?????????? ??????????? ??????????? ?????????????? ?????????? ????????

കരിഞ്ചാപ്പാടിയിലെ വെള്ളരിപ്പാടത്ത് കര്‍ഷകര്‍ക്ക് കണ്ണീര്‍ വിളവെടുപ്പ്

സംസ്ഥാനത്തെ മികച്ച പച്ചക്കറി ക്ളസ്റ്ററിനുള്ള അവാര്‍ഡ് നേടിയ മലപ്പുറം കുറുവ കരിഞ്ചാപ്പാടിയില്‍ ഇത്തവണ കര്‍ഷകര്‍ക്ക് കണ്ണീര്‍ വിളവെടുപ്പ്. ഏറ്റെടുക്കാനാളില്ലാതായതോടെ ലോഡ് കണക്കിന് വെള്ളരിയാണ് പാടത്ത് കിടന്ന് നശിക്കുന്നത്. 50 ഏക്കറിലേറെ പാടത്ത് 22 കര്‍ഷകര്‍  വിഷു വിപണി ലക്ഷ്യമിട്ട് വിത്തിറക്കിയെങ്കിലും ഏതാനും കര്‍ഷകര്‍ മാത്രമാണ് വിളവെടുത്തത്. പറിച്ചെടുത്ത വെള്ളരികളാവട്ടെ മുഴുവന്‍ വിപണിയിലത്തെിക്കാനാവാതെ പാടത്ത് കൂട്ടിയിട്ടിരിക്കുകയാണ്. വിഷു വിപണി കഴിഞ്ഞതോടെ ഇനി വിപണിയിലത്തെിച്ചാലും ഡിമാന്‍റില്ളെന്നതിനാല്‍ പല കര്‍ഷകരും വിളവെടുത്തിട്ടില്ല. പറിച്ചെടുക്കാന്‍ തൊഴിലാളിക്ക് നല്‍കേണ്ട കൂലിയുടെ നഷ്ടം കൂടി പേറേണ്ടതില്ലല്ളോ എന്നാണ് കര്‍ഷകരുടെ ന്യായം.
കഴിഞ്ഞ വര്‍ഷം ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും ഈ വര്‍ഷം ജില്ലാ തലത്തിലും മികച്ച പച്ചക്കറി ക്ളസ്റ്ററായി തെരഞ്ഞെടുക്കപ്പെട്ടത് കുറുവ ഗ്രാമപഞ്ചായത്തിലെ കരിഞ്ചാപ്പാടിയായായിരുന്നു. ഈ വര്‍ഷത്തെ ജില്ലയിലെ മികച്ച കര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ട അമീര്‍ ബാബുവിന്‍െറ കൃഷിയിടവും ഈ എ ഗ്രേഡ് ക്ളസ്റ്ററിലാണ്.
 ‘‘അവാര്‍ഡുകളല്ല ഞങ്ങള്‍ക്ക് വേണ്ടത്; വിളവുകള്‍ക്ക് ആവശ്യമായ വിപണിയാണ്. ഇതൊരുക്കാന്‍ സര്‍ക്കാറിന് കഴിയണം. സബ്സിഡി നാമമാത്രമായ തുകയാണ്. അതുകൊണ്ട് നഷ്ടം നികത്താനാവില്ല. സര്‍ക്കാര്‍ ഒരുവശത്ത് പച്ചക്കറി കൃഷിയെ പ്രോല്‍സാഹിപ്പിക്കാന്‍ കോടികള്‍ ചെലവിടുമ്പോള്‍ മറുവശത്ത് ഉല്‍പന്നങ്ങള്‍ പാടത്ത് കിടന്ന് നശിക്കുകയാണ്. ഇടനിലക്കാര്‍ ആവശ്യത്തിലേറെ ലാഭം കൊയ്യുന്നുമുണ്ട്. ഈ കരിഞ്ചാപ്പാടി പാടത്ത് കിടന്ന് നശിക്കുന്ന ഇതേ വെള്ളരിക്ക് തൊട്ടടുത്ത മക്കരപറമ്പ് അങ്ങാടിയില്‍ കിലോക്ക് 16 രൂപയാണ് വില. ഇങ്ങനെയായാല്‍ ഞങ്ങളെന്തു ചെയ്യും? ’’- വെയില്‍ച്ചൂടിനേക്കാള്‍ പൊള്ളുന്ന വാക്കില്‍ കര്‍ഷകര്‍ ചോദിക്കുന്നു.
വിഷു വിപണിയില്‍ ഇതുവരെ കരിഞ്ചാപ്പാടിയിലെയും അരിപ്ര പാടത്തെയും വെള്ളരിക്കായിരുന്നു തെക്കന്‍ കേരളത്തില്‍ മാര്‍ക്കറ്റ്. തൃശൂര്‍ മാര്‍ക്കറ്റിലേക്കാണ് പ്രധാനമായും വെള്ളരി കയറ്റിവിട്ടിരുന്നത്. ഈ മാര്‍ക്കറ്റിലെ നിരക്കിനനുസരിച്ചാണ് മറ്റിടങ്ങളില്‍ വില നിശ്ചയിക്കുന്നതു തന്നെ. കഴിഞ്ഞ വര്‍ഷം കിലോക്ക് 11 രൂപ വരെ വില നല്‍കിയാണ് വെള്ളരി ഇടനിലക്കാര്‍ വാങ്ങിയത്. മുഴുവന്‍ വെള്ളരിയും വിറ്റുപോവുകയും ചെയ്തു. എന്നാല്‍, ഇത്തവണ രണ്ടു മുതല്‍ നാലു വരെ രൂപയാണ് പലര്‍ക്കും കിട്ടിയത്്. തമിഴ്നാട്ടിലെ പൊള്ളാച്ചി, സേലം , കര്‍ണാടകയിലെ മൈസൂര്‍, ഗുണ്ടല്‍പേട്ട് എന്നിവിടങ്ങളില്‍നിന്ന് വിഷുവിപണി ലക്ഷ്യമാക്കി ഇഷ്്ടംപോലെ വെള്ളരിയത്തെിയതതാണ് കരിഞ്ചാപ്പാടി വെള്ളരിയുടെ വിപണി ഇടിച്ചത്. ഒരു ക്ളസ്റ്ററിലെ പല കര്‍ഷകരോടും പല വിലയാണ് ഇടനിലക്കാര്‍ പറയുന്നത്. മൊത്തവിപണിയില്‍ 10 മുതല്‍ 15 വരെയും ചില്ലറ വിപണിയില്‍ 20 മുതല്‍ 25 വരെയുമാണ് ഇപ്പോള്‍ വെള്ളരിവില. വിഷുവിനാകട്ടെ കിലോക്ക് 45 മുതല്‍ 50 വരെയായിരുന്നു ചില്ലറ വില്‍പന.
മലപ്പുറം ജില്ലയിലെ പച്ചക്കറി ഉല്‍പന്നങ്ങള്‍ക്കായി  സംഭരണ കേന്ദ്രം പടപ്പറമ്പില്‍ നിര്‍മാണത്തിലാണെന്ന് കൃഷി വകുപ്പ് അധികൃതര്‍ പറഞ്ഞു. പച്ചക്കറികളും പഴങ്ങളും സംഭരിച്ച് മൂല്യ വര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതികളും ജില്ലയില്‍ ആരംഭദശയിലാണ്.  കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിക്ക് കൂട്ടായ പരിഹാരം കാണാന്‍ ബ്ളോക്കുകള്‍ക്ക് കീഴില്‍ ക്ളസ്റ്ററുകളുടെ കൂട്ടായ്മ രൂപവത്കരിക്കാനുള്ള ശ്രമങ്ങളും നടന്നു വരികയാണെന്ന് അവര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.