ആ​ലു​വ സം​സ്ഥാ​ന വി​ത്തു​ൽ​പാ​ദ​ന കേ​ന്ദ്ര​ത്തി​ലെ നെ​ൽ​വ​യ​ൽ

വരുന്നു,ഫാം ടൂറിസം; മാറ്റത്തിനൊരുങ്ങി സംസ്ഥാന വിത്തുൽപാദന കേന്ദ്രം

ആലുവ: കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ് പെരിയാറിനാൽ ചുറ്റപ്പെട്ട സംസ്ഥാന വിത്തുൽപാദന കേന്ദ്രം. കാർഷിക മേഖലയിൽ എന്നും മാതൃകയായി മുന്നിൽ നിൽക്കുന്ന ഫാമിൽ ഫാം ടൂറിസത്തിന് വഴിതുറക്കും. ടൂറിസം സാധ്യത മുൻനിർത്തി അടിമുടി മാറ്റത്തിന് ഒരുങ്ങുകയാണ് വിത്തുൽപാദന കേന്ദ്രം. കേരളത്തിലെ ഏക ജൈവ സർട്ടിഫൈഡ് ഫാമായ തുരുത്ത് ഫാമിനെ കാർബൺ ന്യൂട്രൽ ഫാമായി പ്രഖ്യാപിക്കാനുള്ള ഒരുക്കം അവസാനഘട്ടത്തിലാണ്.

വിത്തിന്‍റെ ആവശ്യം കഴിഞ്ഞ് മിച്ചം വരുന്ന നെല്ല് മൂല്യവർധനയിലൂടെ പലതരം ഉൽപന്നങ്ങളാക്കി ഇവിടെനിന്ന് വില്‍പന നടത്തുന്നുണ്ട്. പൂര്‍ണമായും ജൈവരീതിയിലാണ് ഇവിടെത്തെ കൃഷി. തവിട് നിലനിര്‍ത്തിയാണ് ജീവനി അരിയും രക്തശാലി അരിയും പുട്ടുപൊടിയും അവിലും അടക്കം ഉൽപന്നങ്ങള്‍ തയാറാക്കുന്നത്. ജൈവകൃഷിക്കാര്‍ക്കായി ഫാമിലെ നാടന്‍ പശുക്കളുടെ ചാണകം, ഗോമൂത്രം, ശീമക്കൊന്ന ഇല എന്നിവ ഉപയോഗിച്ച് വളര്‍ച്ചക്ക്‌ ആവശ്യമായ പോഷകങ്ങൾ നൽകുന്ന പഞ്ചഗവ്യം, കുണപ്പജല, വെര്‍മിവാഷ്, അമിനോഭിഷ് എന്നിവയും ജീവാണു വളമായ മൈക്കോറൈസ, കീടവികര്‍ഷിണിയായ എക്‌സ്‌പ്ലോഡ് എന്നിവയെല്ലാം ഓര്‍ഡര്‍ പ്രകാരം ഇവിടെനിന്ന് നല്‍കുന്നുണ്ട്. സീസണനുസരിച്ച് മഞ്ഞൾപൊടി, റാഗി, ചിയ വെളിച്ചെണ്ണ, മത്സ്യം, മുട്ട എന്നിവയും ഇവിടെ വില്‍പനക്കായി ലഭ്യമാക്കാറുണ്ട്.

നടപ്പാക്കുന്നത് ഒമ്പത് കോടിയുടെ വികസന പ്രവർത്തനങ്ങൾ

ആലുവ: സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിൽ വിവിധ വികസന പ്രവർത്തനങ്ങൾക്കായി ഒമ്പത് കോടി രൂപ അനുവദിച്ച് പ്രവർത്തനങ്ങളുടെ ടെൻഡർ നടപടി പൂർത്തിയായി കഴിഞ്ഞതായി അൻവർ സാദത്ത് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ് എന്നിവർ ആലുവ പാലസ് ഗെസ്റ്റ് ഹൗസിൽ നടന്ന വാർത്തസമ്മേളനത്തിൽ അറിയിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം തന്നെ യാത്രസൗകര്യങ്ങളും ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം നടപ്പാക്കുന്നത്. ഫാമിലേക്ക് പാലവും ബോട്ട് ജെട്ടിയും മതിൽക്കെട്ടുകളും റോഡുകളും തൊഴുത്തും നിർമിക്കാൻ കൃഷി വകുപ്പിന്‍റെ ആർ.ഐ.ഡി.എഫ് ഫണ്ടിൽനിന്ന് 6.7 കോടി രൂപയാണ് അനുവദിച്ചത്. കൊച്ചിൻ ഷിപ്യാർഡിന്‍റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് 20 ലക്ഷം രൂപയുടെ പുതിയ ബോട്ട് വാങ്ങും. ശതാബ്ദി കവാടത്തിൽ ജില്ല പഞ്ചായത്ത് 50 ലക്ഷം രൂപ വകയിരുത്തി ബോട്ട് ജെട്ടി സ്ഥാപിക്കും. ഫാമിന്‍റെ തൂമ്പത്തോട് വശത്തുള്ള അതിർത്തി സംരക്ഷണഭിത്തി കെട്ടി സംരക്ഷിച്ച് ഇവിടെ മറ്റൊരു ബോട്ട്ജെട്ടി നിർമിക്കും.

കാലടി- ദേശം റോഡിൽനിന്ന് തൂമ്പക്കടവിലേക്ക് അപ്രോച് റോഡ് നിർമിക്കാനും തുക അനുവദിച്ചിട്ടുണ്ട്. ഊർജ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ഫാമിൽ സോളാർ പാനൽ സ്ഥാപിക്കാനും ഓഫിസ് പ്രവർത്തനങ്ങൾ സൗരോർജത്തിലാക്കാനും ജില്ല പഞ്ചായത്ത് നാല് ലക്ഷം രൂപ അനർട്ടിന് കൈമാറി. ഓഫിസും ജലസേചന സൗകര്യങ്ങളുമടക്കം എല്ലാ വൈദ്യുതി ആവശ്യങ്ങളും സൗരമേല്‍ക്കൂര സ്ഥാപിച്ച് അതിലൂടെ പ്രവര്‍ത്തിപ്പിക്കും. വാർത്തസമ്മേളനത്തിൽ ജില്ല പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എം.ജെ. ജോമി, ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സെബ മുഹമ്മദാലി, ഉപസമിതി ചെയർമാൻ നൗഷാദ് പാറപ്പുറം, വാർഡ് അംഗം നഹാസ് കളപ്പുരയിൽ, ജില്ല പഞ്ചായത്ത് സെക്രട്ടറി പി.എസ്. ടിംപിൾ മാഗി, കൃഷി ഡെപ്യൂട്ടി ഡയറക്ടർ തോമസ് സാമുവൽ, ജില്ല പഞ്ചായത്ത് ഫിനാൻസ് ഓഫിസർ ജോബി തോമസ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - State Seed Production Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.