റബര്‍മേഖലയിൽ പ്രതിസന്ധി; റോളറുകൾ കൈയൊഴിഞ്ഞ് കർഷകർ

കോട്ടയം: റബര്‍മേഖലയിലെ പ്രതിസന്ധിമൂലം റോളറുകൾ കൈയൊഴിഞ്ഞ് കര്‍ഷകര്‍. ഷീറ്റിന്‍റെ ഉൽപാദനത്തെക്കാൾ ലാറ്റക്സിന്‍റെ വിൽപനക്ക് സാധ്യതയേറിതോടെയാണ് റോളർ വിൽക്കാൻ കർഷകർ ഒരുങ്ങുന്നത്. നിരവധി കർഷകർ റോളറുകൾ വിറ്റുകഴിഞ്ഞു. ഹാൻഡ്മെയ്ഡ് റോളറുകൾക്ക് 25,000 രൂപ വരെ അടിസ്ഥാനവിലയായി ലഭിക്കും. കൈമറിഞ്ഞുപോകുന്ന റോളറുകൾക്ക് അന്തർസംസ്ഥാനങ്ങളിലാണ് ആവശ്യക്കാർ. വഴിയോരങ്ങളിൽ കരിമ്പ് ജ്യൂസറായും എണ്ണയാട്ടുന്ന പ്രൊപ്പല്ലറായും വലിയ റബർ പ്ലാന്‍റേഷനുകളിലേക്കുമാണ് ഇവയെത്തുന്നത്. രണ്ടേക്കറിന് മുകളില്‍ റബര്‍തോട്ടമുള്ള കര്‍ഷകര്‍ അവരുടെ വീടുകളില്‍തന്നെ ഷീറ്റ് അടിക്കുന്നതിനുള്ള റോളറുകള്‍ സ്ഥാപിച്ചിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി റബര്‍മേഖലയില്‍ സജീവമായിരുന്ന കര്‍ഷകർക്കുപോലും മേഖലയില്‍ പിടിച്ചുനില്‍ക്കാനാവാത്ത സാഹചര്യമാണ്.

റബർപാൽ വീപ്പകളിൽ ശേഖരിച്ച് സ്വകാര്യ കമ്പനികളിലേക്ക് എത്തിച്ചശേഷം കൊഴുപ്പ് അനുസരിച്ചാണ് ലാറ്റക്സിന്‍റെ വില നിശ്ചയിക്കുന്നത്. 156 രൂപയാണ് ലാറ്റക്സിന് ലഭിക്കുന്നത്.

168 രൂപയാണ് ഒരു കിലോ റബർ ഷീറ്റിന് ഇപ്പോൾ കര്‍ഷകന് ലഭിക്കുന്നത്. കൂടിയും കുറഞ്ഞുമാണ് വിപണിയിൽ വില. ഒരു റബർ വെട്ടുന്ന തൊഴിലാളിക്ക് 2.50 രൂപയാണ് ലഭിക്കുന്നത്. 50 വയസ്സിന് മുകളിലുള്ള തൊഴിലാളികൾ ഏറെ കുറവാണ്.

തൊഴിലാളികളുടെ അഭാവവും കാര്‍ഷികമേഖലയിൽ ഏറിവരുന്ന അധികച്ചെലവും റബര്‍ഷീറ്റിന് മതിയായ വില ലഭിക്കാത്തതും കര്‍ഷകർക്ക് തിരിച്ചടിയാണ്. റബര്‍തടിക്ക് ടണ്ണിന്‌ 7000 രൂപ വില ഉണ്ടെങ്കിലും ഇടനിലക്കാരുടെ ഇടപെടല്‍ കാരണം 3000 രൂപയില്‍ കൂടുതല്‍ കര്‍ഷകന് കിട്ടുന്നില്ല.

പ്രതിദിനം അവശ്യസാധനങ്ങൾക്ക് ഉൾപ്പെടെ വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ തുച്ഛമായ കൂലിക്ക് റബര്‍ വെട്ടാന്‍ ആരും തയാറാകുന്നില്ല. പങ്കിന് റബര്‍ വെട്ടുന്നുണ്ടെങ്കിലും എല്ലാ റബര്‍ കര്‍ഷകരും അതിന് തയാറാകുന്നില്ല.

റബര്‍ ബോര്‍ഡ് ആദ്യകാലങ്ങളില്‍ ജില്ലയില്‍ എല്ലാ പ്രദേശങ്ങളിലും റബര്‍ വെട്ടുന്നതിന് ആവശ്യമായ പരിശീലനം നല്‍കിയിരുന്നു. ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെടുന്ന സ്ഥലങ്ങളില്‍ മാത്രമേ പരിശീലനം ലഭ്യമാകുന്നുള്ളൂ.

ഇതോടെ പരിശീലനം ലഭിച്ച തൊഴിലാളികളുടെ അഭാവമുണ്ട്. കൂടാതെ, പുതുതലമുറയിലുള്ളവര്‍ റബര്‍ മേഖലയിലേക്ക് കടന്നുവരുന്നില്ല.

പ്രകൃതിദത്ത അസംസ്‌കൃത റബര്‍ ആഭ്യന്തര വിലയെക്കാള്‍ കുറഞ്ഞ വിലയ്ക്ക് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാറും ടയര്‍ കമ്പനികളും നടത്തുന്നതെന്ന് റബര്‍ കര്‍ഷകര്‍ പറഞ്ഞു. ഇത്തരം റബര്‍ ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയാല്‍ സ്വാഭാവിക റബറിന് വില ലഭിക്കില്ലെന്ന ആശങ്കയിലാണ് കര്‍ഷകര്‍. ലാറ്റക്‌സും നികുതിയില്ലാതെ ഇറക്കുമതി ചെയ്യാനുള്ള നീക്കം നടക്കുന്നുണ്ട്. റബർ കൃഷിയിൽനിന്നുള്ള കർഷകരുടെ പിന്മാറ്റം മധ്യകേരളത്തിന്‍റെ സാമ്പത്തികനിലയെ സാരമായി ബാധിക്കും.

Tags:    
News Summary - Crisis in the rubber sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.