ഒരു പഴത്തിന് കാറിന്റെ മൂല്യം, രുചിക്കാൻ ലക്ഷങ്ങൾ; ഈ സീസണിൽ ‘യുബാരി കിങ് മെലൺ’ വിറ്റുപോയത് റെക്കോഡ് വിലയ്ക്ക്

ഒരു പഴത്തിന് ഒരു ആഡംബര കാറിന്റെ അത്രയും വില! കേൾക്കുമ്പോൾ അവിശ്വസനീയമെന്ന് തോന്നാം. പറയുന്നത് നമ്മുടെ നാട്ടിലെ ഫലത്തെ കുറിച്ചല്ല. ജപ്പാനിലെ പ്രശസ്തമായ ‘യുബാരി കിങ് മെലൺ’ എന്ന ഒരു തരം പഴത്തെക്കുറിച്ചാണ്. വിളവെടുത്ത് മാർക്കറ്റിൽ കൊട്ടയിലാക്കി വിൽക്കുന്ന ഒന്നല്ല ഇത്. അപൂർവങ്ങളിൽ അപൂർവമായി ലഭ്യമാകുന്നതിനാൽ തന്നെ പ്രത്യേകം ലേലം വിളിച്ചാണ് ഈ പഴത്തിന് വില പേശുന്നത്. 2026 മേയിൽ നടന്ന സീസണിലെ ആദ്യ ലേലത്തിൽ രണ്ട് യുബാരി കിങ് മെലണുകൾക്ക് ലഭിച്ചത് 58 ലക്ഷം യെൻ ആയിരുന്നു. അതായത് ഏകദേശം 34 ലക്ഷം ഇന്ത്യൻ രൂപ!

എന്തുകൊണ്ട് ഇത്ര പ്രത്യേകത?

ജപ്പാനിലെ വടക്കൻ ദ്വീപായ ഹൊക്കൈഡോയിലെ ചെറിയ നഗരമായ യുബാരിയിലാണ് ഈ മെലൺ പ്രധാനമായും കൃഷി ചെയ്യുന്നത്. 10,000ൽ താഴെ മാത്രം ജനസംഖ്യയുള്ള നഗരത്തിന്റെ പേരാണ് മത്തങ്ങ ഇനത്തിൽപെട്ട ഈ മെലണിനും. പക്ഷേ, പ്രത്യേകത കാലാവസ്ഥയിൽ മാത്രം ഒതുങ്ങുന്നില്ല. ഓരോ മെലണും ഏറെ ശ്രദ്ധയോടെയാണ് കർഷകർ വളർത്തുന്നത്. ശീതകാലത്ത് ചൂട് നിയന്ത്രിച്ച ഗ്രീൻഹൗസുകളിൽ കൃഷി ആരംഭിക്കും. കായ രൂപപ്പെടുമ്പോൾ അതിനടിയിൽ പ്രത്യേക പായകൾ വയ്ക്കും.

സൂര്യപ്രകാശത്തിന്റെ അളവുപോലും നിയന്ത്രിക്കും. അതികം വെളിച്ചം ലഭിച്ചാൽ പുറംതൊലിയിലെ പ്രസിദ്ധമായ വെള്ളനിറത്തിലുള്ള വലപോലുള്ള പാറ്റേൺ ശരിയായി രൂപപ്പെടില്ല. വെളിച്ചം കുറയുകയാണെങ്കിൽ മധുരവും ബാധിക്കാം. അത്രയേറെ സൂക്ഷ്മതയോടെയാണ് ഹൊക്കൈഡോയിലെ കർഷകർ ഇത് പരിപാലിച്ചെടുക്കുന്നത്. അതുതന്നെയാണ് അതിന്റെ മൂല്യമായി കണക്കാക്കുന്നതും.

 ജപ്പാനിൽ ആഡംബര സമ്മാനമായും കാർഷിക മികവിന്റെ പ്രതീകമായും കണക്കാക്കപ്പെടുന്ന യുബാരി കിങ് മെലണിന്റെ ഏറ്റവും മികച്ച ഇനങ്ങളാണ് സീസണിലെ ആദ്യ ലേലങ്ങളിൽ റെക്കോർഡ് വില നേടുന്നത്. ഒരു മെലൺ യുബാരി കിങ് എന്ന പേരിൽ വിൽക്കപ്പെടുന്നതിന് മുമ്പ് കർശനമായ പരിശോധനകൾക്ക് വിധേയമാകും.

ഭാരം, ആകൃതി, നിറം, മധുരം, പുറംതൊലിയിലെ വലപോലുള്ള പാറ്റേൺ എന്നിവ പരിശോധിക്കും. പാറ്റേൺ ഒരേപോലെയല്ലെങ്കിൽ, ആകൃതി ശരിയായില്ലെങ്കിൽ, മധുരം പ്രതീക്ഷിച്ച നിലവാരത്തിലെത്തിയില്ലെങ്കിൽ മികച്ച ഗ്രേഡിൽ ഇടം ലഭിക്കില്ല. സാധാരണ യുബാരി മെലണുകൾക്ക് ഏകദേശം 4,000 മുതൽ 5,000 യെൻ വരെ വിലയുണ്ടാകാം. എന്നാൽ ഏറ്റവും മികച്ച നിലവാരത്തിലുള്ള മെലണുകൾ സീസണിലെ ആദ്യ ലേലത്തിൽ എത്തുമ്പോൾ വില കുത്തനെ ഉയരും.

വികസിപ്പിച്ചത് ഒരു കർഷക കൂട്ടായ്മ

1960ൽ 17 കർഷകർ ചേർന്ന് രൂപവത്കരിച്ച യുബാരി മെലൺ അസോസിയേഷന്റെ നേതൃത്വത്തിൽ വർഷങ്ങളോളം നടത്തിയ പരീക്ഷണങ്ങളിലൂടെയാണ് ഈ പ്രത്യേക ഹൈബ്രിഡ് മെലൺ വികസിപ്പിച്ചത്. യുബാരി കിങ് ഒരു തലമുറയിൽ മാത്രം പിറന്ന ഇനമാണ്. ഇതിന്റെ വിത്തുകൾ യുബാരിക്ക് പുറത്തേക്ക് വ്യാപകമായി എത്തിക്കാതിരിക്കാനും അതിന്റെ പ്രത്യേകതകൾ സംരക്ഷിക്കാനും ഏറെ ശ്രദ്ധ നൽകുന്നുണ്ട്. 1960കളുടെ മധ്യത്തോടെ യുബാരി ഹൊക്കൈഡോയിലെ പ്രധാന മെലൺ ഉൽപാദനകേന്ദ്രങ്ങളിലൊന്നായി മാറി. 2019ൽ രണ്ട് മെലണുകൾക്ക് ഏകദേശം 45,000 ഡോളർ ലഭിച്ചിരുന്നു. 2026ലും ഉയർന്ന തുകയ്ക്കുള്ള ലേലം തുടർന്നുപോന്നു.

പോഷകത്തിലും മുന്നിൽ, രുചിയിൽ ഗംഭീരം

മധുരത്തിനൊപ്പം ജലാംശവും കൂടുതലുള്ള പഴമാണ് യുബാരി മെലൺ. ഏകദേശം 90 ശതമാനം വെള്ളം അടങ്ങിയിരിക്കുന്ന യുബാരി മെലണിൽ വിറ്റാമിൻ എ, വിറ്റാമിൻ സി, ബീറ്റാ കരോട്ടീൻ, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. യുബാരിയിലെ വാർഷിക മെലൺ ഫെസ്റ്റിവലിൽ ലേലം മാത്രമല്ല, രുചിയറിയൽ പരിപാടികളും മെലൺ കഴിക്കൽ മത്സരങ്ങളും നടക്കുന്നു. മെലണുപയോഗിച്ച് പാർഫെ, സോർബെ, ജെല്ലി, ഐസ്ക്രീം തുടങ്ങിയവയും തയാറാക്കുന്നു. എന്നാൽ യുബാരി കിങിന്റെ യഥാർഥ രുചി അറിയണമെങ്കിൽ അധികം ഒന്നും വേണ്ടെന്നാണ് ആരാധകരുടെ പക്ഷം. നന്നായി തണുപ്പിച്ച് മുറിച്ച്, ഒരു സ്പൂണുമായി നേരിട്ട് കഴിക്കുക.

 ഒരു പഴത്തിന് 34 ലക്ഷം എന്നത് ചിന്തിക്കാൻ സാധിക്കാത്തതായിരിക്കാം. എന്നാൽ, യുബാരി കിങിന്റെ കഥ പറയുന്നത് വിലയെക്കുറിച്ച് മാത്രമല്ല. ഒരു ചെറിയ ജാപ്പനീസ് നഗരത്തിന്റെ കാർഷിക പാരമ്പര്യവും, പതിറ്റാണ്ടുകളായി തുടരുന്ന കർഷകരുടെ സൂക്ഷ്മപരിചരണവും, ഒരു പഴത്തെ ‘പൂർണത’യിലേക്ക് എത്തിക്കാനുള്ള മനുഷ്യന്റെ ശ്രമവുമാണ് ഈ മെലണിനെ ഇത്ര കൗതുകകരമാക്കുന്നത്.

Tags:    
News Summary - Costing as Much as a Car: Yubari King Melons Fetch Record Prices This Season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.