ഈജിപ്ഷ്യൻ ഫയോമി
വർഷത്തിൽ 200 മുട്ട, ഇറച്ചിക്കും ഡിമാന്റ്; ഈജിപ്തിൽ നിന്ന് കേരളത്തിലെത്തിയ ‘ഫയോമി’
നാടൻ കോഴികൾക്ക് ഡിമാന്റ് കൂടിവരുന്ന കാലമാണ്. മുട്ടകൾക്കോ ഇറച്ചിയ്ക്കോ ബ്രോയിലർ കോഴികളെ ആശ്രയിക്കുന്നതിനു പകരം നാടൻ ഇനത്തിൽപെട്ടതും ഇഞ്ചക്ട് ചെയ്യാത്തതുമായ കോഴികളോട് ഇപ്പോൾ പ്രിയം. കേരളത്തിൽ കണ്ടുവരുന്ന ഗ്രാമശ്രീ, ഗ്രാമലക്ഷ്മി ഇനങ്ങളെപ്പോലെ തന്നെ ജനപ്രിയമായിരിക്കുകയാണ് ഫയോമി എന്ന വിദേശ ഇനം കോഴിയും. ഒറ്റത്തവണ മുട്ടയ്ക്കായും ഇറച്ചിക്കായും ഇനിയതല്ല അലങ്കാരത്തിനായുള്ള ഫാൻസി കോഴിയായും ഇതിനെ വളർത്താം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കുറഞ്ഞ ചെലവിൽ കൂടുതൽ വരുമാനം പ്രതീക്ഷിക്കുന്നതുകൊണ്ടു തന്നെ പൗൾട്രി മേഖലകളിലും ഫാം കർഷകരും വീടുകളിലും ഇന്ന് ഫയോമി കോഴികളെ പോറ്റുന്നത് ഇന്ന് കേരളത്ത് സജീവമായിട്ടുണ്ട്.
ഈജിപ്തിന്റെ സന്തതി
ഈജിപ്തിലെ ഫയൂം പ്രദേശത്തുനിന്നാണ് ഫയോമികളുടെ ഉത്ഭവം. നൈൽ നദീതടത്തിലും ഈജിപ്തിലെ ഫയൂം പ്രദേശത്തുമാണ് കൂടുതലായി കാണപ്പെടുന്നത്. കടുത്ത ചൂടും വരണ്ട കാലാവസ്ഥയും നിറഞ്ഞ സാഹചര്യങ്ങളിൽ സ്വാഭാവികമായി രൂപപ്പെട്ടവയാണ് ഇവ. അതുകൊണ്ടുതന്നെ കേരളത്തിലും സുഖകരമായി തീറ്റിപ്പോറ്റാൻ അനുയോജ്യമായ വിദേശ കോഴിയിനമാണ് ഫയോമി.. രോഗപ്രതിരോധ ശേഷി വളരെ കൂടുതലും നാടൻ കോഴികളെപ്പോലെ സ്വതന്ത്രമായി നടന്ന് തീറ്റ തേടി നടക്കാൻ മിടുക്കരുമാണ്.
തൂവെള്ള നിറത്തിൽ കറുപ്പും വെളുപ്പും കലർന്ന പുള്ളികളുള്ള തൂവലുകളും കറുത്ത വാൽഭാഗവുമാണ് ഇവയുടെ പ്രത്യേകത. ഈ ആകർഷണീയമായ ഭംഗിയാണ് ഇവയെ ഫാൻസി കോഴികളായും ചിലർ വളർത്തുന്നത്. ഇടത്തരം വലിപ്പമുള്ള ശരീരവും അതീവ ജാഗ്രതയുമുള്ള ഇവ വീട്ടുവളപ്പുകളിൽ അഴിച്ചുവിട്ട് വളർത്താം. ഇനി ഇവയിടുന്ന മുട്ടയും പ്രത്യേകതയിൽ പിറകിലല്ല. നാലോ അഞ്ചോ മാസം പ്രായമാകുമ്പോൾ ഫയോമി കോഴികൾ മുട്ടയിട്ടുതുടങ്ങും.
വർഷത്തിൽ ഏകദേശം 150 മുതൽ 200 വരെ മുട്ടകൾ ഇവ നൽകുന്നുണ്ട്. ഏകദേശം 50 ഗ്രാം തൂക്കമുള്ള ഇളം തവിട്ടുനിറമുള്ള മുട്ടകളാണ് ഇവയുടേത്. കാഴ്ചയിൽ നമ്മുടെ നാട്ടിലെ നാടൻ കോഴികളുടെ മുട്ടകളേക്കാൾ ചെറുതാണെങ്കിലും പോഷക ഗുണങ്ങളുടെ കാര്യത്തിൽ വളരെ മുന്നിലാണ്. പൂവൻകോഴികൾക്ക് മൂന്ന് കിലോ വരെ തൂക്കം ലഭിക്കുന്നതിനാൽ ഇറച്ചിക്കായും ഇവ ലാഭകരമാണ്. മുട്ട ഉൽപാദന കാലയളവ് കഴിഞ്ഞാൽ പിടക്കോഴികളെയും ഇറച്ചി വിപണിയിൽ വിൽക്കാവുന്നതാണ്.
വളർത്തേണ്ടത് എങ്ങനെ
കുറഞ്ഞ ചെലവിൽ വളർത്താനാകുന്നതാണ് ഫയോമി കോഴികളുടെ മറ്റൊരു വലിയ ഗുണം. നല്ല വായുസഞ്ചാരവും വെളിച്ചവും ലഭിക്കുന്ന രീതിയിൽ കോഴിക്കൂട്ടിൽ വളർത്തുന്നതാണ് ഉത്തമം. ചാണകപ്പൊടിയോ ഈർപ്പമോ ഇല്ലാത്ത രീതിയിൽ കൂട് ഉണങ്ങി സൂക്ഷിക്കുന്നതാകും നല്ലത്. ഒരു കോഴിക്ക് കുറഞ്ഞത് രണ്ട് മുതൽ രണ്ടര ചതുരശ്ര അടി സ്ഥലം ലഭ്യമാക്കണം.
ആദ്യ ആഴ്ചകളിൽ മുട്ടവിരിഞ്ഞ കുഞ്ഞുങ്ങളാണെങ്കിൽ സ്റ്റാർട്ടർ തീറ്റ നൽകുക. പിന്നീട് വളർച്ചയ്ക്കനുസരിച്ച് ഗ്രോവർ തീറ്റയും, അടുക്കളയിലെ അവശിഷ്ടങ്ങൾ, തവിട്, ചോളം, നെല്ല് എന്നിവയും നൽകാം. ഒപ്പം എപ്പോഴും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കണം.
മുട്ടക്കോഴികൾക്ക് നൽകുന്ന പ്രത്യേക തീറ്റയായ ലെയർ മാഷ് കുറഞ്ഞ അളവിൽ മാത്രമേ ഇവർക്ക് നൽകേണ്ടതുള്ളൂ. മുട്ടയിടുന്നതും മുട്ടയിടാൻ പാകമായതുമായ കോഴികൾക്ക് ഒരു കോഴിക്ക് 50 ഗ്രാം എന്ന കണക്കിൽ ലെയർ മാഷ് തീറ്റ ദിവസവും നൽകേണ്ടിവരും. ഇതുകൂടാതെ ചോറ്, അവിൽത്തവിട് തുടങ്ങിയ തീറ്റകളും കുറഞ്ഞ അളവിൽ നൽകാം.
രോഗപ്രതിരോധ ശേഷി കൂടുതലാണെങ്കിലും കൃത്യമായ ഇടവേളകളിൽ ഇവയുടെ ആരോഗ്യ സ്ഥിതികളും പരിശോധിച്ച് ഉറപ്പുവരുത്തണം. റാണിഖേത് (ബ്ലാക്ക് ലെഗ്), ഗംബോറോ തുടങ്ങിയ മാറാരോഗങ്ങൾക്കെതിരെയുള്ള കൃത്യസമയത്തെ വാക്സിനേഷനുകൾ വെറ്റിനറി ഡോക്ടറുടെ നിർദേശപ്രകാരം നൽകുക. വിരയിളക്കൽ കൃത്യമായ ഇടവേളകളിൽ ചെയ്യുക.
കുറഞ്ഞ മുതൽമുടക്കിൽ കൂടുതൽ ആദായം ലഭിക്കുന്ന ഫയോമി കോഴി വളർത്തൽ കേരളത്തിലെ ഗ്രാമീണ കർഷകർക്ക് മികച്ച ഒരു സംരംഭക മാതൃകയാണ്. മുട്ടവില വർധിച്ചുവരുന്ന ഈ സാഹചര്യത്തിൽ ഈ കോഴികളെ വളർത്തുന്നത് കുടുംബ ബജറ്റിനും വലിയൊരു താങ്ങാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.