കൊളസ്ട്രോളിന് ബെസ്റ്റ്; ഇതൊക്കെ ശ്രദ്ധിച്ചാൽ കാന്താരി മുളക് കൂടുതൽ വിളയും

കുറച്ചുക്കാലം മുമ്പുവരെ നമ്മുടെ പറമ്പുകളിൽ സജീവമായി കിളിർത്ത് വളർന്നിരുന്ന ഇനമായിരുന്നു കാന്താരി മുളക്. പക്ഷികൾ മുഖേനെ പറമ്പുകളിലെത്തുന്ന വിത്തുകൾ ക്രമേണ കുറഞ്ഞതിനുകാരണം വയലുകളിൽ ഉപയോഗിക്കുന്ന അമിതമായ കീടനാശിനി പ്രയോഗവും കളനിയന്ത്രണവുമാണ്. എന്നാൽ, ഇന്ന് കാന്താരി മുളകിന്റെ തൈകൾ തെരഞ്ഞുപിടിച്ച് വീടുകളിൽ നടാൻ തുടങ്ങിയതോടെ മിക്ക നഴ്സറികളിലും കാന്താരി തൈകൾ ലഭ്യമാക്കാൻ ആരംഭിച്ചു. പച്ച, വെള്ള, വയലറ്റ് നിറത്തിലുള്ള കാന്താരികൾ ഉണ്ടാകുന്ന തൈകൾ ഇന്ന് നഴ്സറികളിൽ സുലഭമാണ്.

ഇത്തിരിക്കുഞ്ഞനാണെങ്കിലും ആരോഗ്യ ഗുണങ്ങളിൽ മുൻപന്തിയിലാണ് കാന്താരി. ഇതിന്റെ എരിവിന് നമ്മുടെ ശരീരത്തിലെ കൊളസ്ട്രോളിനെ നിയന്ത്രിക്കാനുള്ള കഴിവുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

നല്ല രീതിയിൽ പരിപാലിച്ചാൽ കാന്താരി നാല് വർഷം വരെ പറമ്പുകളിൽ വളരുകയും നല്ല വിളവ് നൽകുകയും ചെയ്യും. കടകളിൽനിന്ന് വാങ്ങുന്ന സാധാരണ പച്ചമുളകിനെക്കാൾ 2 വർഷം അധികം ആയുസ്സുണ്ട് ഈ ഇനങ്ങൾക്ക്.

കാന്താരി പച്ചയായി വിളവെടുത്ത് അതുപോലെ തന്നെ മാർക്കറ്റിൽ വിപണനത്തിനായി എത്തുന്നു. പഴുത്ത കാന്താരിമുളകിനെ വറ്റൽ മുളകുപോലെ തന്നെ ഉണക്കി കാന്താരി വറ്റൽ മുളകായും വിൽക്കാറുണ്ട്. വറ്റൽ കാന്താരി മുളകിന് പച്ചയേക്കാൾ നല്ല എരിവുണ്ടാകും, അതുകൊണ്ടുതന്നെ നല്ല എരിവുള്ള കറിക്ക് 2 എണ്ണം മാത്രം ചേർത്താൽ മതിയാകും. കറികൾക്ക് മാത്രമല്ല, ഇത് ഉപ്പിലിട്ട് വെക്കുകയും ഉണക്കിയെടുത്ത് ഭക്ഷണത്തിനൊപ്പം പൊരിച്ചെടുക്കുന്ന പതിവും കേരളത്തിലുണ്ട്.

കീടശല്യം തുരത്താം

കാന്താരി വളർത്തുമ്പോൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് അതിലെ കീടങ്ങളുടെ ശല്യം. കീടങ്ങളും പുഴുക്കളും അമിതമായാൽ ഈ തൈകളുടെ വളർച്ച വേഗത്തിൽ മുരടിക്കാറുണ്ട്. പച്ചമുളകിന്റെ ചെടികളെ ആക്രമിക്കുന്ന വെള്ളീച്ച, മണ്ഡരികൾ, ഇലപ്പേനുകൾ, ശൽക്കകീടങ്ങൾ ഇവയുടെ ആക്രമണം കാന്താരിയിലും ഉണ്ടാകുന്നുണ്ട്. ഇത് ചെറുക്കാൻ നല്ല വളപ്രയോഗവും പരിചരണവും അത്യാവശ്യമാണ്.

മഞ്ഞക്കെണി ഉപയോഗിച്ച് കെണിയിൽപ്പെടുത്തി വെള്ളീച്ചകളെ തുരത്താൻ സാധിക്കും. ഇലപ്പേനുകൾ, മണ്ഡരി, ശൽക്ക കീടങ്ങൾ ഇവയെ നിയന്ത്രിക്കുന്നതിന് വേപ്പ് അധിഷ്ഠിത സംയുക്തങ്ങള്‍ സ്പ്രേ ചെയ്യാം. കുറേ തൈകളുണ്ടെങ്കിൽ ഈ സംയുക്തം മതിയാകില്ല. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവരാണെങ്കിൽ വെർട്ടിസീലിയം കലക്കിയ തെളി എടുത്ത് ഇലയുടെ അടിയിലും കൂമ്പിലും നന്നായി സ്പ്രേ ചെയ്യാം. കുറഞ്ഞ രീതിയിൽ വീട്ടുവളപ്പിൽ കൃഷി ചെയ്യുന്നവരാണങ്കിലും കീടശല്യം അമിതമായി ഉണ്ടാവണമെന്നില്ല. എന്നാലും, ജൈവ കീടനാശിനികൾ ഉണ്ടാക്കി ചെടികളിൽ തളിച്ചാൽ കീടങ്ങളെ തുരത്താനും നല്ല കായ്ഫലം ലഭിക്കാനും സഹായിക്കും.

Tags:    
News Summary - Best for cholesterol; Things to keep in mind to grow kantari chili

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.