കാഴ്ചയിൽ പ്ലം പോലെ, രുചിയിൽ പേരക്കയും മുന്തിരിയും; പഴവിപണി കീഴടക്കുന്ന ‘ബ്രസീലിയൻ ചെറി’

കാഴ്ചയിൽ പ്ലം പഴത്തിനെ പോലെയിരിക്കും. രുചിയാണെങ്കിൽ പേരയ്ക്കയുടെയും മുന്തിരിയുടെയും സമ്മിശ്ര ടേസ്റ്റ്. ആരോഗ്യ ഗുണങ്ങളിലും കേമൻ. പറഞ്ഞുവരുന്നത് ‘ബ്രസീലിയൻ ചെറി’ എന്നറിയപ്പെടുന്ന ഒരു വിദേശ പഴത്തെ കുറിച്ചാണ്. പേര് ‘ഗ്രൂമിചാമ’. തെക്കൻ ബ്രസീലാണ് ജന്മദേശം. കേരളത്തിലെ കാലാവസ്ഥയിലും നന്നായി വളരുകയും ധാരാളമായി കായ്ക്കുകയും ചെയ്യും. കൃത്യമായ പരിപാലനത്തിലൂടെ വളർത്തിയെടുത്ത് മികച്ച വിളവെടുത്ത് പരീക്ഷണം വിജയിപ്പിച്ച നിരവധി കർഷകർ സംസ്ഥാനത്തുണ്ട്.

നമുക്ക് സുപരിചിതമായ ഗ്രാമ്പുവും പേരയും ചാമ്പക്കയും ഒക്കെ ഉൾപ്പെടുന്ന കുടുംബത്തിലാണ് ഗ്രൂമിച്ചാമയും ഉൾപ്പെടുന്നത്. ‘യൂജിനിയ ബ്രസീലിയൻസിസ്‌’ എന്നാണ് ഈ സസ്യത്തിന്റെ ശാസ്ത്രീയനാമം. വീടുകളിൽ വലിയ ചട്ടികളിലോ ഗ്രോബാഗിലോ വളർത്താൻ ഉചിതമായ സസ്യമാണിത്. സാധാരണ മണ്ണിലിട്ട് വളർത്തിയാൽ 6 മുതൽ 12 മീറ്റർ വരെ ഉയരം വെക്കും. പ്രൂണിങ് ചെയ്ത് വളർത്തിയാൽ 3 മുതൽ 4 മീറ്റർ വരെ ഉയരത്തിൽ നിർത്തി നല്ല കായ്ഫലം തരുന്ന മരമായി വളർത്താനും കഴിയും. തിളങ്ങുന്ന പച്ച ഇലകളും മനോഹരമായ വെളുത്ത പൂക്കളുമുള്ള ഈ ചെടി അലങ്കാരവൃക്ഷമായും വളർത്താറുണ്ട്.

ഒരു വർഷം കൊണ്ട് ഈ ഫലവൃക്ഷം പരമാവധി 30 മുതൽ 60 സെന്റി മീറ്റർ വരെയേ ഉയരത്തിൽ വളരുകയുള്ളു. അതുകൊണ്ടാണ് ഇത് സാവധാന വളർച്ച പ്രാപിക്കുന്ന സസ്യങ്ങളിൽപെട്ടതാണ്. എന്നാൽ പുഷ്പിച്ചുകഴിഞ്ഞാൽ വെറും 4 ആഴ്ച കൊണ്ട് കായ്കളുണ്ടായി വിളവെടുക്കാൻ പാകമാകും. കായ്കൾ ആദ്യം പച്ച നിറത്തിലും, പിന്നീട് ചുവപ്പും, നന്നായി പഴുക്കുമ്പോൾ തിളങ്ങുന്ന കടും പർപ്പിൾ അല്ലെങ്കിൽ കറുപ്പ് നിറത്തിലുമായി മാറും. ഇതിന്റെ ഉൾക്കാമ്പ് മഞ്ഞ കലർന്ന വെള്ള നിറത്തിലാണ് കാണപ്പെടുന്നത്. സാധാരണ ചെറിപ്പഴത്തിലുള്ളത് പോലെ രണ്ടോ മൂന്നോ ചെറിയ വിത്തുകളും ഉണ്ടാകും. കറുപ്പുനിറമുള്ള പഴങ്ങൾക്ക് ചെറി പഴങ്ങളോട് സമാനമായ നല്ല മധുരവും നേരിയ പുളിയും ഉണ്ടാകും. നല്ല മധുരവും നേരിയ പുളിയും കലർന്നതാണ് ഇതിന്റെ ഉൾക്കാമ്പ്. പച്ചയോ ഇളംചുവപ്പോ നിറമുള്ള കായ്കൾ പാകമാകാത്തവയാണ്. ഇവ പച്ച ചുവയും നേരിയ പുളിയും നൽകുന്നവയാണ്.

കറുത്ത ഗ്രൂമിചാമ

അതുപോലെതന്നെ, ഒട്ടേറെ ആരോഗ്യഗുണങ്ങളുണ്ട് ഈ ബ്രസീലിയൻ പഴത്തിന്. ഗ്രൂമിചാമയിൽ വിറ്റാമിൻ സി, വിറ്റാമിൻ ബി3 (നിയാസിൻ), ഫോസ്ഫറസ്, ഫൈബർ, ആന്റി ഓക്‌സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് എല്ലുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. കറുത്ത ഗ്രൂമിചാമ, ചുവന്ന ഗ്രൂമിചാമ, മഞ്ഞ ഗ്രൂമിചാമ എന്നിങ്ങനെ ഇനങ്ങളും ഇന്ന് മാർക്കറ്റുകളിൽ ലഭ്യമാണ്. നേരിട്ട് പഴമായി കഴിക്കാൻ വളരെ നല്ലതാണ്. കൂടാതെ ജാം, ജെല്ലി, വൈൻ, പൈ എന്നിവ ഉണ്ടാക്കാനും വ്യാപകമായി ഗ്രൂമിചാമ പല രാജ്യങ്ങളിലും ഉപയോഗിക്കുന്നു.

Tags:    
News Summary - The ‘Brazilian Cherry’ Conquering the Fruit Market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.