സാറ്റലൈറ്റ് വഴി കൃഷി നിരീക്ഷിച്ച് ഉൽപാദനക്ഷമത കൂട്ടും; കാർഷിക മേഖലയിൽ എ.ഐ സംവിധാനം അവതരിപ്പിച്ച് ഗൂഗ്ൾ

കാർഷിക ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാനും സഹായകരമാകുന്ന ഗൂഗ്ൾ ഡീപ്‌മൈൻഡിന്റെ കീഴിലുള്ള 'ആന്ത്രോ കൃഷി' (AnthroKrishi) ആണ് ഇന്ത്യയിൽ ആദ്യമായി രണ്ട് പുതിയ എ.ഐ മോഡലുകൾ ലോഞ്ച് ചെയ്തത്. സാറ്റലൈറ്റ് ചിത്രങ്ങളുടെ സഹായത്തോടെ കാർഷിക മേഖലയിലെ വിവരങ്ങൾ ക്രോഡീകരിച്ച് വേണ്ട് നിർദേശങ്ങൾ നൽകി ഫലവത്തായ കൃഷി സാധ്യമാക്കുകയാണ് ലക്ഷ്യം. ഇന്ത്യയിൽ തുടക്കമിട്ട ഈ പദ്ധതി നിലവിൽ ഏഷ്യ-പസഫിക്, ആഫ്രിക്ക എന്നീ മേഖലകളിലെ 11 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചിട്ടുണ്ട്.

കാർഷിക ഭൂമിയുടെ അതിരുകൾ, ജലാശയങ്ങൾ, മരങ്ങൾ എന്നിവ കൃത്യമായി അടയാളപ്പെടുത്തുന്ന അഗ്രികൾച്ചറൽ ലാൻഡ്‌സ്‌കേപ്പ് അണ്ടർസ്റ്റാൻഡിങ്, വിളകളുടെ വളർച്ചയും സവിശേഷതകളും കാലാകാലങ്ങളിൽ നിരീക്ഷിക്കുന്ന അഗ്രികൾച്ചറൽ മോണിറ്ററിങ് ആൻഡ് ഇവന്റ് ഡിറ്റക്ഷൻ എന്നിവയാണ് ആ രണ്ട് പ്രധാന മോഡലുകൾ. ഇന്ത്യയിലെ വിവിധ സംസ്ഥാന സർക്കാരുകളും സംരംഭങ്ങളും ഈ സാങ്കേതികവിദ്യ വിജയകരമായി പ്രയോജനപ്പെടുത്തുന്നുണ്ട്.

ജലസേചന വകുപ്പ് ജലസംരക്ഷണത്തിനായി കർണാടക നിലവിൽ ഈ രണ്ട് സംവിധാനങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്. തെലങ്കാന സർക്കാർ 'ADEX' പ്ലാറ്റ്‌ഫോം വഴി കർഷകർക്ക് കൃത്യമായ കാലാവസ്ഥ മുന്നറിയിപ്പുകളും കാർഷിക ഉപദേശങ്ങളും നൽകുന്നു. കൂടാതെ, ഐ.ഐ.ടി ബോംബെ മുൻകൈയെടുത്ത് രൂപീകരിച്ച ടെറാസ്റ്റാക് (Terrastack) എന്ന സ്റ്റാർട്ടപ്പ് ഈ എ.ഐ മാപ്പിങ് വഴി 140 ദശലക്ഷത്തിലധികം ഹെക്ടർ കൃഷിഭൂമി ഡിജിറ്റൽവൽക്കരിച്ചിട്ടുണ്ട്.

നിലവിൽ പ്രവചനങ്ങൾ നടത്തുന്നതിനേക്കാൾ, കഴിഞ്ഞ കാലങ്ങളിലെ കാർഷിക വിവരങ്ങൾ കൃത്യമായി വിശകലനം ചെയ്യാനാണ് ഈ എ.ഐ മോഡലുകൾ പ്രധാനമായും ഉപയോഗിക്കുന്നത്. ഗൂഗിളിന്റെ ട്രസ്റ്റഡ് ടെസ്റ്റർ പ്രോഗ്രാം വഴി ലഭ്യമാക്കിയിരിക്കുന്ന ഈ ഡാറ്റ, ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടനയുടെ 'geoAI4stats' എന്ന പദ്ധതിയിലൂടെ ആഗോളതലത്തിലും ഉപയോഗപ്പെടുത്തിവരുന്നു.

Tags:    
News Summary - Google DeepMind Launches 'AnthroKrishi' AI Models in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.