പത്തനംതിട്ട: ജില്ലയിലെ പാൽ ഉൽപാദനത്തിൽ വൻ ഇടിവ്. മുൻവർഷം പ്രതിദിനം 50,000-60,000 ലിറ്റർവരെയായിരുന്നു ഉൽപാദനമെങ്കിൽ ഇപ്പോഴിത് 36,000 ലിറ്ററായി കുറഞ്ഞു. ജില്ല ക്ഷീരസംഗമത്തെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ച വാർത്തസമ്മേളനത്തിൽ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി. അനിതയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജില്ലയിൽ 167 ക്ഷീര സംഘങ്ങളാണ് പ്രവർത്തിക്കുന്നത്.
എന്നാൽ, ഇതിൽ സജീവമായുള്ളത് 50 എണ്ണം മാത്രമാണെന്നും ഇവർ പറഞ്ഞു. പശു വളർത്തലിലേക്ക് പുതിയ തലമുറ വരാത്തതാണ് പാൽ ഉൽപാദനം കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ. ഉൽപാദനച്ചെലവ് വർധിച്ചതോടെ അടുത്തിടെ നിരവധി കർഷകർ പശുവളർത്തൽ ഉപേക്ഷിച്ചിരുന്നു.
ജില്ല ക്ഷീരസംഗമം അടൂരിൽ
പത്തനംതിട്ട: ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിലുള്ള ജില്ല ക്ഷീരസംഗമം ‘നിറവ്’ ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ അടൂരിൽ നടക്കും. അടൂർ മേലൂട് സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിൽ നടക്കുന്ന സംഗമത്തിന് ബുധനാഴ്ച രാവിലെ 9.30ന് കിഡ്സ് ഡെയറി ഫെസ്റ്റോടെ തുടക്കമാവും.
10ന് അടൂർ മാർത്തോമ യൂത്ത് സെന്ററിൽ ക്ഷീര സംഘം ജീവനക്കാർക്ക് ശിൽപശാല, പ്രശ്നോത്തരി, മുഖാമുഖം എന്നിവയുമുണ്ടാകും. വ്യാഴാഴ്ച രാവിലെ എട്ടിന് മേലൂട് ക്ഷീര സംഘത്തിൽ വ്യത്യസ്ത ഇനങ്ങളിൽപെട്ട കന്നുകുട്ടി, കിടാരി, കറവപ്പശു, മറ്റ് പക്ഷി-മൃഗാദികൾ എന്നിവയുടെ പ്രദർശന മത്സരങ്ങൾ നടക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി. മണിയമ്മ ഉദ്ഘാടനം ചെയ്യും.
വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കണ്ണംങ്കേട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ ക്ഷീരകർഷക സംഗമം നടക്കും. 11ന് പൊതുസമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കും.
മന്ത്രി വീണ ജോർജ് മുഖ്യപ്രഭാഷണവും ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ് റിപ്പോർട്ടും അവതരിപ്പിക്കും. അവാർഡ് വിതരണവും നടക്കും. വാർത്തസമ്മേളനത്തിൽ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി. അനിത, മേലൂട് ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ് എ.പി. ജയൻ, ക്ഷീരവികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ റീബ തങ്കച്ചൻ, ക്ഷീര വികസന ഓഫിസർ കെ. പ്രദീപ്കുമാർ എന്നിവർ പങ്കെടുത്തു.
മിൽക്ക് എ.ടി.എം അടൂർ പതിനാലാംമൈലിൽ
പത്തനംതിട്ട: പാൽ ചുരത്താൻ ഇനി മിൽക്ക് എ.ടി.എമ്മും. ഏത് സമയവും പാൽ ലഭ്യമാക്കുന്ന എ.ടി.എം (മിൽക്ക് വെൻഡിങ് മെഷീൻ) അടൂർ പതിന്നാലാം മൈലിൽ പ്രവർത്തനമാരംഭിക്കുന്നു. അടൂർ മേലൂട് ക്ഷീര സംഘത്തിന്റെ നേതൃത്വത്തിലാണ് ഓട്ടോമാറ്റിക് മിൽക്ക് വെൻഡിങ് മെഷീൻ പ്രവർത്തനം ആരംഭിക്കുന്നത്.
അടൂർ പതിനാലാംമൈലിൽ പ്രവർത്തനമാരംഭിക്കുന്ന മിൽക്ക് എ.ടി.എം
ക്ഷീരസംഘത്തിൽ കർഷകർ അളക്കുന്ന പാൽ അപ്പോൾ തന്നെ ഗുണനിലവാരം ഉറപ്പുവരുത്തി മിൽക്ക് എ.ടി.എമ്മിൽ ശേഖരിച്ച് ശീതീകരിച്ച് സൂക്ഷിക്കും. ഈ പാൽ ആവശ്യക്കാർക്ക് ആവശ്യമുള്ളതനുസരിച്ച് കേടുകൂടാതെ എടുക്കാനാകും. ദിവസം രണ്ടുതവണയായി 200 ലിറ്റർ വീതം പാൽ നിറക്കും. ഇപ്പോൾ മേലൂട് സംഘത്തിൽ രാവിലെയും വൈകീട്ടും ഏറെനേരം കാത്തുനിന്ന് ആവശ്യക്കാർ വാങ്ങുന്ന രീതിയാണുള്ളത്. ഇതിന് പരിഹാരമായാണ് മിൽക്ക് എ.ടി.എം തുടങ്ങുന്നത്. മന്ത്രി ജെ. ചിഞ്ചുറാണി മേലൂട് ക്ഷീരസംഘത്തിൽ വെള്ളിയാഴ്ച മിൽക്ക് എ.ടി.എം ഉദ്ഘാടനം ചെയ്യും. സംഘം വിതരണം ചെയ്യുന്ന പ്രത്യേക കാർഡ്, ഗൂഗിൾ പേ, കറൻസി എന്നിവ ഉപയോഗിച്ച് പാൽ എടുക്കാനുള്ള സൗകര്യമുണ്ടാകും. ഇതിനായി ആധുനിക മെഷീനാണ് സ്ഥാപിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.