സ്‌പൈസസ് ബോർഡി​െൻറ ലേലത്തിന് ബദലായി സ്വകാര്യ ഏജൻസികൾ; നിറംചേർത്ത ഏലക്ക വിപണിയിൽ

കട്ടപ്പന: സ്‌പൈസസ് ബോർഡിന്റെ ഏലക്ക ഓൺലൈൻ ലേലത്തിനു ബദലായി സ്വകാര്യ ലേല ഏജൻസികൾ. നിറംചേർത്ത ഏലക്ക ഓൺലൈൻ ലേലത്തിൽ പതിക്കുന്നതിനെതിരെ സ്‌പൈസസ് ബോർഡ് നടപടി കർശനമാക്കിയതോടെ സ്വകാര്യ ഏജൻസികളിലൂടെ നിറംചേർത്ത ഏലക്ക വിറ്റഴിക്കുന്നതായും പരാതി ഉയർന്നു.

ഏലം വില ഉയർത്താൻ സ്‌പൈസസ് ബോർഡ് നടത്തുന്ന നിക്കങ്ങൾക്കും ഇത് തിരിച്ചടിയായി. പുറ്റടി സ്‌പൈസസ് പാർക്കിലും ബോഡിനായ്ക്കന്നൂരിലുമാണ് സ്‌പൈസസ് ബോർഡിന്‍റെ ഏലക്ക ഓൺലൈൻ ഏലം. പുറ്റടിയിൽ ലേലത്തിനു പതിയുന്ന ഏലക്കയുടെ സാമ്പിൾ സ്‌പൈസസ് ബോർഡ് ശേഖരിച്ച് നിലവാരം പരിശോധിക്കും. നിറംചേർത്തതായി സംശയം തോന്നിയാൽ സാമ്പിൾ ഏലക്ക ചൂടുവെള്ളത്തിലിട്ട് അൽപസമയം കഴിഞ്ഞു വെള്ളത്തിൽ നിറം കലർന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. നിറം ചേർത്തതായി പരിശോധയിൽ ബോധ്യപ്പെട്ടാൽ ആ ലോട്ടിലെ ഏലക്ക മുഴുവൻ ലേലത്തിൽനിന്ന് പിൻവലിക്കും. ഇങ്ങനെ നിരവധി ലോട്ട് ഏലക്കയാണ് ഓൺലൈൻ ലേലത്തിൽനിന്ന് പിൻവലിക്കപ്പെടുന്നത്. നിറം ചേർത്ത ഏലക്കയുടെ ഉടമക്ക് സ്‌പൈസസ് ബോർഡ് ഇതുസംബന്ധിച്ച് നോട്ടീസ് നൽകുകയും ചെയ്യും. ഇങ്ങനെ ബോർഡിന്റെ ലേലത്തിലൂടെ വിൽക്കാൻ കഴിയാതെ വരുന്ന ഏലക്ക സ്വകാര്യ ഓൺലൈൻ ലേലത്തിലൂടെയും കൈവിലക്കാരിലൂടെയും വിറ്റഴിക്കുകയേ നിർവാഹമുള്ളൂ. ഇതോടെ ഏലത്തിന്‍റെ വിലയിടിയാൻ സാധ്യതയേറും.

പുറ്റടിയിൽ സ്‌പൈസസ് ബോർഡിന്‍റെ ഓൺലൈൻ ലേലം നടക്കുന്ന അതേ സമയത്തു തന്നെയാണ് ബോഡിനായ്ക്കന്നൂരിലും ലേലം. പുറ്റടിയിൽ ഏതെങ്കിലും ലോട്ടിൽ നിറം ചേർത്തതായി കണ്ടെത്തിയാൽ ആ ലോട്ട് നമ്പർ ബോഡിയിലെ ലേലത്തിൽ വിൽക്കുന്നത് നിരോധിക്കും. ഇതോടെ നിറം ചേർന്ന ലോട്ട് രണ്ട് സ്ഥലത്തുനിന്നും പിൻവലിക്കും.

ഗുണനിലവാരം ഉയർന്ന ഏലക്ക മാത്രമേ സ്‌പൈസസ് ബോർഡിലൂടെ വിറ്റഴിക്കാൻ സാധിക്കൂ എന്ന സ്ഥിതി ഉണ്ടായി. ഈ അവസ്ഥ മുതലെടുക്കുകയാണ് സ്വകാര്യ ലേല ഏജൻസികൾ. ഇവരുടെ ലേലത്തിൽ പതിക്കുന്ന ഏലക്കയുടെ ഗുണനിലവാരമോ നിറമോ പരിശോധിക്കാൻ നടപടിയില്ല. അതിനാൽ, സ്‌പൈസസ് ബോർഡ് ലേലത്തിൽനിന്ന് വിലക്കിയ ഏലക്ക സ്വകാര്യ ഓൺലൈൻ ലേലത്തിലൂടെ വീണ്ടും വിറ്റഴിക്കാൻ സാധ്യത ഏറെയാണ്. ഈ ഏലക്ക ഉത്തരേന്ത്യൻ വ്യാപാരികൾ കുറഞ്ഞ വിലയ്ക്ക് വാങ്ങി നല്ല ഏലക്കയുമായി കൂട്ടിക്കലർത്തിയാണ് കൊള്ളലാഭം നേടുന്നത്.

അടുത്ത നാളിൽ വിദേശത്തേക്ക് കയറ്റിയയച്ച ഏലക്കയിൽ കീടനാശിനി കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചയച്ചിരുന്നു. ഇങ്ങനെ തിരിച്ചയച്ച ഏലക്ക എന്തു ചെയ്തു എന്ന് ഒരു വിവരവുമില്ല. ഇതിൽ വലിയ അളവ് ഏലക്ക വീണ്ടും വിപണിയിൽ എത്തിയതായാണ് കച്ചവടക്കാർ നൽകുന്ന സൂചന.

Tags:    
News Summary - Private agencies to replace the Spices Board's auction; In the market of colored cardamom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.