കാരുണ്യ കേന്ദ്രത്തിൽ കൃഷി വിപ്ലവം രചിച്ച് 'ദിശ'യിലെ കുരുന്നുകൾ

ചുവപ്പുവേണോ അതോ പച്ചയോ എന്ന് ചോദിച്ച് തലയാട്ടുന്ന ചീരകള്‍, ലോക പയറുവര്‍ഗവര്‍ഷത്തിന്‍െറ ഗമയില്‍ വാഴുന്ന പയറും ബീന്‍സും അമരയും കൊത്തമരയും. വിളഭാരത്താല്‍ കുമ്പിട്ടുനില്‍ക്കുന്ന വഴുതിനച്ചെടിയില്‍ നീണ്ടവരും ഉരുണ്ടവരുമുണ്ട്.  മത്തനും കക്കിരിയും പടര്‍ന്നുകിടക്കുന്നു.
പന്തലില്‍ വലിഞ്ഞുകയറിയവരുടെ കൂട്ടത്തില്‍ പടവലവും പാവലും പീച്ചിലുമുണ്ട്. മുട്ടിന് മുട്ടിന് വിളഞ്ഞ വെണ്ടയാണ് മറ്റൊരാള്‍. മഞ്ഞുകാലം നോറ്റിരിക്കാന്‍ ഇനി നേരമില്ലെന്ന പിടിവാശി ഉപേക്ഷിച്ചെന്നുമാണ് കോളി ഫ്ളവറിന്‍െറയും കാബേജിന്‍െറയും പക്ഷം.എരിവ് തേടി ആരും ചന്തയില്‍ പോകേണ്ടെന്ന് പറയാന്‍ പറഞ്ഞവരില്‍ പലകൂട്ടം മുളകുകളുണ്ട്. ചന്തം കാണിച്ചു നിൽക്കുന്ന തക്കാളിയും കാരറ്റും  കപ്പയും തോട്ടത്തിൽ ഇടം പിടിച്ചു. കൂടാതെ,മഴമറ കൃഷിയും ഗ്രോ ബാഗുകൃഷിയും ഗപ്പി വളർത്തലും സജീവം. പാണാവള്ളിയിലെ ദിശ കാരുണ്യ കേന്ദ്രത്തിലെ അമ്പത് സെൻറ്​ സ്ഥലത്തെ കൃഷിവിപ്ളവമാണിത്​.  ഇതിനുപിറകിലുള്ള വിയർപ്പ്​ ഇവിടുത്തെ കുട്ടി കർഷരുടേതാണ്​.

 

കാരുണ്യ കേന്ദ്രം വെറും കാരുണ്യ കേന്ദ്രം മാത്രമല്ലെന്ന് തെളിക്കുകയാണ് ഇവിടത്തെ കുട്ടികൾ.അഭയവും,സംരക്ഷണവും,അറിവും നൽക്കുന്ന കാരുണ്യ കേന്ദ്രം കുട്ടികളുടെ കൃഷിയിടം കൂടിയാണ്. വളപ്പും മട്ടുപ്പാവുമെല്ലാം ഇവര്‍ക്ക് വിളനിലം. ദിശയിലെ ഒന്നാം ക്ലാസുകാരൻ മുതൽ ബിരുദംതലം വരെയുള്ള കുട്ടികളുടെ താൽപര്യപ്രകാരണമാണ് അവർ ഒരുമിച്ച്​  മണ്ണിലിറങ്ങിയത്. മികച്ച പഠന നിലവാരം പുലർത്തുന്നതിനൊപ്പം കൃഷിയിലും താരമാകുകയാണ് ഇവർ.
 
കുട്ടികളുടെ കൃഷിയോടുള്ള സ്നേഹം കണ്ട് പാണാവള്ളി കൃഷി ഭവൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകുന്നു. ജൈവകൃഷിയിലെ തോട്ടം കാണാൻ കാണികളുടെ തിരക്കാണ് ദിശയിൽ. ഉറക്കം ഉണർന്നാൽ മുതൽ കൃഷിയെ സ്‌നേഹിക്കുന്നവർ നേരെ തോട്ടത്തിലേക്ക്,പിന്നെ തിരക്കിട്ട ജോലിയായിരിക്കും മണിക്കൂറുകൾ. തോട്ടത്തിലെ പഠനങ്ങൾക്ക്​ ബ്രേക്കിട്ട്​ സ്​കൂളിലേക്ക്​.
ഏറെ നാളത്തെ കഷ്ടപ്പാടിന് നൂറുമേനി വിളവ് ലഭിച്ചപ്പോൾ കാണാനായും അഭിനന്ദങ്ങൾ അറിക്കുവാനായും  ജില്ലയിലെ കൃഷി ഓഫിസർമാരും എം.എൽ.എയും മാറ്റുമെത്തി.വിളവെടുപ്പ് ഉത്സവം  എ.എം ആരിഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്റ്റർ പ്രേമം കുമാർ,പാണാവള്ളി കൃഷി ഓഫീസർ സെറിൻ ഫിലിപ്പ്,പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് വിവേകാന്ദ,മെമ്പർ സഫിയ ഇസ്ഹാഖ്,ദിശ പ്രസിഡന്റ് സലിം ചെറുകാട്‌,വൈസ്. പ്രസിഡന്റ്  സജീബ് ജലാൽ.സെക്രെട്ടറി മിർസാദ്.ഇബ്രാഹിം ചെറുകാട്‌ തുടങ്ങിയവരും ദിശയിലെ കുട്ടികളും പങ്കെടുത്തു.
 
Tags:    
News Summary - agriculture in Dhisa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.