1) രാജേന്ദ്രൻ നായർ ചെടിപ്പാക്കിന്റെ കുലയുമായി 2) തോട്ടത്തില്‍ കായ്ച്ചുനില്ക്കുന്ന ചെടി കമുക്
ചാമംപതാൽ (കോട്ടയം): ചുവന്നു തുടുത്ത് ഒറ്റ നോട്ടത്തിൽ ചെറിപ്പഴം പോലെ തോന്നിക്കുന്ന ചെടിപ്പാക്കിൻ കുലകൾക്ക് പ്രത്യേക ഭംഗിയാണ്. മൈസൂർ പാക്ക് എന്ന പേരിലും അറിയപ്പെടുന്ന കുഞ്ഞു പാക്ക് കർഷകന് സമ്മാനിക്കുന്നത് ചെറുതല്ലാത്ത വരുമാനം. ചെടി കമുക്, സിലോൺ കമുക്, മൈസൂർ കമുക് എന്നിങ്ങനെ പേരുകളില്‍ അറിയപ്പെടുന്ന കമുക് നിറയെ ചെടിപ്പാക്കിൻ കുലകൾ പഴുത്തു നിൽക്കുന്ന അപൂർവ കാഴ്ച കോട്ടയം ചിറക്കടവ് കന്നുകുഴി തഴയ്ക്കവയലിൽ രാജേന്ദ്രൻ നായരുടെ റബർ തോട്ടത്തിലാണ്.
ഒരു കിലോ ഉണങ്ങിയ ചെടിപ്പാക്കിന് ഇപ്പോൾ 210 രൂപ വിലയുണ്ട്. കിലോക്ക് 400 രൂപ വരെ വില കിട്ടിയ സമയം ഉണ്ടായിരുന്നു. കാര്യമായ പരിപാലനം ഇല്ലാതെ കിട്ടുന്നതിനാൽ ഇത് ലാഭകരമാണെന്നു രാജേന്ദ്രൻ നായർ പറയുന്നു.
വലിയ കുലകളിൽ 1000 പാക്ക് വരെയുണ്ടാകും. ഉണക്കിയെടുത്താല്‍ ഒരു കിലോയോളം ഉണക്ക പാക്ക് വരും. വടക്കേ ഇന്ത്യയിലേക്കാണ് മൈസൂര്‍ പാക്ക് കൊണ്ടുപോകുന്നതെന്ന് മലഞ്ചരക്ക് വ്യാപാരികൾ പറഞ്ഞു. ദസറ ആഘോഷകാലത്താണ് ഇത്തരം അടയ്ക്കക്ക് വില കൂടുതല്‍ കിട്ടുന്നത്. വളരെ ചെറിയ പാക്കിന്റെ തൊണ്ട് നീക്കൽ സാധാരണ പാക്ക് പൊളിക്കുന്നതുപോലെ അത്ര എളുപ്പമല്ല. അതിനും രാജേന്ദ്രൻ നായര്‍ക്ക് എളുപ്പവഴിയുണ്ട്.
വീട്ടിലെ പഴയ ഗ്രൈന്‍ഡറിലേക്ക് ഉണങ്ങിയ മൈസൂര്‍ പാക്ക് ഇട്ട ശേഷം ഇരുമ്പ് പൈപ്പ് കൊണ്ട് കുത്തി തൊണ്ട് പൊളിക്കും. പിന്നീട് അത് മുറത്തിലിട്ട് പേറ്റി പാക്ക് വേർതിരിച്ചെടുക്കും. ഇവയാണ് മലഞ്ചരക്ക് കടയിൽ കൊടുക്കുന്നത്. കിളികള്‍ കൊത്തിക്കൊണ്ടിട്ട അടയ്ക്ക കിളിര്‍ത്താണ് മിക്കവയും ഉണ്ടായതെന്ന് രാജേന്ദ്രൻ നായർ പറഞ്ഞു. ഇപ്പോൾ റബർ തോട്ടത്തിൽ ഇടവിള പോലെ ഈ കമുകുകളാണ്.
വരുമാനം കണ്ടതോടെ കുറെയേറെ വിത്തുപാകി തോട്ടത്തിന്റെ അതിരിലൂടെ നട്ടുവളര്‍ത്തി. വര്‍ഷത്തിലൊന്ന് കോഴിവളം നൽകാറുണ്ട്. ഈ വർഷം കായ്കളിൽ കീട ശല്യം കാണുന്നുണ്ട്. അടയ്ക്കാ കുലകളുടെ ഭംഗിയും കുറഞ്ഞ പരിപാലന ചിലവും തരക്കേടില്ലാത്ത വരുമാനവും കണക്കിലെടുക്കുമ്പോൾ കഴിയുന്നത്ര ഈ കൃഷിയുമായി മുന്നോട്ട് പോകുവാനാണ് ആഗ്രഹമെന്ന് രാജേന്ദ്രൻ നായർ പറയുന്നു.
1)രാജേന്ദ്രൻ നായർ ചെടിപ്പാക്കിന്റെ കുലയുമായി 2) തോട്ടത്തില്‍ കായ്ച്ചുനില്ക്കുന്ന ചെടി കമുക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.