ഫാത്തിമ മാതാ നാഷനൽ കോളജിലെ സസ്യശാസ്ത്ര വിദ്യാർഥികളുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ് ആയ 'ബയോ മെർക്കാറ്റസ്' ഉൽപാദിപ്പിച്ച അലങ്കാര, ഔഷധ സസ്യങ്ങൾ കോളജ് കാമ്പസിൽ വിൽപന നടത്തുന്നു
കൊല്ലം: വിവിധ വർണ -വർഗ സസ്യങ്ങൾക്കും മൂല്യവർധിത ഉത്പന്നങ്ങൾക്കും സ്റ്റാർട്ടപ്പിലൂടെ പുതുവിപണിയൊരുക്കി വിജയം നേടി കോളജ് വിദ്യാർഥികൾ. ഫാത്തിമ മാതാ നാഷണൽ കോളജ് സസ്യശാസ്ത്രവിഭാഗം വിദ്യാർഥികളാണ് ‘ബയോമെർക്കാറ്റസ്’ എന്ന സ്റ്റാർട്ടപ്പിലൂടെ കാർഷിക ഉത്പന്നങ്ങളുടെ വിപണന സംരംഭം ആരംഭിച്ചത്. പൊതുസമൂഹത്തിന് ഗുണമേന്മയുള്ള കാർഷിക ഉത്പന്നങ്ങൾ എത്തിക്കുകയാണ് ലക്ഷ്യം.
ടിഷ്യു കൾച്ചറൽ ചെടികൾ, ഇൻഡോർ ചെടികളുടെ തൈകൾ, മൂല്യവർധിത ഭക്ഷ്യ ഉത്പന്നങ്ങൾ, ജൈവ വളം എന്നിവയാണ് ആദ്യഘട്ടത്തിൽ വിദ്യാർഥികൾ ഈ സംരംഭത്തിലൂടെ വിൽക്കുന്നത്. ഗ്രീൻവിറ്റ എന്ന പേരിൽ മൈക്രോഗ്രീൻ, പ്ലാന്റുറ എന്ന പേരിലുള്ള ഏത്തക്ക-ഗോതമ്പ്പൊടി, ന്യൂട്രാഗ്രീൻ എന്ന ബയോ ഫെർട്ടിലൈസർ എന്നിങ്ങനെ ഗുണമേന്മയേറിയ ഉത്പന്നങ്ങൾ ഇവിടെ തയാറാക്കുന്നുണ്ട്. വാഴപ്പിണ്ടി ചേർത്തുള്ള ദോശമാവ് പോലുള്ള വ്യത്യസ്ത ഉത്പന്നങ്ങളും വിദ്യാർഥികൾ ഈ സംരംഭത്തിലൂടെ ഉപഭോക്താക്കൾക്കായി ഒരുക്കുന്നു.
സ്വന്തം വീടുകളിലെ ജൈവ മാലിന്യം വളമാക്കിയാണ് വിദ്യാർഥികൾ ജൈവവളമായി എത്തിക്കുന്നത്. ഇതിന്റെ വിൽപനയിലൂടെ ലഭിക്കുന്ന വരുമാനം അവർക്കുതന്നെ പങ്കിട്ടുനൽകും. സംരംഭം ആരംഭിക്കുന്നതിന് മാനേജ്മെന്റ് സാമ്പത്തിക പിന്തുണ നൽകിയിരുന്നു. ഇപ്പോൾ, ഉത്പന്നങ്ങൾ വിറ്റുകിട്ടുന്ന ലാഭമാണ് പ്രധാന പ്രവർത്തന മൂലധനം.
സ്റ്റാർട്ടപ്പിന്റെ രണ്ടാംഘട്ട വിൽപന വ്യാഴാഴ്ച കാമ്പസിൽ സംഘടിപ്പിച്ചപ്പോഴും വൻവിജയമായി. വിദ്യാർഥികൾ ഉത്പാദിപ്പിച്ച അലങ്കാര ചെടികൾ, ഔഷധ ചെടികൾ, പഴവർഗ ചെടികൾ എന്നിവയാണ് ഇത്തവണ വിൽപ്പനക്ക് ഉണ്ടായിരുന്നത്. ബോട്ടണി വിഭാഗം എച്ച്.ഒ.ഡി ഡോ. പി.എൻ. ഷൈജുവിന്റെ നേതൃത്വത്തിൽ അധ്യാപകരും പിന്തുണനൽകി വിദ്യാർഥികൾക്കൊപ്പമുണ്ട്. എല്ലാ മാസവും വ്യത്യസ്തമായ കാർഷിക ഉത്പന്നങ്ങളുമായി വിൽപന വിപണി കീഴടക്കാനുള്ള പ്രയത്നത്തിലാണ് വിദ്യാർഥികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.