ആഴക്കടൽ മത്സ്യങ്ങളെ വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കൽ; സിഫ്റ്റും സി.എം.എഫ്.ആർ.ഐയും സാധ്യതാ പഠനത്തിന്

കൊച്ചി: ഇന്ത്യയുടെ ആഴക്കടൽ മത്സ്യസമ്പത്ത് ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള സാധ്യതകൾ പഠിക്കുന്ന സംയുക്ത ഗവേഷണ പദ്ധതിക്ക് തുടക്കമായി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെയും (സി.എം.എഫ്.ആർ.ഐ) കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനത്തിന്റെയും (സിഫ്റ്റ്) പങ്കാളിത്തത്തിലാണ് പദ്ധതി.

ഇന്ത്യൻ സമുദ്രാതിർത്തിയിലെ ആഴക്കടലിൽ ഗണ്യമായ മത്സ്യസമ്പത്തുണ്ട്. എന്നാൽ, ഇവ പിടിക്കപ്പെടാതെ കിടക്കുകയാണ്. ഇരുന്നൂറ് മീറ്റർ മുതൽ ആയിരം മീറ്റർ വരെ ആഴമുള്ള ഭാഗങ്ങളിൽ കാണപ്പെടുന്ന മിസോപെലാജിക് മത്സ്യങ്ങളുടെ അളവും സുസ്ഥിരമായി പിടിക്കാവുന്ന രീതികളും അവയുടെ വ്യാവസായിക സാധ്യതകളുമാണ് പഠന വിധേയമാക്കുന്നത്. എന്നാൽ, ഈ മത്സ്യങ്ങൾ മനുഷ്യർക്ക് ഭക്ഷ്യയോഗ്യമല്ല. അതേസമയം, മത്സ്യത്തീറ്റ നിർമാണം, ന്യൂട്രാസ്യൂട്ടിക്കൽ ഉൽപാദനം തുടങ്ങി നിരവധി വ്യാവസായിക ആവശ്യങ്ങളിൽ ഇവ ഉയോഗിക്കാനാകും.

മത്സ്യത്തീറ്റക്ക് ഇവയെ ഉപയോഗിക്കുന്നതിലൂടെ ഈ ആവശ്യങ്ങൾക്ക് തീരക്കടലുകളിലെ മത്തി പോലുള്ള വാണിജ്യമത്സ്യങ്ങളെ അമിതമായി ആശ്രയിക്കുന്നത് തടയാനാകും. തീരക്കടലുകളിലെ മീനുകളിന്മേലുള്ള അമിത സമ്മർദം ഒഴിവാക്കി സുസ്ഥിരത മെച്ചപ്പെടുത്തലും സംയുക്ത പദ്ധതിയുടെ ലക്ഷ്യമാണ്.

മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ എന്നിവരുമായി സഹകരിച്ച് പരീക്ഷണാടിസ്ഥാനത്തിലാണ് ഒരു വർഷം നീണ്ടുനിൽക്കുന്ന പഠനത്തിന് തുടക്കമിട്ടിരിക്കുന്നത്. ഗവേഷണ ഫലം അനുസരിച്ചായിരിക്കും വൻതോതിൽ ഈ മത്സ്യസമ്പത്ത് വിനിയോഗിക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നൽകുക. പ്രധാനമന്ത്രി മത്സ്യസമ്പദ് യോജനക്ക് കീഴിൽ നാഷണൽ ഫിഷറീസ് ഡെവലപ്‌മെന്റ് ബോർഡാണ് (എൻ.എഫ്.ഡി.ബി) സാധ്യതാ പഠനത്തിന് സാമ്പത്തിക സഹായം നൽകുന്നത്. പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കി ഈ മത്സ്യസമ്പത്ത് വാണിജ്യമായി ഉപയോഗിക്കുന്നതിനുള്ള സാധ്യതകൾ പഠനവിധേയമാക്കും.

ഇന്ത്യൻ സമുദ്രാതിർത്തിയിൽ ഏകദേശം 20 ലക്ഷം ടൺ മിസോപെലാജിക് മത്സ്യസമ്പത്തുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇവയുടെ ലഭ്യത, ജീവശാസ്ത്രം, സ്റ്റോക് നിർണയം തുടങ്ങിയവ ശാസ്ത്രീയമായി വിലയിരുത്തുമെന്ന് സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് പറഞ്ഞു. ഇന്ത്യൻ സമുദ്രമത്സ്യ മേഖലയിൽ നിർണായക ചുവടുവെപ്പാണിതെന്നും അദ്ദേഹം പറഞ്ഞു.

മൂല്യവർധിത ഉൽപാദനരംഗത്ത് മികച്ച സാധ്യതകളാണ് ഈ മത്സ്യസമ്പത്തിനുള്ളതെന്ന് സിഫ്റ്റ് ഡയറക്ടർ ഡോ ജോർജ് നൈനാൻ പറഞ്ഞു. ഒമാൻ ഉൾപ്പെടെ പല രാജ്യങ്ങളിലെയും വ്യവസായങ്ങളുടെ നട്ടെല്ലാണ് ഈ മേഖലയെന്നും അദ്ദേഹം പറഞ്ഞു.

സി.എം.എഫ്.ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സുജിത തോമസാണ് പദ്ധതിയുടെ പ്രിൻസിപ്പൽ ഇൻവസ്റ്റിഗേറ്റർ. സിഫ്റ്റ് പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. രമേശൻ എം.പി ലീഡ് ഇൻവെസ്റ്റിഗേറ്ററാണ്.

Tags:    
News Summary - SIFT and CMFRI to conduct feasibility study on industrial use of deep-sea fish

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.