ഇതോടൊപ്പം കാൽ കിലോ വേപ്പിന്‍ പിണ്ണാക്ക് കൂടി ചേര്‍ക്കുന്നത് നല്ലതാണ്. മൂന്നാഴ്ച കഴിയുമ്പോൾ (വിത്ത് മുളച്ച് മൂന്നോ നാലോ ഇലകൾ വരുന്ന സമയത്ത്) മൂന്ന് കിലോ മണ്ണിര കമ്പോസ്റും 100 ഗ്രാം കടലപ്പിണ്ണാക്കും മേല്‍വളമായി നൽകാം. ഒരു മാസം പിന്നിടുമ്പോൾ വള്ളി പടരാൻ തുടങ്ങുന്ന സമയത്ത് മൂന്ന് കിലോ മണ്ണിര കമ്പോസ്റ്റ് കൂടി ചേര്‍ത്ത് മണ്ണ് കൂട്ടിക്കൊടുക്കണം.

മണ്ണിര കമ്പോസ്റ്റ് ഇല്ലെങ്കിൽ പകരം കമ്പോസ്റ്റോ മറ്റ് ജൈവവളങ്ങളോ ചേർത്താലും മതി.

നന വേണം

തണ്ണിമത്തൻ കൃഷിക്ക് അമിതമാകാതെ ജലസേചനം ആവശ്യമാണ്. തൈ മുളച്ച ശേഷം രണ്ടോ മൂന്നോ ദിവസത്തിലൊരിക്കല്‍ നനച്ചുകൊടുക്കാം. കായ്ച്ചു തുടങ്ങിയാൽ മണ്ണിലെ ഈർപ്പത്തിന്റെ അളവനുസരിച്ച് നന കുറക്കാം. മണ്ണിൽ ഈര്‍പ്പം കൂടിയാൽ കായകൾ പൊട്ടും. മധുരം കുറയുകയും ചെയ്യും.

ചെടികള്‍ക്ക് പടരാനും കായകള്‍ക്ക് ചൂടേല്‍ക്കാതിരിക്കാനും യഥാസമയം പുതയിട്ടുകൊടുക്കണം.

രോഗപ്രതിരോധവും പരിപാലനവും

തണ്ണിമത്തൻ കൃഷിയിൽ രോഗസാധ്യത കുറവാണെങ്കിലും വെള്ളരിവര്‍ഗ വിളകളെ ആക്രമിക്കുന്ന മത്തന്‍ വണ്ട്, കായീച്ച എന്നിവ വിരളമായി തണ്ണിമത്തനേയും ആക്രമിക്കാറുണ്ട്. ആക്രമണം രൂക്ഷമാണെങ്കിൽ ബി വേറിയ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി കായ്കളിൽ തളിച്ചാൽ മതി.

വിളവെടുക്കല്‍ എപ്പോൾ?

35-45 ദിവസം പ്രായമാകുമ്പോൾ കായ്കൾ പറിക്കാം. വിത്ത് നട്ട് 40-45 ദിവസം ആകുമ്പോൾ പെണ്‍പൂക്കള്‍ വിരിഞ്ഞു തുടങ്ങും. ഒരു വിളയുടെ ശരാശരി ദൈര്‍ഘ്യം 90നും120നും ഇടയിലുള്ള ദിവസങ്ങളാണ്. വിളവെടുക്കാറായ കായ്കളോട് ചേര്‍ന്നുള്ള വള്ളികള്‍ വാടിത്തുടങ്ങും. നിലത്തു തൊട്ടുകിടക്കുന്ന കായ്കളുടെ അടി ഭാഗത്തെ വെള്ള നിറം ഇളം മഞ്ഞയായി മാറും. നന്നായി വിളഞ്ഞ കായ്കളില്‍ വിരല്‍ കൊണ്ടു ഞൊട്ടുമ്പോള്‍ പതുപതുത്ത ശബ്ദം കേള്‍ക്കാം.

Tags:    
News Summary - You can grow watermelon in your own backyard.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.