ചെടിയുടെ ദാഹമറിഞ്ഞ് വെള്ളം നല്‍കാന്‍ സംവിധാനം; പുതു കൃഷിരീതികളുമായി എ.ഡി.എഫ്.സി.എ

അബൂദബി: അബൂദബി എമിറേറ്റിന്‍െറ കാര്‍ഷിക പുരോഗതിക്ക് വലിയ സംഭാവനകള്‍ അര്‍പ്പിച്ച് അബൂദബി ഭക്ഷ്യനിയന്ത്രണ അതോറിറ്റി (എ.ഡി.എഫ്.സി.എ). അതോറിറ്റിയുടെ കീഴില്‍ നടക്കുന്ന ഗവേഷണ പദ്ധതികള്‍ കൃഷി സുഗമമാക്കാനും ഉല്‍പാദനം വര്‍ധിപ്പിക്കാനും ഏറെ ഉപകരിക്കുന്നവയാണ്. കൃഷിക്ക് ആവശ്യമായ വെള്ളം എപ്പോള്‍ എത്ര അളവില്‍ നല്‍കണമെന്ന് സ്വയംനിയന്ത്രിത സംവിധാനത്തിലൂടെ നിര്‍ണയിച്ച് ജലസേചനം നടത്തുന്ന സംവിധാനം ഏറെ ശ്രദ്ധേയമാണ്. വയര്‍ലെസ് സാറ്റലൈറ്റ് സെന്‍സറുകളാണ് ഈ സംവിധാനത്തിന്‍െറ പ്രധാന ഭാഗം. ഈ സെന്‍സറുകള്‍ കാലാവസ്ഥയും കൃഷിയുടെ ഇനവും പരിഗണിച്ച് ആവശ്യമായ വെള്ളം കണക്കാക്കുന്നു. ഈ കണക്കനുസരിച്ചുള്ള ജലം തൈകള്‍ക്ക് ലഭിക്കും.
വെള്ളം ആവശ്യമായ സമയവും വെള്ളത്തിന്‍െറ അളവും നിര്‍ണയിക്കാന്‍ കഴിയുന്ന സംവിധാനം കൃഷിയില്‍നിന്നുള്ള ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. കൂടാതെ മനുഷ്യാധ്വാനം കുറക്കാനും ജലം പാഴാക്കുന്നത് ഒഴിവാക്കാനും ഇതുമൂലം സാധിക്കുന്നു.  ഈ സംവിധാനം സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതും പ്രധാനമാണ്. 
പരമ്പരാഗത ഊര്‍ജത്തില്‍നിന്നുള്ള മാറിനടത്തം പരിസ്ഥിതി സൗഹൃദ ഊര്‍ജ ഉപഭോഗ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റം കൂടിയാണ്. ജല സുസ്ഥിരതയുമായും പുനരുപയുക്ത ഊര്‍ജവുമായും ബന്ധപ്പെട്ട് കാര്‍ഷിക മേഖലയിലുള്ള വെല്ലുവിളികളെ നേരിടാനുള്ള നിരവധി സംരംഭങ്ങളാണ് എ.ഡി.എഫ.സി.എയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.  സൗരോര്‍ജം ഉപയോഗിച്ച് ഭൂഗര്‍ഭ ജലത്തില്‍നിന്ന് ഉപ്പ് വേര്‍തിരിച്ച് ജലസേചനത്തിന് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഗവേഷണ പദ്ധതിയും അതോറിറ്റിയുടെ കീഴില്‍ നടന്നുവരുന്നു. കൃഷി കൂടുതല്‍ ലാഭകരമാക്കാന്‍ വേണ്ടി അബൂദബിയിലെ ഉപ്പ് കൂടിയ വെള്ളം ശുദ്ധീകരിച്ച് കൃഷിക്ക് ഉപയുക്തമാക്കാന്‍ കര്‍ഷര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാണ് പദ്ധതി. പരമ്പരാഗത ഊര്‍ജങ്ങള്‍ക്ക് പകരം സൗരോര്‍ജം ഉപയോഗിക്കുന്നതിനാല്‍ ചെലവ് കുറഞ്ഞ രീതിയില്‍ ജലസേചനം സാധ്യമാവും. നോര്‍ദിക് ഇന്നവേഷന്‍സുമായി ചേര്‍ന്നാണ് എ.ഡി.എഫ്.സി.എ ഇതിനുള്ള പദ്ധതി തയാറാക്കുന്നത്.
തേനീച്ചകൃഷി സംബന്ധിച്ചും നിരവധി പഠനങ്ങള്‍ എ.ഡി.എഫ്.സി.എ നടത്തുന്നുണ്ട്. തേനീച്ചകളെ ഭക്ഷിക്കുന്ന പക്ഷികള്‍ക്കെതിരെ സൗരോര്‍ജ കെണികള്‍ ഒരുക്കിയാണ് അതോറിറ്റി ശ്രദ്ധേയമാകുന്നത്. 
News Summary - uae agriculture program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.