മരുഭൂമിയിൽ വിളയുന്ന പൊന്ന്; തണുപ്പിനൊപ്പം മരുഭൂമിയിൽ വിളയുന്ന വിലപിടിപ്പുള്ള 'ഫഖഅ' കൂണിന്‍റെ വിശേഷങ്ങൾ

ഫഖഅയുമായി സൂഖ് വാഖിഫിലെ ജീവനക്കാരൻതണുപ്പിനൊപ്പമെത്തുന്ന മഴ മിന്നിമാഞ്ഞുപോകുന്ന മരുഭൂമികളിൽ വിളയുന്ന ‘വൈറ്റ് ഗോൾഡാണ്’ ഫഖഅ. കാഴ്ചയിൽ ഉരുളകിഴങ്ങോ, അല്ലെങ്കിൽ ഉരുളൻ കല്ലിന്റെയോ മാതൃകയിലൊരു കൂൺ. പക്ഷേ, ​മരുഭൂമിയിലെ വൈറ്റ് ഗോൾഡ് എന്ന വിളിപ്പേരുപോലെ പൊന്നും വിലാണിതിന്. സീസണിൽ കിലോകക്ക് ആയിരം റിയാലിന് മുകളിൽ വിലവരും. അറേബ്യൻ മരുഭൂമികളില ഇപ്പോൾ ‘ഫഖഅ’ വിളവെടുപ്പിന്റെയും വിൽപനയുടെയുമെല്ലാം സമൃദ്ധമായ കാലമാണ്. മരുഭൂവാസികൾക്ക് അമൃതായി പ്രകൃതി കനിഞ്ഞു നൽകിയ ഒന്നായാണ് ‘ഫഖഅ’യെ വിശേഷിപ്പിക്കുന്നത്. ഭക്ഷ്യയോഗ്യമായ പ്രത്യേകതരം കൂൺ രൂപാന്തരം പ്രാപിച്ചുണ്ടാകുന്ന ഈ കിഴങ്ങുകളുടെ കച്ചവടം ഇപ്പോൾ സജീവമാണ്. പഴയ കാലജീവിതത്തിന്റെ രുചി ഓർമകൾ പകരുന്ന ഇത് അറബികൾക്ക് പ്രിയപ്പെട്ട തീൻവിഭവമാണ്​. ഇടിമിന്നലോടുകൂടി മഴ പെയ്താൽ മാത്രം മരുഭൂമിയിൽ വിളയുന്നതാണിത്​. മണലിനടിയിൽ വിളഞ്ഞ്​ ഒളിച്ചുകിടക്കുന്ന ഇതിനെ പ്രകൃതിയുടെ അത്ഭുത പ്രതിഭാസമായാണ്​ അറബികൾ കണക്കാക്കുന്നത്​. മരുഭൂമിയിൽ വസന്തകാലത്താണ്​ ഫഖഅ വിളയുന്നത്​.

ഫഖഅയുമായി സൂഖ് വാഖിഫിലെ ജീവനക്കാരൻ

ഖത്തർ, സൗദി അറേബ്യ, ഒമാൻ തുടങ്ങി രാജ്യങ്ങളിലെ മരുഭൂമി പ്രദേശങ്ങളിലാണ് മേൽമണ്ണിനെ പിളർത്തി ‘ഫഖഅ’ മുളപൊട്ടി ആവശ്യകാരനെ കാത്തിരിക്കുന്നത്. ഇടിയോട് കൂടിയ മഴ വന്നു പോയാൽ അടുത്ത ദിവസം മുമ്പ് പ്രത്യേക കത്തിയുമായി ഫഖഅയിൽ വിദഗ്ധരായ അറബികളും മറ്റും ഇറങ്ങും. കുറ്റി ചെടികളുടെ ചുവട്ടിൽ മണ്ണ് വിണ്ടുകീറി ഒളിഞ്ഞു കിടക്കുന്ന ‘ഫഖഅ​’കളെ പുറത്തെടുക്കുന്നതും കൗതുകകരമായ കാഴ്ചയാണ്.

ചെടിയുടെ താഴെ ഭൂമി വിണ്ടുകീറി കിടക്കുന്നത് കണ്ടാൽ അതിനർഥം അവിടെ ഫഖഅ കിഴങ്ങുണ്ട്​ എന്നാണ്. ഏറെ പോഷക സമൃദ്ധമാണിത്. ഇതിൽ ഏറ്റവും മുന്തിയ ഇനമായ ‘സുബൈദി’ക്കാണ് വിപണിയിൽ ഉപഭോക്താക്കൾ കൂടുതൽ. ഇരുണ്ട തവിട്ട് നിറത്തിലുള്ള ഇഖ്‌ലാസി ഇനത്തിനും ഏറെ സാംസ്‌കാരിക പ്രാധാന്യമാണുള്ളത്.

സൂഖിൽ റെക്കോഡ് വിൽപന

ജനുവരി, ഫെബ്രുവരി മാസത്തിലായി സൂഖ് വാഖിഫിൽ ഏറെ ആകർഷകമായ ഒന്നായിരുന്നു ‘ഫഖഅ’യുടെ ലേലം. മരുഭൂമികളിൽ നിന്നും എത്തിച്ച ഡെസേർട്ട് ട്രഫിൾസ് എന്ന് വിളിക്കുന്ന ‘ഫഖഅ’ വാങ്ങിക്കൂട്ടാൻ നിരവധി പേരെത്തി. ഇത്തവണ ലേലത്തിലും പ്രദർശനത്തിലുമായി 30 ടണ്ണിലധികം വിറ്റഴിഞ്ഞതായി ജനറൽ സൂപ്പർവൈസർ ഖാലിദ് സൈഫ് അൽ സുവൈദി പറഞ്ഞു. സൗദി അറേബ്യ, അൾജീരിയ, മൊറോക്കോ, തുനീഷ്യ, ലിബിയ, സിറിയ, ഇറാഖ് എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ‘ഫഖഅ’യുടെ വൈവിധ്യമാർന്ന ശേഖരമായിരുന്നു ഇത്തവണത്തെ ആകർഷണം.

സൂഖ് വാഖിഫിലെ ഫഖഅ വിൽപനയിൽ നിന്ന്

സൂഖ് വാഖിഫിലെ ഫഖഅ വിൽപനയിൽ നിന്ന്നേരത്തെ അൽ വക്‌റ സൂഖിലായിരുന്നു ‘ഫഖഅ’ ഇത്തവണ ദോഹ സൂഖ് വാഖിഫിലേക്ക് മാറ്റാനുള്ള തീരുമാനം പൊതുജനങ്ങൾക്ക് കൂടുതൽ പ്രവേശനം ഉറപ്പാക്കുന്നതിന്റെ ഭാഗമായായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. സൂഖ് വാഖിഫിൽ ഇതാദ്യമായാണ് ഫഖഅയുടെ ​വിൽപനക്ക് വേദിയാകുന്നത്. വിൽപനക്കും പ്രദർശനത്തിനുമെത്തുന്ന ഇവയുടെ ഗുണമേന്മയും പുതുമയും പരിശോധിക്കുന്നതിന് വിദഗ്ധരായ ഉദ്യോഗസ്ഥരെയും നിയമിച്ചിരുന്നു.

അളവ് അനുസരിച്ച് വിലയിൽ ഏറ്റക്കുറവുണ്ടാകും. സീസൺ പുരോഗമിക്കുമ്പോൾ വില കുറയും. ഇപ്പോൾ മധ്യകാല സീസണാണ്. റമദാൻ അവസാനം വരെ പ്രദർശനവും വിൽപനയും സൂഖ് വാഖിഫിൽ തുടരും. രാവിലെ എട്ട് മുതൽ വിൽപന ആരംഭിക്കും. ഉയർന്ന ആവശ്യകത കാരണം പലപ്പോഴും രണ്ട് മണിക്കൂർ മാത്രമായിരിക്കും ലേലം തുടരുക.

പ്രാദേശികമായി അൽ ഫാഗ, അൽ കമാ എന്നറിയപ്പെടുന്ന ഒരുതരം ഫംഗസാണ് ഫഖഅ. ടെർഫസിയെ, തിർമാനിയ എന്നീ വർഗങ്ങളിൽ പെടുന്ന ഫംഗസുകളാണിവ.

Tags:    
News Summary - Features of the valuable 'Faqaa' mushroom growing in the desert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.