കൊമ്പന്മാരെ തടയും, കാശും കിട്ടും; കരിമ്പന വേലിയുമായി വനംവകുപ്പ് 

കേളകം (കണ്ണൂർ): വന്യമൃഗങ്ങൾ ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് തടയാൻ നൂതന മാർഗവുമായി വനംവകുപ്പ്. പാൽമിറ ബയോ ഫെൻസിങ് എന്ന നൂതന ആശയമാണ് നടപ്പാക്കുന്നത്. അതിർത്തി മേഖലയിൽ കരിമ്പനകൾ ഉപയോഗിച്ച് ജൈവവേലി തീർത്ത് മൃഗങ്ങളെ തടയുകയാണ് ഈ മാർഗത്തിലൂടെ. 

ശ്രീലങ്കയിൽ നടപ്പിലാക്കി വിജയിച്ച മാതൃക പിന്തുടർന്നാണ് ഇവിടെയും പദ്ധതി ആവിഷ്കരിക്കുന്നത്. കൊട്ടിയൂർ വന്യജീവി സങ്കേതത്തിലെ അതിർത്തിപ്രദേശമായ പന്നിയാമലയിൽ ഒരു കിലോമീറ്റർ നീളത്തിൽ ആയിരം തൈകൾ വീതം നാലു വരികളിലായി 4000 തൈകൾ പ്രത്യേകരീതിയിൽ നട്ടുവളർത്തി ജൈവവേലി നിർമിച്ചാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതിക്ക് തുടക്കിമിട്ടിരിക്കുന്നത്.

ഗുണഭോക്താക്കളുടെ സഹകരണത്തോടെ തൈകൾ നടുകയും പരിചരിക്കുകയും ചെയ്യുന്ന ഈ പദ്ധതിക്ക് അഞ്ചുവർഷത്തിനുശേഷം പരിചരണം പോലും ആവശ്യമില്ല. ആനകളെ പ്രതിരോധിക്കാൻ ഒരു പരിധിവരെ പ്രയോജനപ്പെടുകയും ചെയ്യും. 

വളർന്നുവരുന്ന കരിമ്പനകളിൽ നിന്ന് നൊങ്ക്, നീര, പനഞ്ചക്കര, സ്ക്വാഷ്, ബേബിഫുഡ്, ജാം എന്നിങ്ങനെ ഇരുപതോളം ഭക്ഷ്യവിഭവങ്ങൾ നിർമിക്കാം. കരകൗശല വസ്തുക്കളും ഫർണിച്ചറും നിർമിക്കാൻ പനയോല, നാര്, പനം തടി എന്നിവയും ലഭിക്കും. ഇവ മണ്ണൊലിപ്പ് തടയുകയും പ്രദേശത്തെ വായുവും ഭൂഗർഭജലവും ശുദ്ധമാക്കുകയും ചെയ്യുന്നു. 

ആറളം വൈൽഡ് ലൈഫ് ഡിവിഷനാണ് വനമഹോത്സവത്തിൻെറ ഭാഗമായി പദ്ധതി നടപ്പാക്കുന്നത്. പൊതുമേഖല സ്ഥാപനമായ കെൽപാമുമായി സഹകരിച്ചാണ് നടത്തിപ്പ്. കൊട്ടിയൂർ കണ്ടപ്പുനം ഫോറസ്റ്റ് ഡോർമിറ്ററി ഹാളിൽ പദ്ധതി ഉദ്ഘാടനം വനംവകുപ്പ് മന്ത്രി അഡ്വ. കെ. രാജു ഓൺലൈനായി നിർവഹിച്ചു. സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.

കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻറ്​ ഇന്ദിര ശ്രീധരൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആറളം വന്യജീവി സങ്കേതം വെെൽഡ് ലൈഫ്​ വാർഡൻ  എ. ഷജ്​ന, പേരാവൂർ ​േബ്ലാക്ക് പഞ്ചായത്ത് വെെസ് പ്രസിഡൻറ്​ വി. ഷാജി, ആറളം വന്യജീവി സങ്കേതം അസി. വെെൽഡ്​ ലൈഫ്​ വാർഡൻ ടി. സോളമൻ തോമസ് ജോർജ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - palm bio fencing -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.