സിനിമ പോലെ ഹിറ്റായി ജ്യൂസും; മധുരമൂറും ‘സാത്തുക്കുടി’ വീടിന്റെ ടെറസിലും നടാം
മലയാളി മനസ്സുകളിൽ ഇടംപിടിച്ച ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന സിനിമ കണ്ടവർ ഒരിക്കലും മറക്കുന്ന ഒന്നല്ല സാത്തുക്കുടി. സിനിമയ്ക്കുള്ളിലെ വൈറലായ ഹ്രസ്വ ചിത്രമായ ‘സോൾ മേറ്റ് ഒരു സാത്തുക്കുടി പ്രണയം’ ഹിറ്റായതുതന്നെ ഈ സാത്തുക്കുടി ജ്യൂസിലാണ്. കേരളത്തിലെ തെരുവോരങ്ങളിലെ ജ്യൂസ്, പഴവിപണികളിലും സുലഭമായ നാരക ഇനത്തിൽപെട്ട ഈ പഴവർഗം നമ്മുടെ വീട്ടുമുറ്റത്തോ ടെറസ്സിലോ നട്ടുവളർത്തിയാലോ..?
സിനിമയ്ക്കുമുമ്പേ തന്നെ ജനപ്രിയമായ ഒരു പഴവർഗമാണ് ‘സാത്തുക്കുടി’ അഥവാ മലയാളികളുടെ ഭാഷയിൽ ‘മുസംബി’. ‘സിട്രസ് ലിമെറ്റ’ എന്നാണ് ഈ പഴത്തിന്റെ ശാസ്ത്രീയ നാമം. സാധാരണ നാരങ്ങയേക്കാൾ വലിപ്പമുള്ളതും ഉരുണ്ടതുമായ പഴമാണിത്. പഴുക്കുമ്പോൾ പച്ച കലർന്ന മഞ്ഞ നിറമാകും. രുചിയുടെ കാര്യത്തിലാണെങ്കിൽ ഓറഞ്ചിനെക്കാൾ പുളിപ്പ് കുറവാണ്. നീരിന് ലഘുവായ മധുരവും നല്ല സുഗന്ധവുമുള്ളതിനാൽ തന്നെ പ്രധാനമായും ജ്യൂസ് അടിച്ചാണ് കുടിക്കുന്നത്. തെക്കുകിഴക്കൻ ഏഷ്യയിലാണ് ഇവയുടെ ഉത്ഭവമെങ്കിലും കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വലിയ തോതിൽ കൃഷി ചെയ്യപ്പെടുന്നുണ്ട്.
ആരോഗ്യ ഗുണങ്ങൾ
സാത്തുക്കുടി ആരോഗ്യ ഗുണങ്ങളിലും ഒട്ടും പിന്നിലല്ല. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ സി ഇതിൽ ധാരാളമുണ്ട്. ക്ഷീണം മാറ്റാനും ശരീരത്തിൽ ജലാംശം നിലനിർത്താനും സാത്തുക്കുടി ജ്യൂസ് ഉത്തമമാണ്. ഇതിലടങ്ങിയിരിക്കുന്ന നാരുകൾ ദഹനപ്രക്രിയയെ സഹായിക്കുന്നതോടൊപ്പം മലബന്ധം തടയുന്നു എന്ന ഗുണവുമുണ്ട്. രക്തം ശുദ്ധീകണം, ചർമ തിളക്കം എന്നിവയ്ക്കും മികച്ചതാണെന്നതാണ് മറ്റൊരു സവിശേഷത.
കൃഷി ചെയ്യാനും വളരെ എളുപ്പം
വീട്ടുമുറ്റത്തോ പറമ്പിലോ വളരെ എളുപ്പത്തിൽ വളർത്താൻ കഴിയുന്ന ഒരു നാരകവിളയാണ് സാത്തുകുടി. നല്ല പരിചരണവും ശ്രദ്ധയും നൽകിയാൽ വർഷം മുഴുവൻ മികച്ച വിളവ് ലഭിക്കും. ആഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിലാണ് പ്രധാനമായും വിളവെടുപ്പ് നടക്കുന്നത്.
മിതമായ ചൂടും നല്ല സൂര്യപ്രകാശവുമുള്ള കാലാവസ്ഥയിലാണ് സാത്തുകുടി നന്നായി വളരുന്നത്. വെള്ളക്കെട്ടില്ലാത്ത, നല്ല നീർവാർച്ചയുള്ള മണൽ കലർന്ന മണ്ണാണ് അനുയോജ്യം. വിത്ത് മുളപ്പിച്ചുണ്ടാക്കുന്ന തൈകളെക്കാൾ ബഡ്ഡ് ചെയ്ത തൈകൾ തെരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. ഇത്തരം തൈകൾ 2-3 വർഷത്തിനുള്ളിൽ വേഗത്തിൽ കായ്ക്കാൻ തുടങ്ങും. ബഡ് ചെയ്ത നല്ലയിനം തൈകൾ അടുത്തുള്ള അംഗീകൃത നഴ്സറികളിലും ചില കാർഷിക ഓൺലൈൻ വെബ്സൈറ്റുകളിലും ലഭ്യമാണ്.
നടുമ്പോൾ ശ്രദ്ധിക്കേണ്ടത്
2x2x2 അടി നീളത്തിലും വീതിയിലും ആഴത്തിലും കുഴിയെടുക്കുക. കുഴിയിലെ മണ്ണിലേക്ക് ആവശ്യത്തിന് ചാണകപ്പൊടി, കമ്പോസ്റ്റ്, അൽപം വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ബഡ്ഡ് ചെയ്ത ഭാഗം എപ്പോഴും മണ്ണിന് മുകളിലായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
തൈ നട്ട ആദ്യത്തെ കുറച്ചുനാൾ കൃത്യമായി നനയ്ക്കണം. വേനൽക്കാലത്ത് 2-3 ദിവസത്തിലൊരിക്കൽ നനയ്ക്കുക. വെള്ളക്കെട്ടില്ലാതെ സൂക്ഷിക്കണം. കാരണം അത് വേരുചീയലിന് കാരണമാകും. ചെടിയുടെ ചുവട്ടിൽ ഉണ്ടാകുന്ന കളകൾ കൃത്യമായ ഇടവേളകളിൽ നീക്കം ചെയ്യുന്നത് നല്ലതാണ്.
വളപ്രയോഗം വർഷത്തിൽ രണ്ടുതവണ മതിയാകും. ജൈവവളങ്ങളായ ചാണകപ്പൊടി അല്ലെങ്കിൽ കോഴിവളം എന്നിവ നൽകുക. കായ്പിടുത്തം കൂടാൻ നേർപ്പിച്ച കഞ്ഞിവെള്ളമോ കടലപ്പിണ്ണാക്ക് പുളിപ്പിച്ചതോ ചുവട്ടിൽ ഒഴിച്ച് കൊടുക്കാവുന്നതാണ്. വളർച്ചയുടെ ഘട്ടത്തിൽ ഏതൊരു ഇനങ്ങളെയും പോലെ പ്രൂണിങും ചെയ്യണം. ചെടിയുടെ അടിഭാഗത്തുനിന്നും വരുന്ന കാട്ടുപൂളുകൾ അപ്പപ്പോൾ മുറിച്ചു കളയേണ്ടത് അനിമാര്യമാണ്. ഉണങ്ങിയതും രോഗം ബാധിച്ചതുമായ ചില്ലകൾ മാറ്റുന്നത് സൂര്യപ്രകാശം നന്നായി കിട്ടാനും കൂടുതൽ ശാഖകൾ വളരാനും സഹായിക്കും.
തുടക്കത്തിൽ നന്നായി പരിപാലിച്ചാൽ ഇടക്കാലത്ത് അധികം ശ്രദ്ധിച്ചില്ലേലും സാത്തുക്കുടി വളർന്നോളും. ഇനി കടകളിൽനിന്നോ മറ്റോ ജ്യൂസ് വാങ്ങി കുടിക്കേണ്ട. നമ്മുടെ സ്വന്തം തോട്ടത്തിൽനിന്ന് തന്നെ പറിക്കാം, കഴിക്കാം, കുടിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.