സൽമാൻ ഖാൻ മുതൽ വിരാട് കോഹ്‌ലി വരെ; കൃഷിഭൂമികൾ സ്വന്തമാക്കിയ പ്രമുഖ താരങ്ങൾ
ബോളിവുഡ് നടൻ സൽമാൻ ഖാൻ മുതൽ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്‌ലി വരെ. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വലിയ കൃഷിയിടങ്ങളും ഫാം ഹൗസുകളും സ്വന്തമാക്കിയിട്ടുണ്ട് താരങ്ങൾ നിരവധിയാണ്. മുംബൈയ്ക്ക് സമീപം പൻവേലിൽ 150 ഏക്കറിലധികം വിസ്തൃതിയിൽ പടർന്നുകിടക്കുന്ന 'അർപിത ഫാംസ്' സൽമാൻ ഖാന്റേതാണ്. നെൽപാടങ്ങളും കുതിരാലയങ്ങളും ഹരിതഭംഗിയും നിറഞ്ഞതാണ് ഈ എസ്റ്റേറ്റ്. ആഫ്ലേ ഗ്രാമത്തിനും നഗേശ്വർ ക്ഷേത്രത്തിനും സമീപമുള്ള അലിബാഗിൽ 5.1 ഏക്കർ കാർഷിക ഭൂമിയാണ് വിരാട് കോലി- അനുഷ്ക ശർമ താരദമ്പതികൾ സ്വന്തമാക്കിയത്. അതിന് മുടക്കിയതോ 37.86 കോടി രൂപ! അലിബാഗിൽ തന്നെ ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാനും കാർഷിക ഭൂമിയും ഫാം ഹൗസ് പ്ലോട്ടുകളും ഉടമസ്ഥതയിലുണ്ട്.
ഉത്തർപ്രദേശിലെ തന്റെ ജന്മനാടായ ബുധാനയിൽ 13.75 ഏക്കർ ഭൂമിയാണ് നവാസുദ്ദീൻ സിദ്ദിഖ് വാങ്ങിയത്. മുംബൈയ്ക്കും പൂനെയ്ക്കുമിടയിലുള്ള 44,000 ചതുരശ്ര അടി വിസ്തൃതിയുള്ള പ്രോപ്പർട്ടിയിൽ ജൈവകൃഷിയും മീൻ വളർത്തലുമുണ്ട് ജാക്കി ഷ്രോഫിന്. അമിതാഭ് ബച്ചൻ, പ്രകാശ് രാജ്, ആർ. മാധവൻ, വരുൺ ധവൻ എന്നിങ്ങനെ നീണ്ടുപോകുന്നു ആ താരനിര.
എന്തിനാണ് വൻ ആസ്തികളുള്ള സിനിമാ താരങ്ങൾ കോടികൾ മുടക്കി കൃഷിയിടങ്ങൾ സ്വന്തമാക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? വേരുകളിലേക്ക് തിരികെ നടക്കാനുള്ള ആഗ്രഹത്തിന്റെ ഭാഗമായാണ് ഇത്. നല്ല രീതിയിൽ കാർഷിക വിളകൾ വിപണിയിലേക്കും മറ്റുമായി പല സെലിബ്രിറ്റികളും എത്തിക്കുന്നുണ്ട്. മണ്ണിനോടുള്ള ഇഷ്ടവും വൻ നിക്ഷേപ സാധ്യതകളും പ്രതീക്ഷിച്ചാണ് വൻ താരങ്ങളടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഇതിനോടകം കോടികൾ മുടക്കി വലിയ കൃഷിയിടങ്ങളും ഫാം ഹൗസുകളും സ്വന്തമാക്കിയിട്ടുണ്ട്.
എന്നാൽ അത് മാത്രമല്ല, വൻതോതിലുള്ള നികുതിയിളവുകളും മികച്ച നിക്ഷേപ സാധ്യതകളുമാണ് രാജ്യത്തെ പ്രമുഖരെ കാർഷിക ഭൂമികൾ വാങ്ങാൻ പ്രേരിപ്പിക്കുന്നത്. സെലിബ്രിറ്റികളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിൽ നികുതി നിയമങ്ങൾക്കും നിർണായക സ്ഥാനമുണ്ട്. മികച്ച സമ്പാദ്യമുള്ളവർക്ക് കൃഷിഭൂമി വലിയ സാമ്പത്തിക ലാഭമാണ് നൽകുന്നതും.
ആദായനികുതി നിയമത്തിലെ സെക്ഷൻ 10(1) പ്രകാരം കാർഷിക പ്രവർത്തനങ്ങളിൽനിന്നുള്ള വരുമാനത്തിന് കേന്ദ്ര സർക്കാറിന്റെ ആദായനികുതി ബാധകമല്ല. വിളവെടുപ്പ്, തൊട്ടോട്ടങ്ങൾ എന്നിവയിലൂടെ ലഭിക്കുന്ന തുകയ്ക്ക് ഈ ഇളവ് ലഭിക്കും. എന്നാൽ താരങ്ങളുടെ അഭിനയ പ്രതിഫലത്തിനോ മറ്റ് പ്രഫഷണൽ വരുമാനത്തിനോ ഈ ആനുകൂല്യം ലഭിക്കില്ല.
നിബന്ധനകൾക്ക് വിധേയമായ നിശ്ചിത ഗ്രാമീണ കാർഷിക ഭൂമികളുടെ വിൽപനയിലൂടെ ലഭിക്കുന്ന ലാഭം 'മൂലധന നേട്ട നികുതിക്ക്' (Capital Gains Tax) വിധേയമല്ല. ജനസംഖ്യയും നഗര പരിധിയിൽനിന്നുള്ള ദൂരവും അടിസ്ഥാനമാക്കിയാണ് ഇത് നിർണയിക്കുന്നത്. നിലവിലുള്ള കാർഷിക ഭൂമി വിറ്റ് ലഭിക്കുന്ന തുക ഉപയോഗിച്ച് വീണ്ടും പുതിയ കാർഷിക ഭൂമി വാങ്ങുമ്പോൾ മൂലധന നേട്ടത്തിന് സെക്ഷൻ 54ബി പ്രകാരം നികുതി ഇളവ് നേടാനാകും. ഇതുകൊണ്ടും കൂടെയാണ് ഇത്രയും ആസ്തിയും വരുമാനമുള്ള പല സെലിബ്രിറ്റികളും കൃഷിയിടങ്ങളിലേക്കും ഫാം ഹൗസുകളിലേക്കും ആകർഷകരാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.