തൃശൂർ: ടാർഗറ്റ് തികക്കാൻ വേണ്ടി കൃഷി വകുപ്പ് പി.ജി.എസ് സംവിധാനത്തെ തകിടം മറിച്ച് രാസകൃഷിയിടങ്ങൾക്ക് ജൈവ സർട്ടിഫിക്കേറ്റ് നൽകുന്നത് ശരിയായ രീതിയല്ലെന്ന് ജൈവകർഷക സമിതി. ജൂൺ 21 ന് തൃശൂർ അയ്യന്തോൾ കോസ്റ്റ് ഫോർഡ് ഹാളിൽ വെച്ചു നടന്ന ജൈവകർഷക സമിതിയുടെ 33ാം വാർഷിക സമ്മേളനത്തിൽ വെച്ചാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രമേയം അവതരിപ്പിച്ചു പാസാക്കിയത്.
30 ശതമാനം കാർഷിക മേഖലയും ജൈവകൃഷിയായി മാറിയിരിക്കുന്നുവെന്ന് കേന്ദ്രത്തെ അറിയിക്കാൻ വേണ്ടി കർഷകരിൽ നിന്ന് രാസകീടനാശിനികൾ ഉപയോഗിക്കില്ല എന്നും ജൈവകൃഷിരീതികൾ മാത്രമേ പിന്തുടരുകയുള്ളൂവെന്നും പറഞ്ഞ് ഒരു പ്രതിജ്ഞ മാത്രം ഒപ്പിട്ടുവാങ്ങി എല്ലാവരെയും ജൈവകൃഷിക്കാരാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. പി.ജി.എസിന് ആവശ്യമായ ഗ്രൂപ്പുകൾ രൂപീകരിക്കരിക്കാതെയും അവർക്കാവശ്യമായ നിർദേശങ്ങളും പ്രോത്സാഹനങ്ങളും നൽകാതെയുമാണ് കൃഷിവകുപ്പ് ഇത് ചെയ്തുകൊണ്ടിരിക്കുന്നത്.
കർഷകർ പോലും അറിയുന്നില്ല അവർ ജൈവകൃഷിക്കാരായ കാര്യം. ഓരോ കൃഷി ഓഫിസർക്കും ടാർഗറ്റ് കൊടുത്ത് നിശ്ചിത ശതമാനം കർഷകരെ ജൈവകൃഷിക്കാരാക്കി കാണിക്കാനുള്ള ശ്രമമാണ് ഇതിലൂടെ നടത്തുന്നതെന്നും യോഗത്തിൽ ആരോപണമുയർന്നു.
സംസ്ഥാന പ്രസിഡന്റ് വിശാലാക്ഷൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെകട്ടറി സതീശ്കുമാർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ജയപ്രകാശ് ടി.കെ. വാർഷിക വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. ഭാവി പരിപാടികൾ ഷാജി സി എസ് അവതരിപ്പിച്ചു. സംസ്ഥാന സമ്മേളനത്തിൽ സുരക്ഷിത ഭക്ഷണം, വന്യമൃഗശല്യം, ജനിതകമാറ്റം വരുത്തിയ വിത്തുകൾ, വയൽ നികത്തൽ തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. തൃശൂർ ജില്ലാ സെക്രട്ടറി നിഷ എം.സി. സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് സി. രാമചന്ദ്രൻ നന്ദി പറഞ്ഞു.
പുതിയ ഭാരവാഹികൾ:
സംസ്ഥാന പ്രസിഡന്റ്: വിശാലാക്ഷൻ സി.
സെകട്ടറി: സതീഷ്കുമാർ ബി.
ട്രഷറർ: ജയപ്രകാശ് ടി.കെ.
വൈസ് പ്രസിഡന്റ്: ഷാജി സി.എസ്.
വൈസ് പ്രസിഡന്റ്: സുകുമാരൻ എം.
ജോ സെക്രട്ടറി: ഖദീജ നർഗീസ്
ജോ സെക്രട്ടറി: ദിലീപ് കെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.