മായമില്ലാത്ത പച്ചക്കറി കഴിക്കണമെന്ന ആശയിൽ ബീൻസ് നട്ടു തുടങ്ങി; യുവാവിന്റെ കൃഷിയിടത്ത് ഇന്ന് വിളയുന്നത് 150ലേറെ ഇനങ്ങൾ
ഗുണനിലവാരമില്ലാത്തതും മായം ചേർത്തതുമായ പച്ചക്കറികൾ വിപണിയിൽനിന്ന് വാങ്ങി മടുത്ത ഒരു സാധാരണക്കാരന്റെ നിരാശയിൽനിന്ന് പിറവിയെടുത്തത് 1,500 ചതുരശ്ര ടെറസ് ഗാർഡൻ. രാജസ്ഥാനിലെ ബിക്കാനീർ സ്വദേശിയായ വിജയ് ശർമ എന്ന യുവാവാണ് ഈ കാർഷിക വിപ്ലവത്തിന് പിന്നിൽ.
വീട്ടിലെ ആവശ്യത്തിന് അമരപ്പയർ കൃഷി ചെയ്ത് തുടക്കം കുറിച്ച വിജയ് യുടെ തോട്ടത്തിൽ ഇന്ന് പച്ചക്കറികളും പഴങ്ങളും ഔഷധച്ചെടികളുമായി 150ലധികം ഇനങ്ങളാണ് വിളയുന്നത്. കഴിക്കാൻ മയമില്ലാത്ത അമരപ്പയർ കിട്ടാതെ വന്നപ്പോഴാണ് വിജയ് സ്വന്തമായി കൃഷി ചെയ്യാൻ തീരുമാനിച്ചത്. 2017ൽ നടത്തിയ ആദ്യശ്രമത്തിൽ തന്നെ വിപണിയിൽ കിട്ടുന്നതിനേക്കാൾ സ്വാദും ആരോഗ്യവുമുള്ള അമരപ്പയർ വിളവെടുക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന് വലിയ ആത്മവിശ്വാസം നൽകി. തുടർന്ന് ചീര, വെണ്ട, പച്ചമുളക് തുടങ്ങിയവയും നട്ടുപിടിപ്പിച്ചു. ലോക്ക്ഡൗൺ കാലത്ത് കൃഷി കൂടുതൽ വ്യാപിപ്പിച്ച വിജയ്, സമൂഹമാധ്യമങ്ങളുടെ സഹായത്തോടെ പുത്തൻ പരീക്ഷണങ്ങൾ പരീക്ഷിക്കുകയായിരുന്നു.
1,500 ചതുരശ്രയേറിയ തോട്ടത്തിൽ ഇന്ന് പച്ചക്കറികളും പഴങ്ങളും ഔഷധച്ചെടികളും അടക്കം 150ലധികം ഇനങ്ങൾ വളരുന്നുണ്ട്. പഴയ ഡ്രമ്മുകൾ, പ്ലാസ്റ്റിക് കെയ്റുകൾ, ടയറുകൾ, സിമന്റും തോർത്തുമുണ്ടും ഉപയോഗിച്ച് സ്വയം നിർമിച്ച ചട്ടികൾ എന്നിവയാണ് കൃഷിക്കായി വിജയ് പ്രയോജനപ്പെടുത്തിയത്. കൗതുകത്തിന് തുടങ്ങിയ കൃഷി സമൃദ്ധമായി വ്യാപിച്ചതും വിപണികളിലേക്ക് എത്തിച്ച് വരുമാന മാർഗമായി പരിവർത്തപ്പെടുത്താനും സാധിച്ചത് തന്റെ കഠിനമായ ശ്രമവും ആത്മവിശ്വാസമുമാണെന്ന് വിജയ് സാക്ഷ്യപ്പെടുത്തുന്നു.
ഏതൊരാൾക്കും എളുപ്പത്തിൽ വളർത്താനും തുടക്കാർക്കും കൃഷി ചെയ്യാൻ അനുയോജ്യമായ ഒരു വിളയാണ് അമരപ്പയറെന്നാണ് വിജയ് യുടെ ഭാഷ്യം. ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയാണ് അമരപ്പയർ വളരാൻ ഏറ്റവും മികച്ചത്. മൺസൂൺ കാലത്ത് ഇവ വേഗത്തിൽ മുളയ്ക്കുകയും കുറഞ്ഞ പരിചരണത്തിൽ വളരുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു. രാസവളങ്ങൾക്ക് പകരം ചാണകപ്പൊടിയും ചകിരിച്ചോറും മണ്ണുമായി കലർത്തി മികച്ച ഈർപ്പനിലയും പോഷകങ്ങളും ഉറപ്പാക്കണം. ബാൽക്കണിയിലോ ടെറസിലോ കൃഷി ചെയ്യുമ്പോൾ ആവശ്യത്തിന് ആഴവും മികച്ച നീർവാർച്ചയുമുള്ള ഗ്രോ ബാഗുകളോ പാത്രങ്ങളോ ഉപയോഗിക്കുക. തൈകൾ വളരുന്ന ഘട്ടത്തിൽ മണ്ണിൽ ഈർപ്പം നിലനിർത്താൻ ശ്രദ്ധിക്കേണ്ടതുണ്ട്. ദിവസവും ഏതാനും മണിക്കൂറുകളെങ്കിലും നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വെക്കുന്നത് പൂവിടാനും കായ്ഫലം വർധിപ്പിക്കാനും സഹായകരമാണ്.
ദിവസവും ഏതാനും മിനിറ്റുകൾ ചെടികൾക്കായി മാറ്റിവെക്കുക. ഉണങ്ങിയ ഇലകൾ നീക്കം ചെയ്യലും ചെറിയ കട്ടിങ്ങുകളും ചെടിയുടെ ആരോഗ്യം കൂട്ടുമെന്നും ഒരു കുഞ്ഞിനെ പോലെയാണ് ഓരോ ചെടിയെയും പരിപാലിക്കേണ്ടത് എന്നും വിജയ് പറയുന്നു. വിപണിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനൊപ്പം മനസ്സിന് ശാന്തിയും ആരോഗ്യവും നൽകാൻ കൃഷിക്ക് സാധിക്കുമെന്ന് തെളിയിക്കുകയാണ് വിജയ് ശർമ്മ. ഒരു പിടി കൊത്തമര വിത്തുകളിൽ തുടങ്ങി ഇന്ന് നാടിന് മുഴുവൻ മാതൃകയായി മാറിയിരിക്കുകയാണ് ഈ യുവ കർഷകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.