കട്ടപ്പന: ജില്ലയിൽ തേയില പച്ചക്കൊളുന്ത് ഉൽപാദനം വർധിക്കുകയും വില ഉയരുകയും ചെയ്തതോടെ ചെറുകിട തേയില കർഷകർ പ്രതീക്ഷയിൽ. ജില്ലയിലെ തേയില പച്ചക്കൊളുന്ത് ഉൽപാദനം മുൻ മാസങ്ങളായി താരതമ്യം ചെയ്താൽ ഇരട്ടിയായി വർധിക്കുകയും വില ഗുണമേന്മയനുസരിച്ച് കിലോഗ്രാമിന് 18 മുതൽ 26 രൂപ വരെയായാണ് ഉയർന്നത്.
വാഗമൺ, ഉപ്പുതറ, തോപ്രാംകുടി, കാൽവരിമൗണ്ട്, പൂപ്പാറ, മൂന്നാർ, ദേവികുളം, ചിന്നക്കനാൽ സൂര്യനെല്ലി, വണ്ടിപ്പെരിയാർ, പീരുമേട്, ചപ്പാത്ത്, എലപ്പാറ, അണക്കര തുടങ്ങിയ മേഖലകളിലെല്ലാം തേയില പച്ചക്കൊളുന്ത് ഉൽപാദനം കുത്തനെ ഉയർന്നു. കാലാവസ്ഥ അനുകൂലമായതാണ് ഉൽപാദനം വർധിക്കാനിടയാക്കിയത്. പതിവിന് വിപരീതമായി ഈ വർഷം മേയ് ആദ്യം മുതൽ മഴ ലഭിച്ചതോടെ തേയിലത്തോട്ടങ്ങളിൽ കൊളുന്ത് ഉൽപാദനം ഉയർന്നു. ഇതോടെപ്പം വിലയും വർധിച്ചത് കർഷകർക്ക് അനുഗ്രഹമായി.
ചെറുകിട തേയില കർഷകർ ഉൽപാദിപ്പിക്കുന്ന പച്ചക്കൊളുന്തിന് കിലോക്ക് 16 മുതൽ 20 രൂപ വരെയാണ് ഏജന്റുമാർ നൽകുന്നത്. എന്നാൽ, വൻകിട തേയില ഫാക്ടറി ഉടമകൾ ഏജന്റുമാർ കൊണ്ടുവന്നു നൽകുന്ന പച്ചക്കൊളുന്തിന് കിലോക്ക് 24 മുതൽ 26 രൂപ വരെ വില നൽകുന്നുണ്ട്.
ചെറുകിട തേയില കർഷകർ നേരിട്ട് ഫാക്ടറികളിൽ കൊളുന്ത് എത്തിച്ചാൽ തിരിച്ചയക്കുകയോ, ഗുണനിലവാരം മോശമാണെന്നു പറഞ്ഞ് ഏജന്റുമാർ നൽകുന്നതിലും കുറഞ്ഞ വില നൽകുകയും ചെയ്യും. ഏജന്റുമാരും ഫാക്ടറി ഉടമകളും തമ്മിലുള്ള ഒത്തുകളിയാണ് ചെറുകിട തേയില കർഷകർക്ക് തിരിച്ചടിയാകുന്നത്. ഏജന്റുമാർക്ക് തേയില ഫാക്ടറി ഉടമകൾ നൽകുന്ന വില ഒരിക്കലും ഏജന്റുമാർ കർഷകർക്ക് നൽകാറില്ല.
കൊളുന്തിൽ മൂത്ത ഇല കൂടുതലാണെന്നോ, മോശം കൊളുന്താണെന്നോ പറഞ്ഞു വിലയിടിക്കുന്ന സമീപനമാണ് ഏജന്റുമാരും ഫാക്ടറി ഉടമകളും സ്വീകരിക്കുന്നത്. ഏജന്റുമാർ കൊള്ളലാഭം നേടുമ്പോൾ കർഷകർക്ക് കിട്ടുന്നത് തുച്ഛമായ വിലയാണ്. മുമ്പ് ലഭിച്ചിരുന്ന കിലോക്ക് എട്ടു മുതൽ 14 രൂപയുമായി തട്ടിച്ചു നോക്കുമ്പോൾ ഇപ്പോൾ ലഭിക്കുന്നത് മെച്ചപ്പെട്ട വിലയാണ്. ഗുണനിലവാരമുള്ള നല്ല പച്ചക്കൊളുന്തിന് കിലോക്ക് 16 മുതൽ 20 രൂപ വരെ ചില ഏജന്റുമാർ കർഷകർക്ക് നൽകുന്നുണ്ട്. സ്ഥിരമായി പച്ചക്കൊളുന്ത് ഏജന്റുമാർക്ക് നൽകുന്ന കർഷകർക്കാണ് ഈ വില ലഭിക്കുന്നത്.
വിലയിൽ ഉണ്ടായ ഈ ഉയർച്ചയാണ് ചെറുകിട തേയില കർഷകരിൽ പ്രതീക്ഷ ഉയർത്തുന്നത്. ഇപ്പോഴത്തെ വില തുടർന്നു ലഭിച്ചാൽ ഈ വർഷം തേയില കൃഷിയിൽനിന്ന് മെച്ചപ്പെട്ട വരുമാനം കർഷകർക്ക് ലഭിക്കും. തേയിലച്ചെടികളിൽ കാണുന്ന രണ്ടിലയും പൊൻതിരിയുമാണ് ഗുണമേന്മ കൂടിയ പച്ചക്കൊളുന്ത്. ചെടിയിൽ വളർന്നുനിൽക്കുന്ന കൊളുന്തിന്റെ ഏറ്റവും മുകളിഭാഗത്തുള്ള കുമ്പും (പൊൻതിരി), അതിനോട് ചേർന്ന രണ്ട് തളിർ ഇലയും അടങ്ങുന്ന ഭാഗമാണ് രണ്ടിലയും പൊൻതിരിയും എന്ന പേരിൽ അറിയപ്പെടുന്നത്.
ഇതാണ് ഏറ്റവും ഗുണനിലവാരമുള്ള പച്ചക്കൊളുന്ത്. ഈ കൊളുന്ത് ഫാക്ടറികളിൽ പ്രത്യേകം സംസ്കരിച്ചാണ് ഉയർന്ന തേയിലപ്പൊടി ഉണ്ടാക്കുന്നത്. ഇതിന് മാർക്കറ്റിൽ കിലോക്ക് 1000 മുതൽ 5000 രൂപ വരെ വിലയുണ്ട്. ഗുണനിലവാരം കുറഞ്ഞ തേയിലപ്പൊടിക്ക് കിലോക്ക് 150 രൂപ മുതൽ 400 രൂപ വരെയാണ് വില. നുള്ളിയെടുക്കുന്ന ഗുണമേന്മയേറിയ പച്ചക്കൊളുന്ത് സംസ്കരിച്ച് കയറ്റുമതി നടത്തുകയാണ് പതിവ്. അവശേഷിക്കുന്ന പച്ചക്കൊളുന്ത് സംസ്കരിച്ചു പൊടിയാക്കി ലേലത്തിന് വെക്കുകയും ലോക്കൽ മാർക്കറ്റിൽ വിറ്റഴിക്കുകയും ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.