അബ്ദുൽ നാസർ മുന്തിരി തോട്ടത്തിൽ
കയ്പമംഗലം: തീരദേശത്ത് അപൂർവമായി വിളയുന്ന കമ്പോഡിയൻ മുന്തിരി നട്ടുവളർത്തി ശ്രദ്ധേയനാവുകയാണ് കയ്പമംഗലം കാക്കാത്തിരുത്തി ബദർ പള്ളിക്ക് പടിഞ്ഞാറ് കറുപ്പം വീട്ടിൽ അബ്ദുൽ നാസർ. വീട്ടുമുറ്റത്തും മട്ടുപ്പാവിലുമായി വിവിധയിനം പച്ചക്കറികളും പഴവർഗങ്ങളും കൃഷി ചെയ്യുന്ന നാസറിന്റെ മുന്തിരിത്തോട്ടത്തിൽ ഇപ്പോൾ നിറയെ മുന്തിരിക്കുലകളാണ്.
പെരുമ്പാവൂരിൽ നിന്ന് വാങ്ങിയ രണ്ട് കമ്പോഡിയൻ മുന്തിരി തൈകളാണ് നാസർ വീട്ടുമുറ്റത്ത് നട്ടത്. ഒരു വർഷത്തോളം കഴിഞ്ഞിട്ടും കായ്ഫലം ഉണ്ടായില്ല. ഇതിനിടെ ചെടി ഉണങ്ങിപ്പോകുകയും ചെയ്തു. കൃഷി അവസാനിച്ചെന്ന് കരുതിയിരിക്കെയാണ് ഉണങ്ങിയ ചെടിയിൽ നിന്ന് ഏകദേശം അഞ്ച് മാസം മുമ്പ് പുതിയ തളിരുകൾ പൊട്ടിവന്നത്. പിന്നീട് അതിവേഗം വളർന്ന വള്ളി മട്ടുപ്പാവിലേക്ക് പടർന്ന് പന്തലായി. ഇപ്പോൾ വള്ളിയിൽ നിറയെ മുന്തിരിക്കുലകൾ കായ്ച്ചുനിൽക്കുകയാണ്. ഓരോ കുലയിലും ആയിരത്തിലധികം മുന്തിരികളുണ്ട്. നിലവിൽ കായകൾ വളർച്ചയുടെ ഘട്ടത്തിലാണെന്നും ഒരു മാസം കൂടി കഴിഞ്ഞാൽ വിളവെടുപ്പിന് പാകമാകുമെന്നും നാസർ പറയുന്നു.
വെറും നാല് സെന്റ് പുരയിടത്തിൽ നൂറോളം പഴവർഗ ചെടികളാണ് നാസർ പരിപാലിക്കുന്നത്. വിവിധയിനം പച്ചക്കറികളും പഴവർഗങ്ങളും വീട്ടുവളപ്പിൽ തന്നെ കൃഷി ചെയ്ത് മികച്ച വിളവ് നേടുന്ന നാസറിന്റെ കൃഷിരീതി നാട്ടുകാരിലും കൗതുകമുണർത്തുന്നുണ്ട്.
മുന്തിരിക്കൊപ്പം വിദേശ പഴവർഗങ്ങളോടും നാസറിന് പ്രത്യേക താൽപര്യമുണ്ട്. സഹോദരൻ അബ്ദുൽ ഹക്കിമും സുഹൃത്ത് മുഹമ്മദ് റാഫിയും ചേർന്ന് കർണാടകയിൽ ഡ്രാഗൺ ഫ്രൂട്ട് കൃഷിയും നടത്തുന്നുണ്ട്. വീട്ടുവളപ്പിലെ ചെറിയ ഇടം പോലും ഫലപ്രദമായി ഉപയോഗപ്പെടുത്തി വ്യത്യസ്ത കൃഷിരീതികൾ പരീക്ഷിക്കുന്ന നാസറിന്റെ കൃഷിയിടം തീരദേശത്തെ കർഷകർക്ക് വേറിട്ട മാതൃകയാണ്. കർഷക ദിനത്തിൽ മികച്ച കർഷകനുള്ള അവാർഡ് നൽകി കയ്പമംഗലം പഞ്ചായത്ത് നാസറിനെ ആദരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.