കൂൺകൃഷി പ്രേമം; ചിരിയുടെ രാജകുമാരൻ നേരിട്ടെത്തി

അരൂർ: കൂൺ കൃഷിയോട് പ്രേമം മൂത്ത് ചിരിയുടെ രാജകുമാരനായ ശ്രീനിവാസൻ അരൂരിലുമെത്തി. 2012 ഒക്ടോബറിലാണ് എരമല്ലൂർ തട്ടാരൂപറമ്പിൽ ഷൈജിയുടെ വീട്ടുവളപ്പിൽ ആധുനികരീതിയിൽ നടത്തുന്ന കൂൺകൃഷി കാണാൻ നടൻ വന്നത്. എറണാകുളത്തെ ഷൂട്ടിങ് തിരക്കിനിടയിൽ നിന്ന് ഉച്ച സമയത്തായിരുന്നു വരവ്. മമ്മൂട്ടി നായകനായ ജവാൻ ഓഫ് വെള്ളിമല എന്ന സിനിമയുടെ ഷൂട്ടിങ് എറണാകുളത്ത് നടക്കുമ്പോഴാണ് ശ്രീനിവാസൻ എരമല്ലൂരിൽ എത്തിയത്. വിഷമില്ലാത്ത പച്ചക്കറിയുടെ പ്രചാരകരായി മാറിയ കാലം. ശ്രീനിവാസൻ കൂൺകൃഷി ആരംഭിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് മുളന്തുരുത്തിയിലെ കൃഷി ഓഫിസറോടൊപ്പം ഷൈജിയുടെ കൂൺ കൃഷി നേരിൽ കാണാനെത്തിയത്. ഫിലിം അസോസിയേറ്റ് ഡയറക്ടർ ജോഷിയും ഒപ്പമുണ്ടായിരുന്നു.

കൂൺ കൃഷിയുടെ മികവിൽ ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ച ഷൈജിയുടെ കൃഷിയിടത്തിൽ അന്ന് 700കൂൺ ബെഡുകളുണ്ട്. ഇതെല്ലാം നേരിൽ കണ്ടപ്പോൾ കൂൺ കൃഷി ഉടൻ തുടങ്ങുമെന്ന് തീരുമാനിച്ചാണ് ശ്രീനിവാസൻ മടങ്ങിയത്. കൂൺ കൃഷി രീതികൾ, വിത്ത് ഉൽപാദനം, ബെഡ് നിർമാണം, അന്തരീക്ഷം, മാർക്കറ്റിങ് തുടങ്ങി സകല കാര്യങ്ങളും ചോദിച്ചറിഞ്ഞു. തന്‍റെ കണ്ടനാട്ടെ വീട്ടുവളപ്പിൽ കഴിഞ്ഞവർഷം കോളിഫ്ലവർ, കാബേജ് കൃഷികൾ നടത്തിയത് വൻ വിജയമായിരുന്നെന്നും ശ്രീനിവാസൻ പറഞ്ഞു.

ഷൈജി കൂൺകൊണ്ട് വിവിധതരം വിഭവങ്ങൾ തയാറാക്കിയപ്പോൾ ഓരോന്നും രുചിച്ച് ഉരുളക്കുപ്പേരി എന്നോണം തമാശകൾ പറഞ്ഞ് പൊട്ടിച്ചത് ഷൈജിയുടെ കുടുംബം ഇപ്പോഴും ഓർക്കുകയാണ്. കൂൺ വിഭവങ്ങളായ കട്ലറ്റ്, ചമ്മന്തിപ്പൊടി, അച്ചാർ എന്നിവയെല്ലാം ശ്രീനിവാസൻ ഏറെ ഇഷ്‌ടത്തോടെ കഴിച്ചു. രണ്ട് കിലോ കൂണും വാങ്ങിയാണ് ശ്രീനിവാസൻ ഷൈജിയുടെ കൃഷിയിടത്തിൽ നിന്നു മടങ്ങിയത്. കൂൺ കട്ലറ്റ് കഴിക്കാൻ ഇനിയും എത്തുമെന്ന് പറഞ്ഞാണ് ശ്രീനിവാസൻ അന്ന് കാറിൽ കയറിയത്.

Tags:    
News Summary - sreenivasan memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.