സംസ്ഥാനത്ത് കുരുമുളക് വില വർധിക്കുന്നു; കിലോയ്ക്ക് 750 രൂപ

കൊച്ചി: സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു. കിലോഗ്രാമിന് 23 രൂപയാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വർധിച്ചത്. ശനിയാഴ്ച അൺഗാർബിൾഡ് മുളകിന് കിലോയ്ക്ക് 730 രൂപയാണ് വില. ഗാർബിൾഡിന് 20 രൂപ അധികം നൽകണം. 750 രൂപയാണ് വില.

നവരാത്രി, ദീപാവലി സീസണിൽ വടക്കേ ഇന്ത്യൻ ഡിമാൻഡ് വർധിച്ചതാണ് വില ഉയരുന്നതിലേക്ക് നയിച്ചത്. കർണാടകയിൽ പ്രതീക്ഷിച്ചതുപോലെ ഉൽപ്പാദനം ഉണ്ടായിട്ടില്ലെന്നതും കുരുമുളകിന്റെ ആവശ്യം വർധിപ്പിച്ചിട്ടുണ്ട്. അതിനാൽ തന്നെ കർണാടകയിലേക്കുള്ള കച്ചവടമാണ് കൂടിയതെന്നാണ് കച്ചവടക്കാർ പറയുന്നത്. തമിഴ്നാട്ടിലും ഈ വർഷം ഉൽപ്പാദനം കുറവായിരുന്നു എന്നാണ് വിവരം.

അതേസമയം, അന്താരാഷ്ട മാർക്കറ്റിലും ഇന്ത്യൻ കുരുമുളകിന്റെ വില വർധിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ കറുത്ത കുരുമുളകിന്റെ വില കിലോഗ്രാമിന് ശരാശരി 16 രൂപയാണ് കൂടിയത്. കുരുമുളകിന്റെ വർധനയുണ്ടായെങ്കിലും ഉൽപാദനം കുറഞ്ഞതിനാൽ പ്രയോജനം ലഭിക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്. ദീപാവലി സീസണിലെ ഡിമാൻഡ് ലക്ഷ്യമിട്ട് അന്തർസംസ്ഥാന വ്യാപാരികൾ കുരുമുളക് സംഭരണം വർധിപ്പിച്ചിരുന്നു.

എന്നാൽ, കുരുമുളക് ആവശ്യത്തിന് അനുസരിച്ച് ലഭിക്കുന്നില്ല. മുൻവർഷത്തെ അപേക്ഷിച്ച് ജില്ലയിൽ 25 മുതൽ 30 ശതമാനം വരെ ഉൽപാദനക്കുറവ് ഉണ്ടെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. ഉത്തരേന്ത്യൻ വ്യാപാരികൾ ഉയർന്ന വിലക്ക് വാങ്ങാൻ തയാറെങ്കിലും ഉൽപാദനം കുറഞ്ഞത് വലിയ തിരിച്ചടിയാണ്.

News Summary - Pepper prices increase in Kerala, Rs 750 per kg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.