കാറ്റിലും മഴയിലും അരുവാപ്പുലം പ​ഞ്ചാ​യത്തിൽ ഒടിഞ്ഞുവീണ ഏ​ത്ത​വാ​ഴ​ക​ൾ

ചുഴലിക്കാറ്റിൽ അരുവാപ്പുലത്ത് ലക്ഷങ്ങളുടെ കൃഷിനാശം

കോന്നി: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കാറ്റിലും മഴയിലും അരുവാപ്പുലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഏത്തവാഴകൾ വ്യാപകമായി നശിച്ചു. കുലച്ചതും വിളവെടുപ്പിന് പാകമായതുമായ ആയിരക്കണക്കിന് ഏത്തവാഴകളാണ് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വൈകീട്ടുണ്ടായ കാറ്റിലും മഴയിലും മിനിറ്റുകൾക്കുള്ളിൽ കടപുഴകിയും ഒടിഞ്ഞുവീണും നശിച്ചത്.

കല്ലേലി മേഖലയിലും ശക്തമായ കാറ്റിൽ റോഡുകളിലേക്ക് മരങ്ങൾ കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. വാഴക്കുലകൾ വെട്ടാൻ പാകമായി നിൽക്കവെയാണ് അപ്രതീക്ഷിതമായി എത്തിയ മിന്നൽച്ചുഴലി കർഷകരുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തിയത്. അരുവാപ്പുലം, കുളമാംകൂട്ടത്തിൽ, ശശിയുടെ 700 വാഴകളും, രഞ്ജു സദനത്തിൽ രാധാകൃഷ്ണന്റെ 500 വാഴകളും, രാധ വിലാസത്തിൽ റെജിയുടെ 400 വാഴകളും, ആശാരിപറമ്പിൽ അയൂബിന്റെ 300 വാഴകളും പൂർണമായി നശിച്ചവയിൽ ഉൾപ്പെടുന്നു. പഞ്ചായത്തിലെ വകയാർ കൊല്ലൻപടി, കൊച്ചുപ്ലാവിളയിൽ കെ.ആർ സലിലനാഥിന്റെ 90 ഏത്തവാഴകളും നശിച്ചു.

വന്യമൃഗശല്യം രൂക്ഷമായ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സംരക്ഷണ വേലികളും സോളാർ വേലികളും നിർമിച്ചും, രാത്രിയും പകലും കാവൽ ഇരുന്നും സ്ഥലം പാട്ടത്തിനെടുത്തും ബാങ്ക് വായ്പയെടുത്തും കടം വാങ്ങിയും കൃഷിയിറക്കിയ സാധാരണക്കാരായ കർഷകർക്ക് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കൈമുതൽ മുഴുവൻ നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ കർഷകർക്ക് കൃഷിവകുപ്പും സർക്കാരും അടിയന്തരമായി ഇടപെട്ട് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് കർഷകരുടെയും പ്രദേശവാസികളുടെയും ആവശ്യം.

Tags:    
News Summary - Cyclone causes damage to crops worth lakhs in Aruvapulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.