ഏത്തവാഴക്കുലകളിൽ പുള്ളിരോഗം? കർഷകർ ആശങ്കയിൽ

നിലവിൽ ഏത്തക്കുലകൾ വിലയിടിഞ്ഞതിനാൽ വിറ്റഴിക്കാൻ കർഷകർ ഏറെ പ്രയാസപ്പെടുകയാണ്. അതിന് പുറമെയാണ് രോഗബാധ ഭീഷണിയും. കഴിഞ്ഞ ഒരുവർഷത്തിനിടയിലാണ് ഏത്തൻ വാഴകളിൽ പുള്ളിക്കുത്തുകൾ കണ്ടുവരാൻ തുടങ്ങിയതെന്ന് കർഷകർ പരാതിപ്പെടുന്നു. മുമ്പ് ചിലയിടങ്ങളിൽ മാത്രമായിരുന്നു ഇത് കണ്ടുവന്നിരുന്നതെങ്കിൽ ഇപ്പോൾ വ്യാപകമായുണ്ട്.

പാമ്പാടി: വിലയിടിവിന് പുറമേ മൂപ്പെത്തിയ ഏത്തവാഴക്കുലകളിൽ പുള്ളിക്കുത്തുകൾ വ്യാപകമാകുന്നത് കർഷകരിൽ കടുത്ത ആശങ്ക വർധിപ്പിക്കുന്നു. ഏതെങ്കിലും രോഗമാണോ ഇതെന്ന ആശങ്കയാണ് അവർ പ്രകടിപ്പിക്കുന്നത്. ഈ പുള്ളിക്കുത്തുകൾ കാരണം വാഴക്കുലകൾ വിറ്റഴിക്കുന്നതിന് കർഷകർ ഏറെ ബുദ്ധിമുട്ടനുഭവിക്കുകയാണ്. ഇതുകാരണം ഇത്തരം വാഴക്കുലകൾ വാങ്ങാൻ കച്ചവടക്കാർ തയാറാകുന്നില്ലെന്നും ഉപഭോക്താക്കൾ ഇത്തരം കായകൾ വാങ്ങാൻ കൂട്ടാക്കാത്തതാണ് പ്രശ്നമെന്ന് കർഷകരും പറയുന്നു.

പഴത്തിന്റെ രുചിയെ ഇത് ബാധിക്കുന്നില്ലെങ്കിലും പുറത്തുകാണുന്ന പുള്ളികുത്തുകൾ മൂലം കച്ചവടക്കാർ വാങ്ങാൻ തയാറാകുന്നില്ല. കുല മൂപ്പ് എത്താറാകുമ്പോൾ മുതലാണ് ഇത്തരം പാടുകൾ കണ്ടുവരുന്നത്. തുടർന്ന് ഇത് പുള്ളികുത്തുകളായി മാറുകയാണ്. വാവലുകൾ വാഴച്ചുണ്ടിലെ തേൻ കുടിക്കാൻ എത്തുമ്പോൾ അവയുടെ നഖം കൊള്ളുന്നത് മൂലമാണ് ഇത്തരം പാടുകൾ ഉണ്ടാകുന്നതെന്ന് ചിലർ പറയുന്നു. കുഴിപ്പുള്ളി രോഗം എന്ന കുമിൾ രോഗമാണ് ഇതെന്ന് മറ്റ് ചിലരും പറയുന്നു. ജില്ലയിൽ വലിയ പ്രതീക്ഷയോടെ ഏത്തവാഴ കൃഷി നടത്തിയ കർഷകർ ഇപ്പോൾ ആകെ ആശങ്കയിലാണ്.

ഉൽപാദിപ്പിച്ച വാഴക്കുലകൾ വിലയിടിവ് മൂലം വിറ്റഴിക്കാൻ സാധിക്കാത്ത സാഹചര്യം നിലവിലുണ്ട്. വാഴക്കുലകൾ സംഭരിച്ച് വിപണനം നടത്താൻ ഹോർട്ടികോർപിന്‍റെ ഉൾപ്പെടെ സംവിധാനങ്ങൾ കർഷകർ ആവശ്യപ്പെടുകയാണ്. അതിനിടെയാണ് രോഗബാധയെന്ന ആശങ്കയും. ആ സാഹചര്യത്തിൽ കൃഷി വകുപ്പിലെ വിദഗ്ധർ ഈ വിഷയത്തിൽ പരിശോധന നടത്തി വാഴക്കുലകളിൽ കാണുന്ന പുള്ളിക്കുത്തുകൾ എന്താണെന്നതിൽ വ്യക്തത വരുത്തണമെന്നും ഉപഭോക്താക്കളുടെ ആശങ്ക ദൂരീകരിക്കണമെന്നുമുള്ള ആവശ്യമാണ് കർഷകർ ഉന്നയിക്കുന്നത്. ഈ സ്ഥിതി തുടരുകയാണെങ്കിൽ ജില്ലയിൽ ഏത്തവാഴ കൃഷി നശിക്കുമെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Spot disease on banana plants? Farmers are worried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.