മഴയിൽ ജാതിക്ക് ഇലകൊഴിച്ചിൽ; പരിഹാരമുണ്ട്

കാലവർഷ സമയത്ത് ജാതിത്തോട്ടങ്ങളിൽ ക്രമാതീതമായി ഇലകൾ കൊഴിയുന്നതായി കാണാം. മഴക്കാലത്താണ് ഈ രോഗബാധ രൂക്ഷം. ഫൈറ്റോഫ്‌ത്തോറ എന്ന കുമിളാണ്‌ രോഗകാരണം. ഇലകളില്‍ നടുഞരമ്പിനോടു ചേര്‍ന്ന്‌ വെള്ളം നനഞ്ഞ മാതിരിയുള്ള പാടുകള്‍ കാണുകയും ഇത് ഇലമുഴുവൻ വ്യാപിക്കുകയും ചെയ്യും. രോഗം വ്യാപിക്കുന്നതോടെ പച്ചയിലകള്‍ കൂട്ടത്തോടെ കൊഴിയുകയും കായ്‌കളുടെ പുറംതൊണ്ടിലും വെള്ളം നനഞ്ഞതുപോലുള്ള പാടുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യാറുണ്ട്. കൂടാതെ കായ്‌കള്‍ അഴുകി, വിണ്ടുകീറി കൊഴിയും. പത്രിയിലും കുരുവിലും രോഗം പടരും. രോഗബാധിതമായ കായ്‌കളുടെ ഉള്ളിലും പുറത്തും വെളുത്ത പഞ്ഞിപോലെ പൂപ്പല്‍ കാണുന്നതും ഇതിന്റെ ലക്ഷണമാണ്.

ഈ രോഗത്തിന് മുൻകരുതലായി കാലവർഷാരംഭത്തോടെ ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിച്ചുനൽകാം. കൂടാതെ കോപ്പര്‍ ഓക്‌സിക്ലോറൈഡ്‌ രണ്ടുഗ്രാം ഒരു ലിറ്റര്‍ എന്ന നിരക്കിലും തളിക്കാം. കോപ്പർ ഓക്സി ക്ലോറൈഡ് നേർപ്പിച്ച് തളിക്കുന്നതും മരത്തിന് ചുവട്ടിൽ മണ്ണ് കുതിർക്കെ ഒഴിച്ചുകൊടുക്കുന്നതും ഈ രോഗം നിയന്ത്രിക്കാൻ സഹായിക്കും.

ഏതെങ്കിലും ചെമ്പുകലര്‍ന്ന ഒരു കുമിള്‍നാശിനി കാലവര്‍ഷാരംഭത്തോടെ പശചേര്‍ത്ത്‌ അടിക്കണം. ഇലകളിലും കായ്‌കളിലും ശാഖകളുടെ തണ്ടിന്മേലും വീഴത്തക്കവിധം നന്നായി തളിക്കണം. മരത്തിനു ചുറ്റും തടമെടുത്ത്‌ 0.2 ശതമാനം വീര്യത്തില്‍ കോപ്പര്‍ ഹൈഡ്രോക്‌സൈഡ്‌ അല്ലെങ്കില്‍ 0.25 ശതമാനം കോപ്പര്‍ ഓക്‌സിക്ലോറൈഡ്‌ എന്നിവയില്‍ ഒന്ന്‌ മരം ഒന്നിന്‌ പത്തു ലിറ്റര്‍ എന്ന നിരക്കില്‍ ഒഴിച്ചുകൊടുക്കണം.

വേപ്പിന്‍ പിണ്ണാക്കിലോ വേപ്പിന്‍ പിണ്ണാക്ക്‌- ചാണകം മിശ്രിതത്തിലോ വളര്‍ത്തിയ ട്രൈക്കോഡെര്‍മ മരമൊന്നിന്‌ അഞ്ചു കിലോഗ്രാം എന്ന നിരക്കില്‍ കടക്കല്‍ ഇട്ടുകൊടുക്കുന്നതും രോഗനിയന്ത്രണത്തിന് സഹായിക്കും. കൊഴിഞ്ഞ ഇലകളും കായ്‌കളും തോട്ടത്തില്‍നിന്ന്‌ നീക്കം ചെയ്‌ത് ശുചിയായി സൂക്ഷിക്കണം. 

Tags:    
News Summary - Remdies for Nut meg plant leaf loss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.