മണ്ണുസംരക്ഷണത്തിന് കരുത്തായി ‘ഖേത് ബചാവോ അഭിയാൻ’; കേരളത്തിലും കാമ്പയിൻ, 3.42 ലക്ഷം കർഷകർക്ക് പ്രയോജനപ്പെടും

തിരുവനന്തപുരം: മണ്ണുസംരക്ഷണം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ദേശീയ ക്യാമ്പയിനായ ‘ഖേത് ബചാവോ അഭിയാൻ’ കേരളത്തിലും ആരംഭിച്ചു. വ്യാഴാഴ്ച മുതൽ നവംബർ 30 വരെയാണ് ക്യാമ്പയിൻ. കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഹരിയാനയിലെ കർണാലിൽ വെച്ച് കാമ്പയിൻ ഉദ്ഘാടനം ചെയ്തു.

മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നതാണ് മുഖ്യലക്ഷ്യം.രാസവളങ്ങളുടെ സന്തുലിതമായ ഉപയോഗം, മണ്ണ്–ജല സംരക്ഷണവും മഴവെള്ള സംഭരണവും വ്യാപിപ്പിക്കൽ, പ്രകൃതികൃഷി എന്നിവ പ്രോത്സാഹിപ്പിക്കുന്നതും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ടെന്ന് കൃഷി-കർഷകക്ഷേമ മന്ത്രാലയം വ്യക്തമാക്കി.

സംസ്ഥാനത്തെ 14 ജില്ലകളിലായി 152 ബ്ലോക്കുകൾ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന ക്യാമ്പയിനിലൂടെ 3.42 ലക്ഷം കർഷകർക്ക് പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന, ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളിൽ കർഷക സമ്മേളനങ്ങൾ, കിസാൻ ചൗപാലുകൾ, പരിശീലന ക്ലാസുകൾ, ഫീൽഡ് പ്രദർശനങ്ങൾ എന്നിവ സംഘടിപ്പിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനായി കാർഷിക വകുപ്പുകൾ, കൃഷി വിജ്ഞാന കേന്ദ്രങ്ങൾ, ഐ.സി.എ.ആർ സ്ഥാപനങ്ങൾ, കാർഷിക സർവകലാശാലകൾ എന്നിവയെല്ലാം സംയുക്തമായി പ്രവർത്തിക്കും. പ്രാദേശിക ഭാഷകളിലെ ലഘുലേഖകൾ, റേഡിയോ, ദൂരദർശൻ, സമൂഹമാധ്യമങ്ങൾ തുടങ്ങിയവയിലൂടെയും ബോധവൽക്കരണം വ്യാപിപ്പിക്കും.

ഓരോ ബ്ലോക്കിലും 30 പരിപാടികൾ വീതമാണ് സംഘടിപ്പിക്കുന്നത്. ഒരു പരിപാടിയിൽ 75 കർഷകർ വീതം പങ്കെടുക്കുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിലൂടെ മണ്ണിന്റെ ആരോഗ്യപരിപാലനം, ശാസ്ത്രീയ വളപ്രയോഗം, പ്രകൃതിവിഭവ സംരക്ഷണം, സുസ്ഥിര കാർഷിക രീതികൾ എന്നിവ സംബന്ധിച്ച് കർഷകർക്ക് അറിവും പ്രായോഗിക മാർഗനിർദേശങ്ങളും ലഭ്യമാക്കും.

'ഖേത് ബചാവോ അഭിയാൻ' വഴി മണ്ണ്, ജല സംരക്ഷണം ശക്തിപ്പെടുത്താനും, ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ കാർഷിക രീതികൾ പ്രോത്സാഹിപ്പിക്കാനും, കർഷകരുടെ ദീർഘകാല സമൃദ്ധിയും 'വിക്ഷിത് ഭാരത്' എന്ന ലക്ഷ്യവും കൈവരിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Tags:    
News Summary - Khet Bachao Abhiyan Launched in Kerala to Promote Soil Health and Sustainable Farming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.