മഹേഷ് അസബെ

60 ഏക്കർ ഭൂമി, കാർഷിക വിഷയത്തിൽ പി.ജി; ഡ്രാഗൺ ഫ്രൂട്ട് കൃഷിയിലൂടെ മാത്രം യുവ എൻജിനീയർ നേടുന്നത് പ്രതിവർഷം രണ്ട് കോടി!

കൃഷിക്കായി ഉഴിഞ്ഞുവെച്ച ജീവിതം. മണ്ണിനോടുള്ള അങ്ങേയറ്റത്തെ ആഗ്രഹം കാരണം ബിരുദം നേടിയത് വരെ കാർഷിക വിഷയത്തിൽ. പഠനത്തിന് ശേഷവും മണ്ണുമായി പിരിഞ്ഞുനിന്നില്ല. സ്വന്തമായി ഒരു നഴ്സറിയും മാസം ലക്ഷങ്ങൾ ലഭിക്കുന്ന ഡ്രാഗൺ ഫ്രൂട്ട് കൃഷിയും നോക്കിനടത്തുന്ന ഈ മഹാരാഷ്ട്രക്കാരന്റെ ജീവിതം ഏവർക്കും പ്രചോദനമാണ്.

മഹാരാഷ്ട്രയിലെ സോലാപൂർ സ്വദേശിയാണ് മഹേഷ് അസബെ. 'റുക്മിണി ഫാംസ് ആൻഡ് നഴ്സറി'യുടെ സ്ഥാപകനായ മഹേഷ്, ഇന്ന് ഡ്രാഗൺ ഫ്രൂട്ട് കൃഷിയിലൂടെയും മറ്റ് ഇടവിളകളിലൂടെയും പ്രതിവർഷം 2 കോടി രൂപയാണ് വിറ്റുവരവ് നേടുന്നത്. മൂന്ന് ഏക്കറിൽ തുടങ്ങിയ ചെറുകൃഷി ഇപ്പോൾ വ്യാപിച്ചിരിക്കുന്നത് 60 ഏക്കറിലധികം വിസ്തൃതിയിലാണ്.

അഗ്രികൾചറൽ എൻജിനീയറിങ്ങിലാണ് മഹേഷ് ബിരുദാനന്തര ബിരുദം നേടിയത്. കൃഷിയെ കേവലം ഒരു തൊഴിലായിട്ടല്ല, മറിച്ച് ആധുനിക ശാസ്ത്രീയ മാർഗങ്ങൾ സംയോജിപ്പിക്കേണ്ട ഒരു സംരംഭമായാണ് കാണുന്നത്. 2013-14 കാലഘട്ടത്തിൽ ബംഗ്ലാദേശിൽനിന്നും ഇറക്കുമതി ചെയ്ത 9,000 ഡ്രാഗൺ ഫ്രൂട്ട് തൈകളുമായാണ് മഹേഷിന്റെ കുടുംബം ഈ ഉദ്യമത്തിന് തുടക്കമിട്ടത്. വെള്ളം വളരെ കുറവ് മതിയെന്ന പ്രത്യേകതയാണ് വരണ്ട പ്രദേശമായ സോലാപൂരിൽ ഈ കൃഷി വിജയിപ്പിക്കാൻ സഹായകരമായത്. തുടക്കത്തിൽ 9.9 ലക്ഷം രൂപയായിരുന്നു തൈകൾക്കായി മുടക്കിയത്. 2016ൽ ആദ്യ വിളവെടുപ്പ് നടത്തിയപ്പോൾ ഏക്കറിന് അഞ്ച് ടൺ വീതം ഉത്പാദനമാണ് ലഭിച്ചത്. അന്നത് കിലോയ്ക്ക് 33 രൂപ നിരക്കിലാണ് വിറ്റഴിച്ചതെങ്കിൽ, 2017 ആയപ്പോഴേക്കും വിപണി വില കിലോയ്ക്ക് 150 മുതൽ 250 രൂപ വരെയായി ഉയർന്നിരുന്നത് ലാഭകരമായെന്ന് മഹേഷ് വെളിപ്പെടുത്തു.

കൃഷി കൂടുതൽ ലാഭകരമാക്കുന്നതിന്റെ ഭാഗമായി മഹേഷ് ഇസ്രായേൽ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ച് ആധുനിക ജലസേചന രീതികളും കൃഷിരീതികളും പഠിച്ചെടുത്തു. ഫാമിൽ ഡ്രിപ് ഇറിഗേഷൻ സംവിധാനങ്ങളും പോണ്ട് ഫാമുകളും ഒരുക്കിയതോടൊപ്പം കളയെടുപ്പ് ഉൾപ്പെടെയുള്ള ജോലികൾ യന്ത്രവത്കരിക്കുകയും ചെയ്തു.

ഇന്ന് 60 ഏക്കറിലായി പരന്നുകിടക്കുന്ന ഫാമിൽ ഡ്രാഗൺ ഫ്രൂട്ടിന് പുറമെ മാതളം, സീതച്ചക്ക, പേരയ്ക്ക തുടങ്ങിയ ഫലവർഗങ്ങളും കൃഷി ചെയ്യുന്നുണ്ട്. ഡ്രാഗൺ ഫ്രൂട്ടിൽ നിന്നുമാത്രം പ്രതിവർഷം 200 ടൺ ഉത്പാദനത്തിലൂടെ 1.25 കോടി രൂപയാണ് മഹേഷ് നേടുന്നത്. മറ്റ് ഫലങ്ങളുടെ കൂടി കണക്കുചേർക്കുമ്പോൾ ആകെ വിറ്റുവരവ് 2 കോടി രൂപയായി ഉയരുന്നു. കുറഞ്ഞ വെള്ളവും കരുതലും ഉണ്ടെങ്കിൽ ഏത് പ്രതികൂല സാഹചര്യത്തിലും കൃഷി ലാഭകരമാക്കാം എന്ന് തെളിയിക്കുകയാണ് മഹേഷ് അസബെയും അദ്ദേഹത്തിന്റെ കുടുംബവും.

Tags:    
News Summary - Young Engineer Earns Two Crores Annually from Dragon Fruit Cultivation!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.