നെൽകൃഷിക്ക് മഞ്ഞളിപ്പ് ബാധിച്ച പാലിയാണയിലെ പാടങ്ങളിലൊന്ന്
മാനന്തവാടി: വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വലിയ പടശേഖരങ്ങളായ കരിങ്ങാരി, കക്കടവ്, പാലിയാണ എന്നിവിടങ്ങളിൽ നെൽകൃഷിക്ക് മഞ്ഞളിപ്പും ഓലകരിച്ചലും വ്യാപകമാകമായതോടെ കർഷകർ ആശങ്കയിൽ. മുഞ്ഞ എന്ന കീടം പടർന്നുപിടിച്ചതോടെ മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ ഏക്കർ കണക്കിന് നെൽകൃഷി നശിച്ചിരുന്നു. കൃഷിഭവനിൽ നിന്ന് ലഭ്യമാക്കിയ ഉമ വിത്തും കർഷകർ സംഭരിച്ച, ആയിരം കണ, വൈശാഖ് തുടങ്ങിയ വിത്തിനങ്ങളുമാണ് കർഷകർ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പാടങ്ങളിൽ കൃഷിക്ക് ഉപയോഗിച്ചത്. പാലിയാണയിൽ ചാലിൽ പത്മനാഭൻ, എ. സച്ചിദാനന്ദൻ എന്നിവരുടെയും, കക്കടവിൽ ആക്കാന്തിരിൽ ജോർജ്, പി.വി. ജോസ്, കരിങ്ങാരിയിൽ കരിന്തോളിൽ മത്തായി, കാപ്പിൽ സിജോ, പ്ലാത്തോട്ടത്തിൽ ബിജു എന്നിവരുടെ കൃഷിയിടങ്ങളിലും കൂടിയതോതിൽ മഞ്ഞളിപ്പും ഓലകരിച്ചിലും ബാധിച്ചു കഴിഞ്ഞു.
വിതക്കുന്നതിന് പാടം പാകപ്പെടുത്തുന്നതിനും വരമ്പുകൾ ചെത്തിപ്പിടിപ്പിക്കുന്നതിനും വിതക്ക് ശേഷം രണ്ട് തവണ വളപ്രയോഗത്തിനും, മരുന്ന് തളിക്കുന്നതിന് ഭീമമായ തുക ചെലവാക്കിയതിനു ശേഷവും നെൽകൃഷി പാടേ നശിക്കാൻ ഇടയാകുന്നത് പ്രദേശത്തെ കർഷകരെയാകെ പ്രയാസപ്പെടുത്തുകയാണ്.
മുഞ്ഞ ബാധിച്ചാണ് കൃഷി നശിക്കാൻ ഇടയാകുന്നത്. അതിന് കൃഷിവകുപ്പ് അധികൃതർ നിർദേശിച്ച വിവിധ തരം മരുന്നുകൾ പ്രയോഗിക്കുന്നുണ്ടെങ്കിലും പൂർണ ഫലം അനുഭവപ്പെടുന്നില്ല. സാമ്പത്തിക മാന്ദ്യത്തിൽ പെട്ട് നട്ടംതിരിയുന്നതിനിടയിൽ ഭാരിച്ച പണം നൽകി കീടനാശിനികൾ വാങ്ങാൻ പറ്റാത്ത അവസ്ഥയിലാണെന്ന് കർഷകർ പറയുന്നു.
കൃഷിനാശത്തിന് ഇൻഷുറൻസ് പരിരക്ഷ സർക്കാർ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും നാളിതുവരെ കൃഷി നശിച്ചവർക്ക് നഷ്ടപരിഹാരം കിട്ടിയിട്ടില്ലെന്ന് കർഷകർ പരാതിപ്പെടുന്നു. കൃഷിക്കാർക്ക് അനുവദിക്കപ്പെടുന്ന വിളയിറക്കൽ സാമ്പത്തിക സഹായം, വിളവിറക്കി മാസങ്ങൾ പിന്നിട്ടിട്ടും കർഷകരിൽ എത്തിയിട്ടില്ല എന്നതും പരാധീനത വർധിപ്പിക്കുന്നു. കൃഷിയിടങ്ങളിൽ കീടനാശിനി പ്രയോഗത്തിന് ഡ്രോൺ ഉപയോഗിച്ചുള്ള മരുന്ന് തളിക്ക് കൃഷി വകുപ്പ് കക്കടവ്, കരിങ്ങാലി, പാലിയാണ, കൊമ്മയാട് തുടങ്ങിയ വിശാല പാടശേഖരങ്ങളിൽ സൗകര്യം ഒരുക്കണമെന്ന് പാലിയാണ പൗരസമിതി ആവശ്യപ്പെട്ടു. കൃഷി നശിച്ച കർഷകർക്ക് അർഹമായ നഷ്ട പരിഹാരം അതിവേഗം ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
കീടബാധ ശ്രദ്ധയിൽപെട്ടാൽ ഉടനെ അതാത് സ്ഥലത്തെ കൃഷി ഓഫിസുമായി ബന്ധപ്പെട്ട് ആവശ്യമായ കീനാശിനി പ്രയോഗിച്ച് വ്യാപനം തടയണമെന്നാണ് കൃഷി വകുപ്പ് അധികൃതർ നിർദേശിച്ചിട്ടുള്ളത്. വെള്ളം കെട്ടി നിൽക്കുന്ന പാടശേഖരങ്ങളിൽ അതൊഴിവാക്കിയ ശേഷം രണ്ടു പ്രാവശ്യം വെള്ളം നിർത്തി ഒഴിവാക്കുന്നതും ഒരു പരിധിവരെ കീടബാധ ഒഴിവാക്കാൻ സഹായകരമാകുമെന്നാണ് വിദഗ്ധർ പറയുന്നത്. ജില്ലയിലെ കാലാവസ്ഥയിൽ നൈട്രജൻ വളങ്ങളുടെ ഉപയോഗം കുറച്ച് പൊട്ടാഷ് ആവശ്യാനുസരണം ഉപയോഗിക്കുന്നതും ഗുണകരമാകും. വിവിധയിനം അരികളുടെ വില കുത്തനെ വർധിച്ച സാഹചര്യത്തിൽ സ്വന്തം ആവശ്യത്തിനായി നെൽകൃഷിയിറക്കിയവരടക്കമുള്ളവരാണ് കീടബാധ സ്ഥിരീകരിച്ചതോടെ ആശങ്കയിലായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.