ഇന്ന് ചിങ്ങം ഒന്ന്. ആവേശത്തോടെ കർഷകരെല്ലാം ഒത്തൊരുമിച്ച് പാടത്തിറങ്ങി നെല്ല് കൊയ്തെടുത്ത പഴയകാലത്തിന്റെ ഗൃഹാതുരതയാണ് മലയാളിക്ക് ഓരോ ചിങ്ങമാസം. മണ്ണും ഭൂമിയുടെ മനസ്സും അറിഞ്ഞ് പാടം ഉഴുതുമറിക്കുന്ന കർഷകന് ആദരസൂചകമായി ചിങ്ങം ഒന്നിന് കർഷക ദിനമായും ആചരിക്കുന്നു. വർഷം മുഴുവനും മറ്റുള്ളവർക്കുവേണ്ടി അധ്വാനിക്കുന്ന ഒരു വിഭാഗത്തിനുവേണ്ടി നീക്കിവെച്ച ദിവസം. അതുകൊണ്ടുതന്നെ നാടാകെ ഇന്നത്തെ ദിനത്തിൽ കർഷകരെ ആദരിക്കുകയും അവരോടുള്ള നാടിന്റെ കടപ്പാട് അറിയിക്കുകയും ചെയ്യുന്നു. പുതുതലമുറയിൽ കാർഷിക അവബോധം വളർത്തുന്നതിനും ഈ ദിനാചരണം ഏറെ ഉപകരിക്കുന്നു. കാർഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും മനസ്സിൽ ചിങ്ങമാസം ഉണർത്തുന്നത്.
വറുതിയുടേയും ദാരിദ്ര്യത്തിന്റേയും മാസമായാണ് മലയാള വർഷത്തിലെ അവസാന മാസമായ കർക്കടകത്തെ കണക്കാക്കുന്നത്. തിമിർത്തുപെയ്യുന്ന മഴക്കാലത്ത് ആളുകൾ വീടുകളിൽ തൊഴിലിനു പോകാതെയിരുന്ന കാലങ്ങൾക്ക് പുതുജീവൻ നൽകി കൊല്ലവർഷത്തിലെ പ്രഥമ മാസമായി ചിങ്ങം പിറക്കുന്നതോടെ സമൃദ്ധി തിരികെ വരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
മലയാളിക്ക് പൊന്നോണ മാസമാണ്. തുമ്പയും മുക്കുറ്റിയും തുടങ്ങി പൂ കായ്ക്കുന്ന ചെടികളെല്ലാം മാവേലിയെ വരവേൽക്കാൻ മലയാളികൾ അണിഞ്ഞൊരുങ്ങുന്നു. സ്വർണവർണമുള്ള നെൽക്കതിരുകൾ പച്ചപ്പാടങ്ങൾക്ക് ശോഭപകരുന്ന ദിനങ്ങളിലൂടെ കേരളക്കര ഒന്നാകെ ആഘോഷത്തിലേക്ക് വഴിമാറുന്നു.
കര്‍ഷകദിനം ഔദ്യോഗികമായി ഏറ്റെടുത്ത് ചിങ്ങം ഒന്നിന് വിവിധ കര്‍ഷകരെയും കാർഷിക മേഖലയിൽ മികച്ച സംഭാവനകള്‍ നല്‍കിയവരെയും ആദരിക്കാറുണ്ട്. അതിന്റെ ഭാഗമായി സംസ്ഥാന കര്‍ഷക ദിനാചരണവും കര്‍ഷക അവാര്‍ഡ് ദാനവും ഇന്ന് കൊച്ചി കളമശ്ശേരിയില്‍ നടക്കും. ചടങ്ങ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. കൃഷിമന്ത്രി ടി. സിദ്ദിഖ് അധ്യക്ഷനാകുന്ന പരിപാടിയിൽ കാര്‍ഷിക മേഖലയിലെ മികവിനെയും സമഗ്ര സംഭാവനകളെയും ആദരിച്ച് 38 വിഭാഗങ്ങളിലായി കര്‍ഷക അവാര്‍ഡുകളും വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.