പൂവിളികൾക്കൊപ്പം വിലയുയർന്ന് വാഴയിലയും; ഓണസദ്യയ്ക്ക് ഇല കിട്ടാനില്ലെന്ന് മലയാളികൾ

കോഴിക്കോട്: പൊന്നോണത്തെ വരവേൽക്കാൻ ഒരുങ്ങുന്ന മലയാളിക്ക് ഇത്തവണയും സദ്യവട്ടങ്ങൾ വലിയ സാമ്പത്തിക ബാധ്യതയാകും. പച്ചക്കറികളുടെയും പലവ്യഞ്ജനങ്ങളുടെയും വില കുതിച്ചുയരുന്നതിനൊപ്പം ഓണസദ്യയിലെ പ്രധാന ഘടകമായ തൂശനില അഥവാ വാഴയിലയ്ക്കും ഇപ്പോൾ പൊള്ളുന്ന വിലയാണ്. സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് വിപണിയിൽ വാഴയിലയുടെ വില ഇരട്ടിയിലധികമായി ഉയർന്നുകഴിഞ്ഞു. വില കുതിച്ചുയരുന്നു.

സാധാരണ ദിവസങ്ങളിൽ രണ്ടുമുതൽ രണ്ടര രൂപവരെ മാത്രം വിലയുണ്ടായിരുന്ന ഒരു വാഴയിലയ്ക്ക് ഇപ്പോൾ ചില്ലറ വിപണിയിൽ നാല് മുതൽ അഞ്ച് രൂപവരെയാണ് ഈടാക്കുന്നത്. എന്നാൽ ഓണം അടുത്തെത്തുന്നതോടെ വില ഇനിയും ഉയരുമെന്നും തിരുവോണ ദിവസങ്ങളിൽ ഇത് പത്തോളം രൂപവരെ എത്തിയേക്കാമെന്നും വ്യാപാരികൾ ആശങ്ക രേഖപ്പെടുത്തുന്നു.

കോഴിക്കോട്ടെ പ്രധാന വിപണികളായ പാളയത്തേക്കും മറ്റ് ചന്തകളിലേക്കും ആവശ്യമായ വാഴയില പ്രധാനമായും എത്തുന്നത് കർണാടകയിൽനിന്നും തമിഴ്നാട്ടിലെ മേട്ടുപ്പാളയം, കോയമ്പത്തൂർ, കമ്പം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമാണ്. എന്നാൽ തമിഴ്നാട്ടിലുണ്ടായ കനത്ത കാറ്റിലും മഴയിലും വാഴക്കൃഷി വ്യാപകമായി നശിച്ചത് ഇലയുടെ ലഭ്യതയെ സാരമായി ബാധിച്ചു. കേരളത്തിലെ ചെറുകിട കർഷകരിൽ നിന്നും നാമമാത്രമായ ഇലകൾ മാത്രമാണ് വിപണിയിൽ എത്തുന്നത്.

വീടുകൾക്ക് പുറമെ ഹോട്ടലുകൾ, കാറ്ററിങ് സ്ഥാപനങ്ങൾ, വലിയ കൂട്ടായ്മകൾ എന്നിവയെല്ലാം വലിയ തോതിലാണ് ഓണസദ്യയ്ക്കായി ഇല മുൻകൂട്ടി ബുക്ക് ചെയ്യുന്നത്. ഇതിനുപുറമെ കേരളത്തിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്കും മറ്റ് വിദേശ രാജ്യങ്ങളിലേക്കും വാഴയില കയറ്റുമതി ചെയ്യുന്നതും പ്രാദേശിക വിപണിയിൽ ഇലയുടെ ലഭ്യത കുറയാൻ കാരണമായിട്ടുണ്ട്. വിദേശത്തേക്ക് ഇലകൾ കയറ്റി അയക്കുന്നതിനാൽ കമ്പം ഉൾപ്പെടെയുള്ള പ്രധാന മൊത്തവ്യാപാര കേന്ദ്രങ്ങളിൽ നിന്ന് വൻവില നൽകി ഇലകൾ വാങ്ങിപ്പോകാൻ മറ്റു സംസ്ഥാനങ്ങളിലെ വ്യാപാരികളും തയാറാകുന്നുണ്ട്.

വിപണിയിൽ പേപ്പർ വാഴയിലകളും കൃത്രിമ ഇലകളും ലഭ്യമാണെങ്കിലും, മലയാളിയുടെ നാവിലുറച്ച ഓണസദ്യയുടെ തനിമ ചോരാതിരിക്കാൻ ഉയർന്ന വില നൽകിയാണെങ്കിലും തൂശനിലയോടുതന്നെയാണ് ഇന്നും മലയാളിക്ക് പ്രിയം.

Tags:    
News Summary - Banana Leaf Prices Skyrocket Ahead of Onam, Adding to Festive Financial Burden

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.