കാരശ്ശേരി പഞ്ചായത്തിൽ കൃഷിനാശമുണ്ടായ പ്രദേശങ്ങൾ പ്രസിഡൻറ് വി.പി. സ്മിതയുടെ നേതൃത്വത്തിൽ

സന്ദർശിക്കുന്നു

കനത്ത മഴയും വെള്ളപ്പൊക്കവും; ലക്ഷങ്ങളുടെ കൃഷിനാശം

മുക്കം: രണ്ടാഴ്ചയിലധികമായി തുടരുന്ന കനത്ത മഴയിൽ കാരശ്ശേരി പഞ്ചായത്തിൽ ലക്ഷങ്ങളുടെ കൃഷിനാശം. കാറ്റിലും വയലുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിയുമാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി കൃഷിനാശമുണ്ടായത്. കക്കാട്, കുമാരനല്ലൂർ വില്ലേജുകളിലായി പ്രാഥമിക കണക്കുകൾ പ്രകാരം അഞ്ച് ഹെക്ടർ സ്ഥലത്തെ കൃഷിനാശത്തിൽ 62 ലക്ഷം രൂപയുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്. പ്രധാനമായും വാഴക്കർഷകരെയാണ് വെള്ളപ്പൊക്കം കൂടുതലായി ബാധിച്ചത്. ഈ മേഖലയിൽ മാത്രം 60 ലക്ഷത്തിന്റെ നഷ്ടമുണ്ട്.

ഇസ്മായിൽ മേച്ചേരി, ഹരിദാസൻ തൂങ്ങലിൽ, സുരേഷ് ആനയാംകുന്ന്, ഇ.പി. ബാബു കളരിക്കണ്ടി, ഉമ്മർ കോയ കപ്പാല, ജോൺ ഫ്രാൻസിസ് ഉള്ളാട്ടിൽ, രാധാകൃഷ്ണൻ തൂങ്ങലിൽ, ഷാജികുമാർ കുന്നത്ത്, അഹമ്മദ് ഹാജി അടുക്കത്തിൽ, ആഷിൽ തൂങ്ങലിൽ, അബ്ദുൽ ലത്തീഫ് എന്നീ കർഷകരുടേതുൾപ്പെടെ കുലച്ചതും കുലക്കാത്തതുമായ പതിനായിരത്തോളം വാഴകളാണ് നശിച്ചത്. ഇതിനുപുറമെ 120 കവുങ്ങുകളും 10 തെങ്ങുകളും 53 റബർ മരങ്ങളും മഴക്കെടുതിയിൽ നശിച്ചു.

ബാങ്കുകളിൽനിന്നും ഇതര ധനകാര്യ സ്ഥാപനങ്ങളിൽനിന്നും വായ്പയെടുത്ത് കൃഷിയിറക്കിയവർ ഏറെ ദുരിതത്തിലാണ്. കർഷകർക്ക് അടിയന്തരമായി നഷ്ടപരിഹാരം ലഭ്യമാക്കാൻ സർക്കാർ നടപടി കൈക്കൊള്ളണമെന്ന് സ്ഥലം സന്ദർശിച്ച പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശാന്താദേവി മൂത്തേടത്ത്, പഞ്ചായത്തംഗം കുഞ്ഞാലി മമ്പാട്ട്, പൊതുപ്രവർത്തകരായ എം.ടി. അഷ്റഫ്, സി.വി. ഗഫൂർ, കെ.പി. സാദിഖ് എന്നിവർ ആവശ്യപ്പെട്ടു.



Tags:    
News Summary - Heavy rain and floods; Crop loss of lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.