1. ചെ​മ്മീ​ൻ നിറച്ച പ്ലാ​സ്റ്റി​ക്​ പാത്രങ്ങൾ, 2. ഈ​റ്റ​ക്കൊ​ട്ട നെ​യ്യു​ന്ന ച​ന്തി​രൂ​രി​ലെ ജോ​ണി

ചെമ്മീൻ വ്യവസായത്തിൽ പ്ലാസ്റ്റിക് വ്യാപകം; പരമ്പരാഗത തൊഴിൽ ഇല്ലാതാക്കി

അരൂർ: ചെമ്മീൻ കൈകാര്യം ചെയ്യാൻ ഉപയോഗിക്കുന്ന സാമഗ്രികളാകെ പ്ലാസ്റ്റിക്. പരമ്പരാഗത തൊഴിലാളികളുടെ ഉപജീവനം മുട്ടിച്ചതിന് പുറമെ പ്ലാസ്റ്റിക് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വേറെയും. സംസ്ഥാനത്ത് ഏറ്റവുമധികം ചെമ്മീൻ വ്യവസായ കയറ്റുമതി സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത് അരൂർ മേഖലയിലാണ്. ചെമ്മീൻ വ്യവസായത്തിലെ ഉപകരണങ്ങളിൽ ഏറ്റവുമാദ്യം കടന്നുവന്നത് ഈറ്റകൊണ്ടുണ്ടാക്കിയ കൊട്ടകളായിരുന്നു. വാഹനങ്ങളിൽ കൊണ്ടുവരുന്ന ചെമ്മീൻ കൊട്ടകളിലാക്കിയായിരുന്നു തൂക്കുന്നതും മാറ്റുന്നതും. രണ്ടുമൂന്ന് ദിവസം കൊണ്ടുതന്നെ കൊട്ടകൾ ഉപയോഗശൂന്യമാകും. അതുകൊണ്ടുതന്നെ നൂറുകണക്കിന് കൊട്ടകൾ ഒരു പീലിങ് ഷെഡിലേക്ക് തന്നെ ആവശ്യമായിരുന്നു.

ആദ്യകാലങ്ങളിൽ കൊട്ട ഉണ്ടാക്കുന്ന സ്ഥലങ്ങളിൽ പോയി വാങ്ങുകയായിരുന്നു. പിന്നീട് കൊട്ടകൾ ഉണ്ടാക്കുന്നവർ ചന്തിരൂരിൽ മുറിയെടുത്ത് പണിതുടങ്ങി. പിന്നീട് പലരും സ്ഥിരതാമസമാക്കി. ചന്തിരൂർ, അരൂർ മേഖലകളിൽ പീലിങ് ഷെഡുകളിലേക്ക് നൂറുകണക്കിന് കൊട്ടകൾ ദിവസേന കൊടുക്കാൻ പകലും രാത്രിയിലും ഇവർ പണിയെടുത്തു. പിന്നീടാണ് ഭാരം കൂടുമെങ്കിലും ദീർഘനാൾ നിലനിൽക്കുന്ന ഇരുമ്പിന്റെ നെറ്റ് കൊട്ടകൾ കടന്നുവന്നത്.

അതോടെ ഈറ്റക്കൊട്ടകൾക്ക് ഡിമാൻഡ് കുറഞ്ഞു. ഇതോടെ മറ്റു ജില്ലകളിൽനിന്ന് വന്ന് അരൂരിൽ ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിച്ച അനവധി ഈറ്റത്തെഴിലാളികളുടെ ജീവിത സ്വപ്നങ്ങളുടെ നിറംകെട്ടു. പലരും നാട്ടിലേക്ക് തിരിച്ചു പോയപ്പോഴും കുറച്ചുപേർ ഇവിടെത്തന്നെ തുടർന്നു. ഈറ്റ ഉപയോഗിച്ച് നിർമിക്കുന്ന മറ്റ് ഉൽപന്നങ്ങളിൽ കച്ചവടം കണ്ടെത്തി. എന്നാൽ, ഈറ്റയുടെ ദൗർലഭ്യം ഇതിനും പ്രതിസന്ധിയാകുന്നു. വള്ളങ്ങൾ തീരമെത്തുമ്പോൾ കടൽമീനുകളെ കരയിലെത്തിക്കാൻ ആലപ്പുഴയിടെ ചില തീരങ്ങളിൽ ഇപ്പോഴും ഈറ്റക്കൊട്ടകളാണ് ഉപയോഗിക്കുന്നത്. അങ്ങനെയുള്ള തീരങ്ങളിൽ തൊഴിൽ അന്വേഷിക്കുകയാണ് ശേഷിച്ച ഈറ്റത്തൊഴിലാളികൾ.

ലോഹങ്ങളിൽ നിർമിക്കുന്ന നിരവധി ഉപകരണങ്ങളെയാണ് പിന്നെ ചെമ്മീൻ മേഖല ആശ്രയിച്ചത്. ഇതുമായി ബന്ധപ്പെട്ട് നിരവധി ഷീറ്റ് മെറ്റൽ വർക്ക് ഷോപ്പുകൾ മേഖലയിൽ വന്നു. ടേബിളുകളും പാത്രങ്ങളും മറ്റനേകം ഉപകരണങ്ങളും ഈ വർക്ക്ഷോപ്പുകളിൽ നിർമിച്ചു.

ഈ തൊഴിൽ മേഖലകളെ തകർത്താണ് പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ വരവുണ്ടായത്. കൊട്ടക്ക് പകരം പ്ലാസ്റ്റിക് ബോക്സുകൾ, നെറ്റ് കൊട്ടകൾ തുടങ്ങി നിരവധി പ്ലാസ്റ്റിക് ഉപകരണങ്ങളാണ് മുമ്പുണ്ടായിരുന്ന എല്ലാ ഉൽപന്നങ്ങളെയും തൂത്തുവാരിയെറിഞ്ഞ് ഈ തൊഴിൽ മേഖലയിൽ ആധിപത്യം ഉറപ്പിച്ചത്. പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ കുത്തൊഴുക്കിൽ പരമ്പരാഗത കൈത്തൊഴിൽ ചെയ്ത് ഉപജീവനം നടത്തുന്ന നിരവധിയായ കുടുംബങ്ങളുടെ പ്രതീക്ഷകളാണ് ഒലിച്ചുപോയത്.

Tags:    
News Summary - Plastic is widespread in the shrimp industry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.