കരകൃഷിയൊരുക്കാം; കൈതാങ്ങായി സര്‍ക്കാര്‍ 

മുപ്പതാണ്ടുകള്‍ക്ക് മുമ്പ് വരെയായിരുന്നു കേരളത്തില്‍ നെല്‍കൃഷിയുടെ സുവര്‍ണകാലം .  അതുവരെയുള്ള സാഹിത്യങ്ങളിലും സിനിമകളിലും പശ്ചാത്തലമായും പ്രമേയമായുമെല്ലാം കൃഷി  പ്രധാനകഥാപാത്രമായിരുന്നു. എന്നാല്‍ ഇന്ന് കാലം മാറി. പാടങ്ങളെല്ലാം കോണ്‍ക്രീറ്റ് കാടുകള്‍ക്ക് വഴിമാറി. അവശേഷിച്ച കൃഷിയിടങ്ങള്‍ കൂടുതല്‍ പണം കിട്ടുന്ന റബ്ബര്‍, കമുക് തുടങ്ങിയ തോട്ടവിളകളിലേക്ക് മാറിയപ്പോള്‍ കേരളത്തില്‍ നെല്‍കൃഷി നാമമാത്രമായി. 
ഇന്ന്...പുതിയ സര്‍ക്കാര്‍, യുവ മന്ത്രി... കര്‍ഷകര്‍ക്ക് പ്രതീക്ഷകളേറെയാണ്. ബാക്കി നില്‍ക്കുന്ന നെല്‍പാടങ്ങളെ സംരക്ഷിക്കാന്‍ ഒരു കൈതാങ്ങ്- നെല്‍കര്‍ഷകര്‍ പ്രതീക്ഷിക്കുകയാണ്. പ്രതീക്ഷിച്ചപോലെ ചില പ്രഖ്യാപനങ്ങള്‍ ഉണ്ടാകുന്നു.  തരിശുകിടക്കുന്ന ഭൂമിയില്‍ കൃഷിയൊരുങ്ങുന്നു. നെല്‍കൃഷിക്കായി ആനുകൂല്യങ്ങളുമുണ്ട്. പ്രത്യേകിച്ച് കരനെല്‍കൃഷിക്ക്.

എന്താണ് കരനെല്‍കൃഷി
പാടം ഉഴുതുമറിച്ച് അവിടെ വെള്ളം കെട്ടി നിര്‍ത്തി ഞാറ് നട്ട് നടുന്നതാണ് പാടത്തുള്ള കൃഷി. പൂര്‍ണമായും മഴയെ ആശ്രയിച്ചുള്ള കൃഷി രീതിയാണിത്.  ഇതില്‍ നിന്നും വ്യത്യസ്ഥമായി കര/പറമ്പില്‍ നടത്തുന്ന നെല്‍കൃഷിയാണ് കരനെല്‍കൃഷി. ഇതിന്  വളരെ കുറച്ച് വെള്ളവും വളവും മതി. തെങ്ങ്, കമുക്, റബ്ബര്‍ തൈകള്‍ക്കിടയിലെല്ലാം കൃഷി ചെയ്യാം. ജലസേചന സൗകര്യമുണ്ടെങ്കില്‍ വര്‍ഷം മുഴുവനും. 10 സെന്‍റില്‍ നിന്ന് 120 കിലോയാണ് പ്രതീക്ഷിക്കുന്ന വിളവെടുപ്പ്.

കൃഷി രീതി
ഏപ്രില്‍ മാസത്തില്‍ ലഭിക്കുന്ന ആദ്യ മഴയില്‍ കൃഷി ചെയ്യാനുദ്ദേശിക്കുന്ന നിലം നന്നായി ഉഴുതുമറിച്ച് ചാണകപ്പൊടിയും കുമ്മായവും വിതറി ഒരുക്കുക. ശേഷം മേയ് പകുതിയോടുകൂടി വിത്ത് വിതക്കാം. മഴവെള്ളം ഒഴിഞ്ഞുപോകാനായി ഉയരത്തിലായിരിക്കണം കൃഷിയിടം. ഒരു സെന്‍റ് സ്ഥലത്ത് നാനൂറ് ഗ്രാം എന്ന തോതില്‍ ഒരു ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്യുന്നതിനായി 40 കിലോ വിത്ത് മതി. അമ്പത് ശതമാനത്തോളം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളാകണം കൃഷിക്ക് തെരഞ്ഞെടുക്കേണ്ടത്. 

വിത്ത് നടീല്‍
മുളപ്പിക്കാത്ത വിത്ത് 15 സെ.മീ x 10 സെ.മീ അകലത്തില്‍ ചെറിയ ചാല് കീറി വിത്ത് വിതക്കാം. മുളച്ച് കഴിയുമ്പോള്‍ ഞാറ് അധികമുള്ളിടത്തുനിന്ന് പറിച്ച് കുറവുള്ള സ്ഥലത്ത് നടണം. വൈശാഖ്, ഉമ, ഐശ്വര്യ, ജ്യോതി, സുവര്‍ണമോടന്‍, സ്വര്‍ണപ്രഭ, വര്‍ഷ, ഹര്‍ഷ തുടങ്ങിയ വിത്തുകളാണ് സാധാരണയായി കരനെല്‍കൃഷിക്ക് ഉപയോഗിക്കുന്നത്.  ഏകദേശം 120 ദിവസം പ്രായമാകുന്നതോടെ  കരനെല്‍ കൊയ്യാം. ഇടക്ക് മഴലഭിക്കുകയാണെങ്കില്‍ ജലസേചനത്തിന്‍െറ ആവശ്യമില്ല. വരള്‍ച്ച ഉണ്ടായാല്‍പോലും അതിനെ അതിജീവിക്കുന്ന വിത്തിനങ്ങള്‍ ഇന്ന് വികസിപ്പിച്ചെടുത്തിട്ടുണ്ട്. 

ഭീഷണി, പരിഹാരം
കരനെല്‍കൃഷിക്കുള്ള  പ്രധാന ഭീഷണി കളശല്യങ്ങളാണ്. കൃഷി സ്ഥലം ഒരുക്കിയതിന് ശേഷം കള മുളച്ചു പൊങ്ങാന്‍  ഏഴ് മുതല്‍ 10  ദിവസം വരെ  വെറുതെയിടുക. ശേഷം പൊന്തി വരുന്ന കളകളെ വീണ്ടും ഉഴുത് മണ്ണോട് ചേര്‍ക്കുക. ശേഷമാണ് വിത്ത് വിതറേണ്ടത്. അതിന് ശേഷവും കൃഷിയിടത്തില്‍ കളകള്‍ വളരാതെ നോക്കണം. 

കീട പ്രതിരോധം
വേപ്പ് അധിഷ്ടിത കീടനാശിനി കീടനിയന്ത്രണത്തിന് ഉപയോഗിക്കാം. ചാണകം അടിവളമായി ഉപയോഗിക്കുമ്പോള്‍ ചിതല്‍ വരാനുള്ള സാധ്യതയുണ്ട്.  സെന്‍റ് ഒന്നിന് ഒരു കിലോഗ്രാം എന്ന തോതില്‍ വേപ്പിന്‍ പിണ്ണാക്ക് നല്‍കാം. കതിരിടുന്ന സമയത്തുണ്ടാകുന്ന ചാഴ ി ശല്യം തടയാന്‍ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം നല്ലതാണ്. സന്ധ്യാസമയത്ത് വീടിന് സമീപം തീകൂട്ടുന്നതും ചാഴിശല്യത്തെ തുരത്തും. രോഗബാധക്കുള്ള മുന്‍കരുതലായി  രണ്ടുശതമാനം വീര്യമുള്ള സ്യൂഡോമോണസ് (20ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍) മൂന്നാഴ്ചയില്‍ ഒരിക്കല്‍ ഉപയോഗിക്കുക. 

സര്‍ക്കാര്‍ കൂടെയുണ്ട്
കരനെല്‍കൃഷി കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ അകമഴിഞ്ഞ പിന്തുണയാണുള്ളത്. സംസ്ഥാനത്ത് 26000 ഹെക്ടര്‍ കരനെല്‍കൃഷി വ്യാപിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്‍െറ ലക്ഷ്യം. ഇതിനായി കര്‍ഷകര്‍ക്ക് 4000 രൂപയാണ് സബ്സിഡിയായി നല്‍കുന്നത്. നേരത്തെ ഇത് 2000 രൂപയായിരുന്നു. വിത്തും വളവും സര്‍ക്കാര്‍ നല്‍കുന്നതോടൊപ്പം വിളവെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 1000 രൂപ ബോണസും നല്‍കും. കുറഞ്ഞത് അമ്പത് സെന്‍റില്‍ കൃഷി ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം. ഒരു പഞ്ചായത്തില്‍ കുറഞ്ഞത് മൂന്ന് ഹെക്ടറെങ്കിലും കരനെല്‍കൃഷി നടത്തണം എന്നാണ് സര്‍ക്കാര്‍ പഞ്ചായത്തുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.