പ്രതീകാത്മക ചിത്രം

കാപ്പിക്ക് ആവശ്യം കൂടി; കയറ്റുമതിയും

വയനാടൻ കാപ്പി കർഷകരെ ആവേശം കൊള്ളിച്ച്‌ കാപ്പിക്കുരു കയറ്റുമതി പുതിയ തലങ്ങളിലേക്ക്. അന്താരാഷ്ട്ര വിപണിയിൽ ദക്ഷിണേന്ത്യൻ കാപ്പിക്ക്‌ ആവശ്യം വർധിക്കുന്നത്‌ ആകർഷകമായ വിലക്ക് അവസരമൊരുക്കും. കേരളത്തിലും കർണാടകത്തിലും വിളവെടുപ്പ്‌ വേളയായതിനാൽ പുതിയ ചരക്ക്‌ ചെറുകിട വിപണികളിൽ വൻതോതിൽ എത്തുന്നുണ്ട്‌. ആഭ്യന്തര വിപണിയിലെന്നപോലെ വിദേശരാജ്യങ്ങളും ഇന്ത്യൻ കാപ്പി കുടിക്കാൻ കാണിക്കുന്ന ഉത്സാഹം കൃഷി വ്യാപിപ്പിക്കുന്നതിന്‌ അനുകൂല സാഹചര്യമൊരുക്കുന്നു.

കാപ്പി കയറ്റുമതിയിൽ പിന്നിട്ട വർഷം ഇന്ത്യ ചരിത്രനേട്ടം സ്വന്തമാക്കി. കയറ്റുമതി വരുമാനം 200 കോടി ഡോളറിന്‌ മുകളിലെത്തി. കയറ്റുമതി മൂല്യം 27 ശതമാനം വർധിച്ച്‌ 2024 ലെ 14,046 കോടി രൂപയിൽനിന്ന് 17,911 കോടി രൂപയായി. എന്നാൽ, കയറ്റുമതി തോതിൽ ചെറിയ ഇടിവ് അനുഭവപ്പെട്ടു. മൊത്തം കാപ്പി കയറ്റുമതി തൊട്ട്‌ മുൻ വർഷത്തെക്കാൾ നാലരശതമാനം കുറഞ്ഞ് 3.48 ലക്ഷം ടണ്ണായി.

ദക്ഷിണേന്ത്യൻ കാപ്പി കുടിക്കാൻ മുൻപന്തിയിൽ ഉത്സാഹിച്ചത്‌ ഇറ്റലിയാണ്‌. അവർ 60,688 ടൺ കാപ്പി ഇവിടെനിന്ന് വാങ്ങി. എന്നാൽ, 2024നെ അപേക്ഷിച്ച്‌ അവരുടെ വാങ്ങൽ താൽപര്യം അൽപം കുറവായിരുന്നു. അതേസമയം റഷ്യൻ ഇറക്കുമതിക്കാരുടെ നിറഞ്ഞ സാന്നിധ്യം ദക്ഷിണേന്ത്യൻ കാപ്പിയുടെ മെച്ചപ്പെട്ട വിലക്ക് വഴിയൊരുക്കി. 2024നെ അപേക്ഷിച്ച്‌ കയറ്റുമതി 20 ശതമാനം വർധിച്ച്‌ 31,505 ടണ്ണിൽ എത്തി. കാപ്പി പരിപ്പ്‌ 375 രൂപയും റോബസ്‌റ്റ 190 രൂപയിലുമാണ്‌.

*********

ദക്ഷിണേന്ത്യയിൽ നാളികേരോൽപന്നങ്ങളുടെ വിലയിൽ കാര്യമായ മാറ്റമില്ല. മാസാരംഭമായതിനാൽ കേരളത്തിൽനിന്ന് വെളിച്ചെണ്ണക്ക് ആവശ്യക്കാരെത്തുമെന്ന നിഗമനത്തിലാണ്‌ തമിഴ്‌നാട്ടിലെ കൊപ്രയാട്ട്‌ വ്യവസായികൾ. എന്നാൽ, അവരുടെ പ്രതീക്ഷക്ക് ഒത്ത്‌ ഓർഡറുകൾ എത്തിയില്ലെന്നാണ്‌ കാങ്കയത്ത്‌ നിന്നുള്ള വിവരം. കൊച്ചിയിൽ എണ്ണവില ക്വിൻറ്റലിന്‌ 31,300 രൂപയിലും തമിഴ്‌നാട്ടിൽ 22,675 രൂപയിലുമാണ്‌. ജനുവരി രണ്ടാം പകുതിയിൽ പല ഭാഗങ്ങളിലും നാളികേര വിളവെടുപ്പിന്‌ തുടക്കം കുറിക്കുമെന്ന സൂചനയാണ്‌ ലഭ്യമാവുന്നത്‌. അതായത്‌ പച്ചത്തേങ്ങ ലഭ്യത വർധിച്ചാൽ നിരക്ക്‌ കുറയാൻ ഇടയുണ്ട്‌.

*********

പുതുവത്സരാഘോഷങ്ങളിലായതിനാൽ പ്രമുഖ വിപണികളിലേക്കുള്ള ചരക്ക്‌ നീക്കം കുറവായിരുന്നു. കൊച്ചി ടെർമിനൽ മാർക്കറ്റിൽ കുരുമുളക്‌ തുടർച്ചയായ ദിവസങ്ങളിൽ സ്‌റ്റെഡി നിലവാരത്തിൽ നീങ്ങിയശേഷം വാരാന്ത്യം അൽപം തളർന്ന്‌ 69,900 രൂപയിലാണ്‌. കാലാവസ്ഥ അനുകൂലമായാൽ മൂപ്പ്‌ കുറഞ്ഞ മുളകിന്റെ വിളവെടുപ്പ്‌ കാർഷിക മേഖലയിൽ ഊർജിതമാകും. അടുത്തമാസം ഹൈറേഞ്ച്‌ കവാടമായ അടിമാലിയിൽ വിളവെടുപ്പിന്‌ തുടക്കം കുറിക്കാനാവുമെന്ന പ്രതീക്ഷയിലാണ്‌ ഒരുവിഭാഗം. മുളക്‌ വില കിലോഗ്രാമിന്‌ 700 രൂപവരെ ഉയർന്നത്‌ കണക്കിലെടുത്താൽ വിളവെടുപ്പ്‌ അൽപം നേരത്തെയാക്കാൻ കാർഷിക മേഖല ശ്രമം നടത്താം. കാലാവസ്ഥ കണക്കിലെടുത്താൽ ഈ സീസണിൽ കുരുമുളക്‌ ഉൽപാദനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ അൽപം കുറയുമെന്നാണ്‌ സൂചന.

*********

ഏഷ്യൻ റബർ അവധി വ്യാപാര കേന്ദ്രങ്ങളിൽനിന്ന് ഇടപാടുകാർ അൽപം വിട്ടുനിന്നത്‌ ഉൽപന്ന വില നേരിയ റേഞ്ചിൽ നീങ്ങാൻ ഇടയാക്കി. ആഗോള ടയർ വ്യവസായികളിൽനിന്നുള്ള അന്വേഷണങ്ങൾ ചുരുങ്ങിയത്‌ റെഡി മാർക്കറ്റായ ബാങ്കോക്കിൽ റബർ കിലോ 190 രൂപയിൽ നീങ്ങി. യൂറോപ്യൻ ടയർ നിർമാതാക്കൾ പുതുവത്സരാഘോഷങ്ങൾ കഴിഞ്ഞ്‌ ഈ വാരം രാജ്യാന്തര വിപണിയിൽ തിരിച്ചെത്തുന്നതോടെ വിലയിൽ ചാഞ്ചാട്ടത്തിന്‌ സാധ്യത. സംസ്ഥാനത്ത്‌ അനുകൂല കാലാവസ്ഥ ലഭ്യമായതോടെ പല ഭാഗങ്ങളിലും പുലർച്ചതന്നെ റബർ കർഷകർ ടാപ്പിങ്ങിനിറങ്ങി. കൊച്ചിയിൽ നാലാം ഗ്രേഡ്‌ റബർ കിലോ 184 രൂപയിൽ വ്യാപാരം നടന്നു. 

Tags:    
News Summary - Demand for coffee increases; exports also increase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.