മറയൂർ: മഴക്കുറവും വിലയിടിവും ഒരേസമയം തിരിച്ചടിയായതോടെ കാന്തല്ലൂർ–വട്ടവട മേഖലയിലെ വെളുത്തുള്ളി കർഷകർ ദുരിതത്തിൽ. കഴിഞ്ഞ മാസം കിലോയ്ക്ക് 400 മുതൽ 500 രൂപ വരെ ലഭിച്ചിരുന്ന വെളുത്തുള്ളിക്ക് ഇപ്പോൾ 150 മുതൽ 250 രൂപ വരെയാണ് ലഭിക്കുന്നത്. വിളവെടുപ്പ് കാലത്ത് വില കുത്തനെ ഇടിഞ്ഞതാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്.
ശീതകാല പച്ചക്കറി കൃഷിക്ക് പേരുകേട്ട കാന്തല്ലൂർ–വട്ടവട മേഖലയിൽ ഉരുളക്കിഴങ്ങ്, കാരറ്റ്, കാബേജ്, വെളുത്തുള്ളി, ബീറ്റ്റൂട്ട് തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. വർഷത്തിൽ മൂന്ന് സീസണുകളിലായി പച്ചക്കറി കൃഷി ചെയ്യുന്ന പ്രദേശമാണിത്. സർക്കാർ സ്ഥാപനങ്ങളുടെ സംഭരണവും വിപണനവും കാര്യക്ഷമമല്ലാതായതോടെ ഇത്തവണ കൂടുതൽ കർഷകർ വെളുത്തുള്ളി കൃഷിയിലേക്ക് തിരിഞ്ഞിരുന്നു.
മുമ്പ് തമിഴ്നാട്ടിലെ വിപണികളിലായിരുന്നു പ്രദേശത്തെ പച്ചക്കറികൾ പ്രധാനമായും വിറ്റിരുന്നത്. പിന്നീട് ഹോർട്ടികോർപ്പും വി.എഫ്.പി.സി.കെ.യും വഴി സർക്കാർ സംവിധാനങ്ങൾ കർഷകരിൽനിന്ന് പച്ചക്കറികൾ സംഭരിച്ച് വിപണനം നടത്തിയിരുന്നു. എന്നാൽ വർഷങ്ങളായി ഈ സംവിധാനം കാര്യക്ഷമമല്ലെന്ന് കർഷകർ പറയുന്നു. ഹോർട്ടികോർപ്പിൽനിന്ന് ഇപ്പോഴും കർഷകർക്ക് ലഭിക്കാനുള്ള തുക കുടിശികയാണെന്നും പരാതിയുണ്ട്.കഴിഞ്ഞ ഓണം വരെ ഹോർട്ടികോർപ്പും വി.എഫ്.പി.സി.കെ.യും പ്രദേശത്തുനിന്ന് പച്ചക്കറികൾ സംഭരിച്ചിരുന്നെങ്കിലും ഇത്തവണ ഒരു കിലോ പച്ചക്കറി പോലും സംഭരിച്ചിട്ടില്ലെന്ന് കർഷകർ പറയുന്നു. സർക്കാർ ആനുകൂല്യങ്ങളും സബ്സിഡികളും കൃത്യമായി ലഭിക്കാത്തതും കർഷകരുടെ പ്രതിസന്ധി വർധിപ്പിച്ചു.
നിലവിൽ കാന്തല്ലൂരിലെ വെളുത്തുള്ളി തമിഴ്നാട്ടിലെ തേനി ജില്ലയിലെ വടുഗപെട്ടി മാർക്കറ്റിലാണ് കർഷകർ നേരിട്ട് എത്തിച്ച് വിൽക്കുന്നത്. കഴിഞ്ഞ മാസം മികച്ച വില ലഭിച്ചിരുന്നെങ്കിലും ഇപ്പോഴത്തെ വിലയിടിവ് കർഷകർക്ക് കനത്ത തിരിച്ചടിയായി.
ഇതിനുപുറമെ കർക്കടകത്തിൽ ആവശ്യത്തിന് മഴ ലഭിക്കാത്തതിനാൽ വെളുത്തുള്ളി കൃഷിയെയും വരൾച്ച സാരമായി ബാധിച്ചു. ഉൽപാദനം കുറഞ്ഞതിനൊപ്പം വിപണിവിലയും ഇടിഞ്ഞതോടെ കൃഷിച്ചെലവ് പോലും തിരിച്ചുകിട്ടാത്ത സ്ഥിതിയിലാണെന്ന് കർഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.