നെൽവയൽ റോയൽറ്റി: മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു

തിരുവനന്തപുരം: നെൽകൃഷിക്ക് അനുയോജ്യമായ വയലുകളുടെ ഉടമസ്ഥർക്കുള്ള റോയൽറ്റി നൽകുന്നതിന് കൃഷി ഡയറക്ടർ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. സമഗ്ര നെൽകൃഷി വികസന പദ്ധതിക്കായി 2020-21 സാമ്പത്തിക വർഷത്തിൽ വകയിരുത്തിയ 118.24 കോടിയിൽ നിന്നാണ് 40 കോടി നീക്കിവെച്ചത്. കൃഷിക്കനുയോജ്യമായ ഫയലുകളുടെ ഉടമകൾക്ക് ഹെക്ടറിന് 2,000 രൂപ നിരക്കിൽ നൽകും. ഇതിനായി ഈ മാസം (സെപ്​റ്റംബർ) ഒന്ന്​ മുതൽ അപേക്ഷ നൽകാം.

* പദ്ധതി നടത്തിപ്പിന് താൽക്കാലിക ജീവനക്കാരെ വിനിയോഗിച്ചില്ല. കൃഷി വകുപ്പിലെ ജീവനക്കാർ തന്നെയായിരിക്കും പദ്ധതി നടപ്പാക്കുക.

* ഭൂവിസ്തൃതി, കൃഷി ചെയ്യുന്ന സ്ഥലം മുതലായ മാനദണ്ഡങ്ങൾ ഉൾക്കൊള്ളുന്ന മാർഗ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്.

* സുതാര്യത ഉറപ്പു വരുത്താനായി പദ്ധതിയുടെ ആനുകൂല്യങ്ങൾ ആധാർ കാർഡ് അടിസ്ഥാനത്തിൽ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ആനുകൂല്യം നൽകും.

നെൽകൃഷി ചെയ്യാവുന്ന നെൽവയലുകൾ രൂപമാറ്റം വരുത്താതെ നിലനിർത്തി സംരക്ഷിക്കുന്ന നെൽവയലുകളുടെ ഉടമകൾക്കാണ് റോയൽറ്റി അനുവദിക്കുന്നത്. നിലവിൽ നെൽ കൃഷി ചെയ്യുന്ന ഭൂമിയുടെ ഉടമകൾ റോയൽറ്റിക്ക് അർഹരാണ്. നെൽവയലുകളിൽ വിള പരിക്രമത്തിന്‍റെ ഭാഗമായി പയർവർഗങ്ങൾ, പച്ചക്കറികൾ, എള്ള്, നിലക്കടല തുടങ്ങിയവ നെൽവയലുകളുടെ അടിസ്ഥാന സ്വഭാവ വ്യതിയാനം വരുത്താതെ ഹൃസ്വകാല വിളികൾ കൃഷി ചെയ്യുന്ന നിലം ഉടമകൾക്കും റോയൽറ്റിക്ക് ആർഹത ഉണ്ടായിരിക്കും. നെൽവയലുകൾ കരിശ് ഇട്ടിരിക്കുന്ന ഉടമകൾ ഭൂവുമകൾക്ക് ഭൂമി നെൽകൃഷിക്കായി സ്വന്തമായോ മറ്റ് കർഷകർ, ഏജൻസികൾ വഴിയോ ഉപയോഗപ്പെടുത്തുമെന്ന ഉറപ്പിന്‍റെ അടിസ്ഥാനത്തിൽ റോയൽറ്റി അനുവദിക്കും. ഈ ഭൂമി മൂന്നുവർഷം തുടർച്ചയായി തരിശായി കിടന്നാൽ പിന്നീട് റോയൽറ്റിക്ക് അർഹതയുണ്ടാവില്ല. അതിനുശേഷം വീണ്ടും കൃഷി ആരംഭിക്കുന്ന മുറയ്ക്ക് റോയൽറ്റി ലഭിക്കും.

റോയൽറ്റിക്കുള്ള അപേക്ഷകൾ. www.aims.kerala.gov.in എന്ന പോർട്ടൽ വഴി ഓൺലൈനായി സമർപ്പിക്കണം. കൃഷിക്കാർക്ക് വ്യക്തിഗത ലോഗിൻ ഉപയോഗിച്ച് സ്വന്തമായി അക്ഷയകേന്ദ്രം വഴി അപേക്ഷിക്കാം. കർഷകർ അപേക്ഷയോടൊപ്പം

1. ഈ സാമ്പത്തിക വർഷത്തിലെ ഭൂമിയുടെ കരമടച്ച രസീത് /കൈവശ അവകാശ സർട്ടിഫിക്കറ്റ്

2. ആധാർ അല്ലെങ്കിൽ ഐ.ഡി കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ് മുതലായവ മറ്റേതെങ്കിലും തിരിച്ചറിയൽരേഖ

3. ബാങ്കിന്‍റെയും ശാഖയുടെയും പേര് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ് കോഡ് മുതലായവ വ്യക്തമാക്കുന്ന ബാങ്ക് പാസ് ബുക്കിന്‍റെ പേജ് / റദ്ദാക്കിയ ചെക്ക് ലീഫ് എന്നീ രേഖകളും അപ്‌ലോഡ് ചെയ്യണം.

നെൽവയലുകളുടെ ഭൗതിക പരിശോധനയും അപ്ലോഡ് ചെയ്ത രേഖകളുടെ ഓൺലൈൻ പരിശോധനയും കൃഷി അസിസ്റ്റന്‍റ് നടത്തി എല്ലാ അപേക്ഷകളും കൃഷി ഓഫീസർക്ക് സമർപ്പിക്കും. അപേക്ഷയുടെ യോഗ്യത തൃപ്തികരമാണെന്ന് കൃഷി ഓഫീസർക്ക് ബോധ്യപ്പെട്ടാൽ അവ അംഗീകരിച്ച ബന്ധപ്പെട്ട കൃഷി അസിസ്റ്റൻറ് ഡയറക്ടർ ഓൺലൈനായി സമർപ്പിക്കും. അയോഗ്യമായ അപേക്ഷകൾ കൃഷി ഓഫീസർ നിരസിക്കും. യോഗ്യതയുള്ള അപേക്ഷകരുള്ള റോയൽ കൃഷി അസിസ്റ്റന്‍റ് ഡയറക്ടർ അനുവദിക്കും.

അനുവദിച്ച അപേക്ഷകൾ ജില്ലാ/ സംസ്ഥാന തലത്തിൽ ഓൺലൈനായി പ്രസിദ്ധപ്പെടുത്തും. ജില്ലകൾക്ക് നൽകുന്ന വെർച്വൽ അലോട്ട്മെന്‍റിന്‍റെ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ അനുവദിച്ച അപേക്ഷകളുടെ മുൻഗണനാക്രമം നിശ്ചയിച്ച് ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് തുക പേമെന്‍റ് ചെയ്യും. കൃഷിഭവൻ തലത്തിൽ കൃഷി ഓഫിസറും കൃഷി അസിസ്റ്റന്‍റുമാണ് പദ്ധതി നടപ്പിലാക്കുന്നത്. ബ്ലോക്ക് തലത്തിൽ കൃഷി അസിസ്റ്റന്‍റ് നെറ്റ് ഡയറക്ടർ മാർഗനിർദേശം നൽകും. ജില്ലാതലത്തിൽ ഡെപ്യൂട്ടി ഡയറക്ടറും സംസ്ഥാന തലത്തിൽ കൃഷി അഡീഷണൽ ഡയറക്ടറും പദ്ധതിയുടെ പുരോഗതി വിലയിരുത്തും.

കേരളത്തിന്‍റെ പരിസ്ഥിതി സംരക്ഷിക്കുന്നതിനും വിവിധ ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥ പിരക്ഷിക്കുന്നതിനും ഭൂഗർഭ ജലം കുറയാതെ നിലനിർത്തുന്നതിനും പ്രകൃതി ദത്ത ജലംസംഭരമിയായ നെൽവയലുകൾ നിലനിർത്തുന്നതിനാണ് പദ്ധതി നടപ്പാക്കുന്നത്. ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കാനുന്ന നെൽവയൽ ഉടമസ്ഥർക്ക് പ്രോൽസഹനമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.