പൊലീസ് ക്യാമ്പ് വളപ്പിലെ പച്ചക്കറി കൃഷി ജില്ല പൊലീസ്​ മേധാവി വി.യു. കുര്യാക്കോസ്​ ഉദ്​ഘാടനം ചെയ്യുന്നു

'കൃഷി കസ്റ്റഡിയിലെടുത്ത്​ പൊലീസ്'; വിളവ്​ നൂറുമേനി

ഇടുക്കി: ജില്ല ക്യാമ്പ് വളപ്പിൽ പൊലീസ് സ്വന്തം കസ്റ്റഡിയിൽ നടത്തിയ കൃഷിക്ക് നൂറുമേനി വിളവ്. ‘സുഭിക്ഷ കേരളം’ പദ്ധതിയില്‍ പച്ചകൃഷി ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി കൃഷിഭവന്റെ സഹകരണത്തോടെയാണ് ഇടുക്കി ജില്ല പൊലീസ് ക്യാമ്പ് വളപ്പിൽ കൃഷിയിറക്കിയത്. ജില്ല പൊലീസ് മേധാവി വി.യു. കുര്യാക്കോസ് വിളവെടുപ്പ് നടത്തി.

തരിശുനിലം കൃഷിയോഗ്യമാക്കി പച്ചക്കറി ഉല്‍പാദനം വർധിപ്പിക്കുക, ജൈവവള പ്രയോഗം പ്രോത്സാഹിപ്പിക്കുക, രാസ കീടനാശിനി ഉപയോഗം നിരുത്സാഹപ്പെടുത്തുക, പൊലീസുകാര്‍ക്ക് ജോലിയുടെ സമ്മർദം ലഘൂകരിക്കുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു ക്യാമ്പ് വളപ്പിലെ കൃഷി. 50 സെന്റ് സ്ഥലത്ത് 39 ഇനം പച്ചക്കറികളും ഫലങ്ങളുമാണ് കൃഷി ചെയ്തത്.

വന്യമൃഗങ്ങളുടെ ആക്രമണം തടയാൻ വേലി കെട്ടുകയും കീടങ്ങളുടെ ആക്രമണം തടയാൻ പുഷ്പ-സസ്യങ്ങളുടെ ജൈവവേലി തീർക്കുകയും ചെയ്തു. പണിയും പണച്ചെലവും കുറക്കാൻ മൈക്രോ മിസ്റ്റ് ജലസേചന രീതിയാണ് സ്വീകരിച്ചത്.

ഇവിടെ ഉൽപാദിപ്പിക്കുന്ന പച്ചക്കറികള്‍ പൊലീസ് മെസിലേക്ക് ഉപയോഗിക്കും. പുതിന, റോബസ്റ്റ, പാവല്‍, തക്കാളി, കുട്ടിത്തക്കാളി, ചതുരപ്പയര്‍, ബന്ദി, ജമന്തി, ഉരുളക്കിഴങ്ങ്, പടവലം, കണിവെള്ളരി, ചീര, ചോളം, കടല, പച്ചമുളക്, കപ്പ, പയര്‍, കാബേജ്, കോളിഫ്ലവര്‍, മല്ലിയില, കടുക്, പപ്പായ, പേര, ചെറുനാരകം, സവാള, റമ്പൂട്ടാന്‍, മാവ്, വഴുതന പച്ച, വഴുതന വയലറ്റ്, ബീന്‍സ് കുറ്റി, ബീന്‍സ് വള്ളി, കാന്താരി, ഇഞ്ചി എന്നിവയാണ് സായുധസേന ക്യാമ്പില്‍ കൃഷിചെയ്തു വരുന്നത്.

പച്ചക്കറി കൃഷിയില്‍ ഏര്‍പ്പെട്ട പൊലീസുകാരെ ജില്ല പൊലീസ് മേധാവി അഭിനന്ദിച്ചു. പച്ചക്കറി കൃഷിയിൽ കഴിഞ്ഞ വര്‍ഷങ്ങളില്‍ ലഭിച്ച ഒന്നും രണ്ടും സ്ഥാനം തിരിച്ചുപിടിക്കാൻ കൃഷിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - cultivation in Idukki district camp premises by Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.