ചെറിയ പരിചരണം, പെട്ടെന്ന് വിളവെടുപ്പ്: സാലഡ് വെള്ളരി ഇനി വീട്ടിൽ തന്നെ വളർത്താം

സാലഡിലെ മുഖ്യ ഇനം. ആരോഗ്യ ഗുണങ്ങളാൽ സമ്പന്നം. വീടുകളിലെ സ്ഥിരം അതിഥി. പച്ചയായിത്തന്നെ കഴിക്കാൻ പറ്റുന്നതുകൊണ്ടുതന്നെ മിക്കവരും ഇതിന്റെ ഇഷ്ടക്കാരാണ്. പറഞ്ഞുവരുന്നത് ശരീരത്തിന് വളരെ ഗുണം ചെയ്യുന്ന പച്ചക്കറി ഇനമായ കക്കിരി അല്ലെങ്കിൽ സാലഡ് വെള്ളരിയെ കുറിച്ചാണ്.

ഇത് കഴിക്കുന്നത് ശരീരത്തിലെ നിർജലീകരണം ഇല്ലാതാക്കുന്നതിനും പല തരത്തിലുള്ള പോഷകങ്ങൾ ലഭിക്കുന്നതിനും ഗുണകരമാണ്. ശരീരത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിന് വളരെ പ്രധാനപ്പെട്ട വിറ്റാമിൻ കെ, വിറ്റാമിൻ ഡി തുടങ്ങിയ പോഷകങ്ങൾ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

എന്നാൽ വളർത്തി വിളവെടുക്കാനും വലിയ അധ്വാനവും വേണ്ടെന്നതാണ് മറ്റൊരു സവിശേഷത. വിവിധതരം മണ്ണിൽ ഇവ തഴച്ചുവളരും. വളരെ കുറഞ്ഞ പരിചരണം മതി. വെറും 45 ദിവസത്തിനുള്ളിൽ തന്നെ വലിയ സലാഡ് വെള്ളരി നമുക്കും വീടുകളിൽ വളർത്തിയടുക്കാം. 

വീട്ടിൽ വളർത്തുമ്പോൾ

അനുയോജ്യമായ കക്കിരി ഇനം തിരഞ്ഞെടുക്കുന്നത് നിർണായകമാണ്. വിത്തുകള്‍ തലേദിവസം ‘സ്യൂഡോമോണസ്’ ലായനിയില്‍ ഇട്ടുവെച്ചാല്‍ പെട്ടെന്ന് മുളപ്പിക്കാം. ചാണകപ്പൊടിയും വേപ്പിന്‍ പിണ്ണാക്കോ എല്ലുപൊടിയോ ചേര്‍ത്തും അടിവളമായി നല്‍കാം. മണ്ണും വളപ്രയോഗവും കക്കിരിക്ക് അമിതമായി വേണ്ടെങ്കിലും, ഫലഭൂയിഷ്ഠമായ മണ്ണും ഇടയ്ക്കിടെയുള്ള വളപ്രയോഗവും അവയുടെ വിളവ് ഗണ്യമായി വർധിപ്പിക്കാൻ സഹായിക്കും.

നീര്‍വാര്‍ച്ചയുള്ള മണലും മണ്ണുമാണ് കൃഷി ചെയ്യാന്‍ യോജിച്ചത്. ആരോഗ്യകരവും കൂടുതൽ കരുത്തുറ്റതുമായ സസ്യങ്ങൾക്കായി ഓർഗാനിക് വളങ്ങൾ ഉപയോഗിക്കുന്നത് പരിഗണിക്കുക അല്ലെങ്കിൽ ഗ്ലൂക്കോസ്, അസ്കോർബിക് ആസിഡ് പോലുള്ള പോഷകങ്ങൾ ഉൾപ്പെടുത്തുക. വീട്ടിലുണ്ടാക്കുന്ന വളങ്ങൾക്ക് ചെടികളുടെ അതിജീവനം ത്വരിതപ്പെടുത്താനും പ്രതിരോധശേഷി വർധിപ്പിക്കാനും രോഗങ്ങൾക്കും കീടങ്ങൾക്കും എതിരെ സംരക്ഷിക്കാനും കഴിയും.

ചെടി വളരാന്‍ ഏറ്റവും അനുയോജ്യമായത് 25 ഡിഗ്രി സെല്‍ഷ്യസിനും 30 ഡിഗ്രി സെല്‍ഷ്യസിനുമിടയിലാണ്. ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ് കൃഷി ചെയ്യാന്‍ ഏറ്റവും നല്ലത്. പതിവായി നനവ്, ശരിയായ സൂര്യപ്രകാശം, ചെടികളുടെ ആരോഗ്യം നിരീക്ഷിക്കൽ എന്നിവ വിജയകരമായ കക്കിരി കൃഷിക്ക് നിർണായകമാണ്. ദിവസത്തില്‍ രണ്ടു പ്രാവശ്യം നനയ്ക്കണം. ഒന്നര ആഴ്ച ഇടവിട്ട് ചാണകപ്പൊടി ഇട്ടുകൊടുക്കുന്നത് നല്ല കായ്ഫലം ലഭിക്കാൻ സഹായിക്കും. വിത്ത് പാകി ഏതാണ്ട് 45 മുതൽ 60 ദിവസത്തിനകം കക്കിരി വിളവെടുക്കാൻ പാകമാകും.

Tags:    
News Summary - Easy Care, Quick Harvest: Grow Salad Cucumbers Right at Home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.