വേലായുധൻ നായർ ജൈവ കൃഷിയിടത്തിൽ

ജൈവ കൃഷിയിൽ മാതൃക തീർക്കുന്ന സമ്മിശ്ര കർഷകൻ

ജൈവരീതിയിൽ മാത്രം കൃഷിയിടങ്ങൾ ഒരുക്കി ശ്രദ്ധേയനാവുകയാണ് കോഴിക്കോട് നന്മണ്ട സ്വദേശി വേലായുധൻ നായർ എന്ന പരമ്പരാഗത കർഷകൻ. നന്മണ്ട ചീക്കിലോട് മാപ്പിള സ്കൂളിനടുത്ത് താമസിക്കുന്ന ഇദ്ദേഹം കുറെ വർഷമായി തന്റെ കൃഷിയിടങ്ങളിൽ ജൈവരീതിയിൽ നൂറുമേനി വിളയിക്കുകയാണ്. വിഷരഹിതമായ പച്ചക്കറികൾ ആളുകൾക്ക് ലഭ്യമാക്കുന്നതിന് കഠിനാധ്വാനത്തിലൂടെ കഴിയുന്നുമുണ്ട്.

വേനൽക്കാല പച്ചക്കറികളായ വെള്ളരി, മത്തൻ, ചീര, വെണ്ട, പയർ തുടങ്ങിയ വിവിധ ഇനങ്ങളും, ഇടവിള കൃഷികളായ ചേന, ചേമ്പ്, ഇഞ്ചി,കപ്പ, മഞ്ഞൾ, കാച്ചിൽ തുടങ്ങിയവയും അതോടൊപ്പം വിപുലമായ തോതിൽ കൂർക്കൽ കൃഷിയും നടത്തുന്നുണ്ട്. സ്വന്തം സ്ഥലത്തും വയലിലും പറമ്പിലുമൊക്കെയായി ഏക്കറുകളോളം സ്ഥലത്ത് കൃഷി ചെയ്യുന്നു.

മഞ്ഞൾ,ഇഞ്ചി തുടങ്ങിയവയെല്ലാം മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റി വിപണിയിൽ എത്തിക്കാനും ഈ 62കാരന് കഴിയുന്നു. പാക്കറ്റുകളിലാക്കിയ മഞ്ഞൾപൊടിയും മറ്റും അമേരിക്ക, ഗൾഫ് എന്നിവിടങ്ങളിലെ ആവശ്യക്കാർക്ക് എത്തിക്കാറുണ്ട്. ജൈവരീതിയിലുള്ളതിനാൽ എല്ലാ കാർഷിക ഉൽപന്നങ്ങൾക്കും ആവശ്യക്കാരും ധാരാളമായി എത്താറുള്ളതായി ഈ കർഷകൻ പറയുന്നു.

വേലായുധൻ നായരുടെ കൃഷിപാഠങ്ങൾക്ക് അംഗീകാരമായി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2022ൽ സംസ്ഥാനത്തെ ഏറ്റവും മികച്ച ജൈവ കർഷകനുള്ള സരോജിനി ദാമോദരൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അക്ഷയശ്രീ പുരസ്കാരം ലഭിച്ചു. 

Tags:    
News Summary - Organic-Farming-Farmer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.