???? ???????? ????? ????

ഹസാവി; ലോകത്തെ ഏറ്റവും വിലയേറിയ അരിയുടെ നാമം 

ദമ്മാം: സൗദി അറേബ്യയുടെ ഭക്ഷണത്തളികയാണ് അല്‍ അഹ്സ. രാജ്യത്തിന്‍െറ ഭക്ഷ്യോല്‍പാദനത്തിന്‍െറ നല്ളൊരുഭാഗവും സംഭാവന ചെയ്യുന്നത് കിഴക്കന്‍ മേഖലയിലെ ഈ മരുപ്പച്ചയാണ്. പ്രകൃതി വിസ്മയമെന്ന നിലയില്‍ യുനെസ്കോയുടെ ലോക പൈതൃക സ്ഥാന പട്ടികയിലേക്ക് വരെ സ്ഥാനം പ്രതീക്ഷിച്ചിരിക്കുന്ന പ്രവിശ്യയുടെ അഭിമാനമാണ് ഹസാവി. ലോകത്തെ ഏറ്റവും വലിയ മരുപ്പച്ചയും 10,000 ഹെക്ടറിലേറെ വിസ്തൃതിയുള്ള കാര്‍ഷിക മേഖലയുമായ അല്‍ അഹ്സയുടെ തനത് നെല്ലിനം. 30 ലക്ഷത്തിലേറെ ഈന്തപ്പനകളാണ് അഹ്സയിലുള്ളത്. ഈ ഈന്തപ്പനത്തണലില്‍ വിളയുന്ന അതി വിശിഷ്ടമായ ഹസാവി ചുവപ്പരി ലോകത്തെ തന്നെ ഏറ്റവും വിലയേറിയ അരി ഇനങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്നു. നിലവില്‍ സൗദി അറേബ്യയില്‍ കിലോക്ക് 50 റിയാലിന് മുകളിലാണ് ഹസാവി അരിയുടെ വില. 

ഞാര്‍ നടീല്‍
 

അഹ്സയിലെ പ്രത്യേക കാലാവസ്ഥയില്‍, തനത് രീതികളില്‍ വളര്‍ത്തപ്പെടുന്ന ഹസാവിയുടെ പരിപാലനം ഏറെ ശ്രമകരമാണെന്ന് കര്‍ഷകനായ താഹിര്‍ അല്‍ അഖാര്‍ പറയുന്നു. ഈന്തപ്പനതോട്ടങ്ങളിലും അതിന് ചാരെയുമാണ് കൂടുതലും ഹസാവി പാടങ്ങള്‍ ഉള്ളത്. മുളപ്പിച്ച ഞാറുകള്‍ പൂര്‍ണമായും വെള്ളത്തില്‍ മുക്കിയിടുകയാണ് ആദ്യഘട്ടം. മാറ്റി നട്ടുകഴിഞ്ഞാല്‍ ആഴ്ചയില്‍ അഞ്ചുദിവസം വെച്ച് കൃത്യമായി വെള്ളം ഒഴിച്ചുകൊടുക്കണം. നാലുമാസം കൊണ്ട് വിളവെടുക്കാം. പൊതുവെ ചൂടുകൂടിയ ഇടങ്ങളിലാണ് ഹസാവി നന്നായി വളരുന്നത്. താപനില 48 ഡിഗ്രിയില്‍ എങ്കിലും എത്തിയാലേ മികച്ച വിളവും രുചിയും ലഭിക്കുകയുള്ളു. ചൂട് കുറഞ്ഞാല്‍ ഗുണവും കുറയും. ഒരേസമയം ചൂടും കൃത്യമായ ജലസേചനവുമാണ് ഹസാവിയുടെ ഗുണമേന്മയെ നിര്‍ണയിക്കുന്നത്. ധാരാളം വെള്ളം ഉപയോഗിക്കുന്ന ഇനവുമാണ് ഹസാവി. ദീര്‍ഘകാലത്തേക്ക് അതിന്‍െറ വേരുകള്‍ വെള്ളം ശേഖരിച്ച് വെക്കുന്നു. അതുകൊണ്ട് തന്നെ നന്നായി ജലാംശമുള്ള പ്രദേശങ്ങളിലാണ് അല്‍അഹ്സയിലെ കര്‍ഷകര്‍ ഹസാവി കൃഷിചെയ്യുന്നത്. 

ഹസാവി അരി
 

ജലലഭ്യത കുറഞ്ഞുവരുന്നതിനാല്‍ കൃഷിയിടങ്ങള്‍ ചുരുങ്ങുന്നത് നെല്‍കൃഷിയെയും അടുത്തിടെയായി ബാധിച്ചിട്ടുണ്ട്. വര്‍ഷംതോറും ഹസാവി പാടങ്ങളുടെ വിസ്തൃതി കുറഞ്ഞുവരികയാണ്. പോഷക സമൃദ്ധമാണ് ഹസാവി അരി. കാര്‍ബോ ഹൈഡ്രേറ്റ്സ്, പ്രോടീന്‍, ഫൈബര്‍ തുടങ്ങിയവയുടെ കലവറയാണിത്. വാതം, അസ്ഥിസംബന്ധമായ മറ്റ് അസുഖങ്ങള്‍ എന്നിവക്ക് കണ്‍കണ്ട ഒൗഷധവും. പ്രസവം കഴിഞ്ഞയുടന്‍ സ്ത്രീകള്‍ക്ക് ആരോഗ്യം വീണ്ടെടുക്കാനായി ഹസാവി അരി വിഭവങ്ങള്‍ നല്‍കാറുമുണ്ട്. വിപണിയില്‍ ഏറെ ആവശ്യക്കാരുണ്ടെങ്കിലും ഹസാവി അരി കുറച്ചുമാത്രമാണ് വില്‍പനക്ക് എത്താറുള്ളത്. കൂടുതലും പ്രാദേശികമായി തന്നെ വിറ്റുപോകുകയാണ്. ഇതിന്‍െറ ഒൗഷധഗുണം കണ്ടറിഞ്ഞ് സൗദിയുടെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ അരി വാങ്ങാനായി ഇവിടെ എത്താറുമുണ്ട്. 

Tags:    
News Summary - saudi rice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.